പറക്കുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണു; രക്ഷകനായി ‘യാത്രക്കാരൻ പൈലറ്റ്’! വിമാനം ആകാശത്ത് പറന്നത്‌ ഒന്നേകാല്‍ മണിക്കൂറോളം…

വാഷിങ്ടണ്‍: പറക്കുന്നതിനിടെ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണതിനെ തുടർന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ സഹായിച്ച് യാത്രക്കാരിലൊരാളായ പൈലറ്റ്.

വിമാനത്തിൽ യാത്ര ചെയ്ത മറ്റൊരു കമ്പനിയുടെ പൈലറ്റ് സമയോചിതമായി ഇടപെടുകയായിരുന്നു. വിമാനം യു.എസിലെ ലാസ് വേഗസില്‍നിന്ന് ഒഹിയോയിലെ കൊളമ്പസിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

യാത്ര മധ്യേ പൈലറ്റിലൊരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളതിനാൽ വിമാനം ലാസ് വേഗസില്‍ അടിയന്തരമായി ഇടക്കാൻ തീരുമാനിച്ചു.

ഇതിനിടെ പൈലറ്റ് കുഴഞ്ഞുവീണു. ഇതോടെ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന അവധിയിലുണ്ടായിരുന്ന പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളിന്‍റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.

സഹ പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണവും ഏറ്റെടുത്തു. ഒന്നേകാല്‍ മണിക്കൂറോളം വിമാനം ആകാശത്ത് പറന്നിരുന്നു. തുടര്‍ന്നാണ് തിരിച്ചിറക്കിയത്.

പൈലറ്റിന് സൗത്ത് വെസ്റ്റ് എയർലൈൻസ് നന്ദിയറിയിച്ചു. പകരം പൈലറ്റുമാരെത്തി പിന്നീട് വിമാനം കൊളംബസിലേക്കു കൊണ്ടുപോയി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എഫ്.എ.എ (ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍) അറിയിച്ചു.

Related posts

Leave a Comment