വോ​ളി​ബോ​ളി​നോ​ടൊ​പ്പം ജീ​വി​ച്ച കെ​ജി…


ക​​ട്ട​​പ്പ​​ന: ഇ​​ന്ത്യ​​ൻ വോ​​ളി​​ബോ​​ളി​​നും സം​​സ്ഥാ​​ന വോ​​ളി​​ബോ​​ളി​​നും ജീ​​വ​​ര​​ക്തം ന​​ൽ​​കി ഒ​​പ്പം ജീ​​വി​​ച്ച കെ​​ജി എ​​ന്ന കെ.​​ജി. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ ഇ​നി ഓ​ർ​മ​ച്ചി​ത്രം. ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ നി​​ര്യാ​​ത​​നാ​​യ കെ​​ജി​​യു​​ടെ മൃ​​ത​​ദേ​​ഹം ഇ​​ന്നു ര​​ണ്ടി​​ന് കാ​​ഞ്ഞാ​​ർ കു​​ന്ന​​ത്താ​​നി​​ക്ക​​ൽ വീ​​ട്ടു​​വ​​ള​​പ്പി​​ൽ സം​​സ്ക​​രി​​ക്കു​​ന്പോ​​ൾ സം​​സ്ഥാ​​ന വോ​​ളി​​ബോ​​ളി​​ന്‍റെ ഒ​​രു​​ യു​​ഗം അ​​വ​​സാ​​നി​​ക്കു​​ക​​യാ​​ണ്.

അ​​ര​ നൂ​​റ്റാ​​ണ്ടോ​​ളം വോ​​ളി​​ബോ​​ളി​​നൊ​​പ്പം ജീ​​വി​​ച്ചു മ​​രി​​ച്ച കെ​​ജി ക​​ളി​​ക്കാ​​ര​​നും സം​​ഘാ​​ട​​ക​​നും വി​​ധി​​ക​​ർ​​ത്താ​​വും ഒ​​ക്കെ​​യാ​​യി​​രു​​ന്നു. ക​​ള​​ത്തി​​ലെ ക​​ളി​​യ​​റി​​യാ​​തെ ക​​ള​​ത്തി​​നു​​പു​​റ​​ത്തു ക​​ളി​​ച്ചു ക​​ളി​​യു​​ടെ രാ​​ജാ​​ക്ക​​ന്മാ​​രാ​​യ​​വ​​ർ​​ക്ക് അ​​പ​​വാ​​ദ​​മാ​​യി​​രു​​ന്നു ഈ ​​മു​​ൻ സം​​സ്ഥാ​​ന ടീം ​​ക്യാ​​പ്റ്റ​​ൻ. വോ​​ളിബോ​​ൾ ക​​ളി​​ച്ചാ​​ണ് ഇ​​ദ്ദേ​​ഹം വോ​​ളി​​ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ന്‍റെ​​യും അ​​സോ​​സി​​യേ​​ഷ​​ന്‍റെ​​യും അ​​മ​​ര​​ത്തെ​​ത്തി​​യ​​ത്.

പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രി​​ക്കെ 1956-ലെ ​​ഇ​​ന്‍റ​​ർ യൂ​​ണി​​വ​​ഴ്സി​​റ്റി ചാ​​ന്പ്യ​​ൻ​​ഷി​​പ്പു നേ​​ടി​​യ ട്രാ​​വ​​ൻ​​കൂ​​ർ യൂ​​ണി​​വ​​ഴ്സി​​റ്റി ടീ​​മി​​ൽ അം​​ഗ​​മാ​​യാ​ണു ശ്ര​​ദ്ധേ​​യ​​നാ​​യ​​ത്. 58-59ലെ ​​യൂ​​ണി​​വ​​ഴ്സി​​റ്റി ക്യാ​​പ​​റ്റ​​നു​​മാ​​യി​​രു​​ന്നു. 1959ൽ ​​ജം​​ഷ​​ഡ്പുർ ദേ​​ശീ​​യ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള ടീം ​​ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്നു.

