കൊച്ചി: സംസ്ഥാനത്തെ സ്കൂള് വിദ്യാര്ഥികളുടെ മാനസികാരോഗ്യം സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന് ഗവേഷണ പഠനത്തിനൊരുങ്ങുന്നു. കുടുംബത്തിലെ വിയോജിപ്പ്, മാതാപിതാക്കളിലെ തൊഴില് സമര്ദം, സാങ്കേതിക വികാസം, സോഷ്യല് മീഡിയയുടെ അമിതോപയോഗം, അധ്യാപക വിദ്യാര്ഥി ബന്ധത്തിലെ മാറ്റങ്ങള് എന്നിവ ഇന്ന് കുട്ടികളുടെ മാനസികാരോഗ്യത്തെയും വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ഇത്തരത്തിലൊരു ഗവേഷണ പഠന പദ്ധതിക്കൊരുങ്ങുന്നത്. ഇതിനായി ഒരു ജില്ലയില്നിന്നും 10 വീതം സ്കൂള് കൗണ്സലര്മാരെ തെരഞ്ഞെടുത്ത് സംസ്ഥാനതലത്തില് 140 പേര്ക്ക് ദ്വിദിന പരിശീലനം നല്കി കഴിഞ്ഞു. ഇവരായിരിക്കും വിവരശേഖരണം നടത്തുന്നത്.
കുട്ടികളുടെ പെരുമാറ്റ ശൈലി, അധ്യയന നിലവാരം എന്നിവയെ ബാധിക്കുന്ന പ്രധാന കാരണങ്ങള് കണ്ടെത്തുക, സ്കൂള് ഭരണ സമിതിയുടെ വീക്ഷണങ്ങള് ശേഖരിക്കുക, അധ്യാപകരും മാതാപിതാക്കളും കുട്ടികളെ സമീപിക്കുന്ന രീതികളില് എന്ത് മാറ്റങ്ങള് വന്നിരിക്കുന്നുവെന്ന് പഠിക്കുക, കുടുംബജീവിതത്തിലെ മാറ്റങ്ങള് കുട്ടികളില് എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് വിലയിരുത്തുക എന്നിവയാണ് പഠന ലക്ഷ്യങ്ങള്.
13 മുതല് 15 വയസുവരെയുള്ള വിദ്യാര്ഥികള്, അവരുടെ മാതാപിതാക്കള്, അധ്യാപകര്, പ്രഥമാധ്യാപകര് എന്നിവരെയാണ് പഠനത്തിന്റെ ഭാഗമാക്കുന്നത്. 14 ജില്ലകളിലെ റൂറല്, അര്ബന്, തീരദേശം, ട്രൈബല് എന്നിങ്ങനെ 10 സ്കൂളുകളില്നിന്നും വിവരശേഖരണം നടത്തും. ഇങ്ങനെ 14 ജില്ലകളില്നിന്നും 100 വിദ്യാര്ഥികളെ ഉള്പ്പെടുത്തി 1,400 വിദ്യാര്ഥികളുടെ സര്വേ, 1,400 മാതാപിതാക്കളുടെ അഭിമുഖം, ഓരോ ജില്ലകളില്നിന്നും 20 അധ്യാപകരെ ഉള്പ്പെടുത്തി 280 അധ്യാപകരുടെ ഫോക്കസ് ഗ്രൂപ്പ് ചര്ച്ച, അഞ്ച് അധ്യാപകരെ വീതം ഉള്പ്പെടുത്തി 70 പ്രഥമാധ്യാപകരുടെ അഭിമുഖം എന്നിങ്ങനെ 3,150 പേരുടെ സാമ്പിളാണ് പഠനത്തിനായി ശേഖരിക്കുന്നത്.
നിലവില് തയാറാക്കിയിട്ടുള്ള ചോദ്യാവലി പ്രകാരം എട്ടു മുതല് പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികളെ നേരില് കണ്ട് സംസാരിച്ച് സ്കൂള് കൗണ്സലര്മാര് അഭിപ്രായം ഫോമില് രേഖപ്പെടുത്തണം. രക്ഷിതാക്കളോട് ഫോണില് സംസാരിച്ച് വിവരങ്ങള് ശേഖരിക്കാം. കുട്ടികള്ക്കുള്ള ചോദ്യാവലിയില് 50 ചോദ്യങ്ങളും മാതാപിതാക്കള്ക്ക് 45 ചോദ്യങ്ങളുമാണ് തയാറാക്കിയിരിക്കുന്നത്. ഈ പഠനത്തിലൂടെ സമകാലീന സാമൂഹിക പശ്ചാത്തലത്തില് കുട്ടികള് നേരിടുന്ന പ്രധാന പ്രശ്നങ്ങള് തിരിച്ചറിയുന്നതിനോടൊപ്പം അതിന്റെ കാരണങ്ങള് കണ്ടെത്താനുമാണ് കമ്മീഷന്റെ ലക്ഷ്യം.