രണ്ട് വയസുകാരന്റെ കാലും കയ്യും മാതാവും അടുപ്പക്കാരനും തല്ലിയൊടിച്ചു, കുറ്റം പാവം ഭര്‍ത്താവിന്റെ തലയില്‍ വച്ചുകെട്ടി, സത്യം പുറത്തു വന്നത് പാസ്റ്ററിന്റെ വെളിപ്പെടുത്തല്‍, വൈപ്പിനില്‍ ഹസീനയും കൊച്ചുകാമുകനും കുടുങ്ങിയത് ഇങ്ങനെ

vypinമാതാവും അടുപ്പക്കാരനായ യുവാവും ചേര്‍ന്ന് രണ്ടു വയസുള്ള ബാലന്റെ കാലും കയ്യും തല്ലിയൊടിച്ചശേഷം പോലീസിനെ തെറ്റിദ്ധരിപ്പിച്ച് പിതാവിനെ പ്രതിയാക്കി കേസെടുപ്പിച്ച സംഭവത്തില്‍ സത്യം പുറത്തുവന്നു. ഭര്‍ത്താവിനെ ഒളിവിലാക്കി സുഖജീവിതം നയിച്ച 33കാരിയും 26കാരന്‍ കാമുകനും ഒടുവില്‍ അഴിക്കുള്ളിലുമായി. എറണാകുളം വൈപ്പിനിലാണ് സംഭവം. എടവനക്കാട് കരിപ്പാലപ്പറമ്പില്‍ ഹസീന (33), നായരമ്പലം അറക്കല്‍ ഡെന്നി (26) എന്നിവരാണ് റിമാന്‍ഡിലായത്. ജുവനൈല്‍ ആക്ടും ഐപിസി 326ാം വകുപ്പുമാണ് പോലീസ് ചുമത്തിയിട്ടുള്ളത്.

കുട്ടിയുടെ പിതാവായ എടവനക്കാട് കരിപ്പായിപ്പറമ്പില്‍ നസീറിനെ കേസില്‍ നിന്നും ഒഴിവാക്കി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആറിനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഹസീനയും ഡെന്നിയും കാലും കയ്യും ഒടിഞ്ഞ കുട്ടിയെയും കൊണ്ട് ചികിത്സക്കായി എത്തി. തയ്യല്‍ മെഷ്യനില്‍ നിന്നും വീണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ ഡോക്ടറുടെ പരിശോധനയില്‍ അടിയേറ്റാണ് എല്ല് ഒടിഞ്ഞതെന്നും പഴക്കമുള്ള ഒടിവാണെന്നും തെളിഞ്ഞു. ഡോക്ടര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് എത്തി മാതാവിന്‍റെ മൊഴിയെടുത്തപ്പോള്‍ പിതാവായ നസീര്‍ തല്ലിയെന്നാണ് പറഞ്ഞത്. കൂടെ സഹോദരന്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ഡെന്നിയും ഇതേ മൊഴി നല്‍കി.

നസീര്‍ വീടും നോക്കാറില്ലെന്നും വല്ലപ്പോഴുമൊക്കെ വീട്ടില്‍ വരുകയുള്ളെന്നും പറഞ്ഞതോടെ പോലീസ് നസീറിനെ പ്രതിയാക്കി കേസെടുത്തു. ഇതേ തുടര്‍ന്ന് നസീര്‍ മുങ്ങി. നസീറിന്റെ വിലാസം ചോദിച്ചപ്പോള്‍ കോഴിക്കോടുള്ള ഒരു വ്യാജവിലാസമാണ് ഹസീന പോലീസിനു നല്‍കിയത്. ഇതിനിടെ ഒളിവില്‍ കഴിഞ്ഞിരുന്ന നസീറിനെ ഡെന്നി ഭയപ്പെടുത്തി. നാട്ടിലേക്ക് വന്നാല്‍ പോലീസ് അറസ്റ്റചെയ്ത് ജയിലാക്കുമെന്നും ഭാര്യയേയും മകളെയും ഞാന്‍ നോക്കിക്കൊള്ളാമെന്നും പറഞ്ഞു. പിന്നീട് മാസം തോറും ഇയാള്‍ നസീറില്‍ നിന്നും 3000 രൂപ വാങ്ങി ഹസീനയ്‌ക്കൊപ്പം സുഖമായി കഴിഞ്ഞു വരുകയായിരുന്നു. നായരമ്പലത്തുള്ള വാടക വീട്ടില്‍ ഡെന്നിയുടെ ഭാര്യയും ഹസീനയും കുഞ്ഞും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഡെന്നിയുടെ ഭാര്യ ആശുപത്രിയില്‍ കിടന്നപ്പോഴാണ് ഹസീനയും കുടുംബവുമായി ഡെന്നി പരിചയപ്പെടുന്നത്. ഡെന്നിക്ക് ചില പാസ്റ്റര്‍മാരുമായും ബന്ധമുണ്ടായിരുന്നു. കുട്ടിയുടെ കാലൊടിഞ്ഞത് പറഞ്ഞ് പാസ്റ്റര്‍മാരോടും ഇയാള്‍ പണപ്പിരിവു നടത്തിയിട്ടുണ്ടെന്ന് അയല്‍ക്കാര്‍ രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറഞ്ഞു. ഇതിനിടെ ഹസീനയും ഡെന്നിയും തമ്മിലുള്ള ബന്ധത്തില്‍ സംശയം തോന്നിയ ഒരു പാസ്റ്റര്‍ പോലീസിനെ സമീപിച്ചു നല്‍കിയ വിവരങ്ങളാണ് കേസ് വീണ്ടുമന്വേഷിക്കാന്‍ പോലീസ് നിര്‍ബന്ധിതമായത്.

കോഴിക്കോട് മേഖലയില്‍ അന്വേഷണം നടത്തിയപ്പോള്‍ നസീറിന്റെ വിലാസം വ്യാജമാണെന്ന് പോലീസിനു വ്യക്തമായതോടെ ഹസീനയേയും, ഡെന്നിയുടെ ഭാര്യയേയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സത്യം തുറന്ന് പറഞ്ഞത്. കുട്ടിയുടെ കയ്യും കാലും തല്ലിയൊടിച്ചത് ഹസീനയും ഡെന്നിയും ചേര്‍ന്നാണെന്ന് ഡെന്നിയുടെ ഭാര്യ മൊഴി നല്‍കി. ഡെന്നിയും ഹസീനയും തമ്മിലുള്ള ബന്ധം അറിയാമായിരുന്നെങ്കിലും നിവൃത്തികേടുകൊണ്ട് സഹിച്ചു പോരുകയായിരുന്നുവെന്നും ഡെന്നിയുടെ ഭാര്യ പോലീസിനനോട് പറഞ്ഞു. പിന്നീട് ഡെന്നിയെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റ സമ്മതം നടത്തി. ഞാറക്കല്‍ എസ് ഐ ആര്‍. രഗീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും.

Related posts