തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാൾ ചികിത്സയിൽ കഴിയുന്നതിനിടെ യാണ് അന്ത്യം സംഭവിച്ചത്.
ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ച അദ്ദേഹം ചെറുപ്പം മുതലെ പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
നാലു വയസുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദന്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്.
1986 മുതൽ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ പാർട്ടി കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം നിയമസഭയിലെ (2006-2011) മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി രാജിവച്ച് 2020 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വി.എസ് തിരുവനന്തപുരത്തെ വസതിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ: കെ.വസുമതി. മക്കൾ: വി.എ.അരുൺകുമാർ, ഡോ. വി.വി.ആശ
വിപ്ലവ സൂര്യന് വിട: വി. എസ്. അച്യുതാനന്ദൻ അന്തരിച്ചു; നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനം; പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം; സംസ്കാരം ആലപ്പുഴ വലിയ ചുടുകാട്ടിൽ