വോ​​ളി​​ബോ​​ളി​​ലെ അ​​തി​​കാ​​യ​ന്മാ​​രാ​​യി​​രു​​ന്ന പ​​പ്പ​​ൻ എ​​ന്ന ടി.​​ഡി. ജോ​​സ​​ഫ്, കു​​ട്ട​​പ്പ​​ൻ, മു​​കു​​ന്ദ​​ൻ, സ്വാ​​മി​​ദാ​​സ്, വ​​ഹീ​​ദ്, പ്ര​​സ​​ന്ന​​കു​​മാ​​ർ, ശി​​വ​​ൻ​​പി​​ള്ള, അ​​ബ്ദു​​ൾ റ​​ഹ്മാ​​ൻ, സ​​ണ്ണി എ​​ന്നി​​വ​​രൊ​​ക്കെ കെ​​ജി​​യു​​ടെ സ​​ഹ​​ക​​ളി​​ക്കാ​​രാ​​യി​​രു​​ന്നു. നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സ്പോ​​ർ​​ട്സി​​ൽ​​നി​​ന്നു ഡി​​പ്ലോ​​മ​​യും ബി​​പി​​എ​​ഡും പാ​​സാ​​യി ദീ​​ർ​​ഘ​​നാ​​ൾ കോ​​ച്ചാ​​യും പ്ര​​വ​​ർ​​ത്തി​​ച്ച ​ശേ​​ഷ​​മാ​​ണു വോ​​ളി​​ബോ​​ൾ സം​​ഘ​​ട​​നാ നേ​​തൃ​​ത്വ​​ത്തി​​ലേ​​ക്ക് എ​​ത്തി​​യ​​ത്.

1973ൽ ​​ഇ​​ടു​​ക്കി ജി​​ല്ലാ വോ​​ളി​​ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ രൂ​​പീ​​ക​​രി​​ച്ച​​പ്പോ​​ൾ പ്ര​​ഥ​​മ സെ​​ക്ര​​ട്ട​​റി​​യാ​​യി. 1980ൽ ​​സം​​സ്ഥാ​​ന വോ​​ളി​​ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി​​യാ​​യി. വോ​​ളി​​ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​യാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചു. ഇ​​ടു​​ക്കി ജി​​ല്ലാ സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യും ദീ​​ർ​​ഘ​​നാ​​ൾ പ്ര​​വ​​ർ​​ത്തി​​ച്ചു.

ജി​​മ്മി ജോ​​ർ​​ജ്, എ​​സ്. ഗോ​​പി​​നാ​​ഥ്, ഉ​​ദ​​യ​​കു​​മാ​​ർ, സി​​റി​​ൾ സി. ​​വെ​​ള്ളൂ​​ർ, അ​​ബ്ദു​​ൾ റ​​സാ​​ക്, ഡാ​​നി​​ക്കു​​ട്ടി ഡേ​​വി​​ഡ്, എം. ​​ഉ​​ല്ലാ​​സ് എ​​ന്നി​​വ​​രൊ​​ക്കെ കേ​​ര​​ള ടീ​​മി​​നു​ വേ​​ണ്ടി ജഴ്സി അ​​ണി​​ഞ്ഞ​​ത് കെ.​​ജി. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ അ​​സോ​​സി​​യേ​​ഷ​​ന്‍റെ സാ​​ര​​ഥി​​യാ​​യി​​രു​​ന്ന​​പ്പോ​​ഴാ​​യി​​രു​​ന്നു. അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ മൂ​​ല​​മ​​റ്റം ഗ​​വ. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ​​നി​​ന്ന് 1992ൽ ​​പ്രി​​ൻ​​സി​​പ്പ​​ലാ​യി വി​​ര​​മി​​ച്ചു.വോ​​ളി​​ബോ​​ളി​​ന്‍റെ പ്രൗ​​ഢി ഇ​​ന്നും നി​​ല​​നി​​ർ​​ത്തു​​ന്ന കാ​​ഞ്ഞാ​​ർ വി​​ജി​​ല​​ന്‍റ് ക്ല​​ബ്ബി​​ന്‍റെ സ്ഥാ​​പ​​ക​​രി​​ൽ പ്ര​​ധാ​​നി​​യാ​​യി​​രു​​ന്നു.

കെ.​​എ​​സ്. ഫ്രാ​​ൻ​​സി​​സ്

Related posts