വിമന്‍ ഇന്‍ സിനിമ കളക്ടീവിനുള്ള കൊട്ടായി അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ വനിതാ പ്രാതിനിധ്യം! നാമനിര്‍ദേശം ചെയ്തതിനു തൊട്ടുപിന്നാലെ നടി ശ്വേതാ മേനോന് അഞ്ജാത ഫോണ്‍കോളും ഭീഷണി സന്ദേശവും

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഇത്തവണ വനിതാ പ്രാതിനിധ്യം. നടിമാരില്‍ നാലുപേരാണ് ഇത്തവണ എക്‌സിക്യൂട്ടിവ് കമ്മറ്റിയില്‍ അംഗങ്ങളാകുക. ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാണത്.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ്, ഇന്ദ്രന്‍സ്, ടിനി ടോം സുധീര്‍ കരമന തുടങ്ങി പുതുമുഖങ്ങള്‍ എത്തിയേക്കും. പഴയ അംഗങ്ങളില്‍ ആസിഫ് അലി തുടരും. മലയാളസിനിമയിലെ വനിതാകൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിച്ച ശേഷം ഏറെ വിവാദങ്ങള്‍ മലയാളസിനിമാരംഗത്ത് ഉടലെടുത്തിരുന്നു.

അമ്മ കൂട്ടായ്മയില്‍ വനിതാ പ്രതിനിധികള്‍ കുറവാണെന്നും സ്ത്രീകളെന്ന നിലയിലുള്ള തങ്ങളുടെ പല അവകാശങ്ങളും ലഭ്യമാകുന്നില്ലെന്നും തങ്ങളുടെ പ്രശ്‌നങ്ങള്‍ അമ്മയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും പറയാതെ പറഞ്ഞായിരുന്നു വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് ഒരുപറ്റം നടിമാര്‍ ചേര്‍ന്ന് രൂപം കൊടുത്തത്.

വിമന്‍ ഇന്‍ സിനിമ കളക്ടീവിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ അമ്മയിലെ വനിതാ പ്രതിനിധികളുടെ എണ്ണത്തില്‍ വരുത്തിയിരിക്കുന്ന വര്‍ധനവ് അവര്‍ക്കിട്ടുള്ള കൊട്ടാണെന്നും വിലയിരുത്തലുകളുണ്ട്.

അതേസമയം സിനിമാരംഗത്ത് അവരോടൊപ്പം പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം സ്ത്രീകളും കൂട്ടായ്മയില്‍ അംഗമാകാന്‍ താത്പര്യപ്പെട്ടില്ലെന്ന് മാത്രമല്ല, പലരും വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ കുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ വിവാദങ്ങളെയൊക്കെ നിഷ്പ്രഭമാക്കുന്ന തീരുമാനങ്ങളാകും അമ്മയുടെ ജനറല്‍ ബോഡിയില്‍ ഉണ്ടാകുക എന്നും സൗഹൃദാന്തരീക്ഷത്തില്‍ കൂട്ടായ്മയുടെ നേര്‍ക്കാഴ്ചയാകും സംഘടനയില്‍ ഉണ്ടാകുകയെന്നും അമ്മയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ ‘അമ്മ’യുടെ നിര്‍വാഹകസമിതി അംഗമായി ശ്വേത മേനോനെ നാമനിര്‍ദേശം ചെയ്തതിനു പിന്നാലെ തനിക്ക് അഞ്ജാത ഫോണ്‍കോളുകളും സന്ദേശങ്ങളും വരുന്നതായി ശ്വേത പരാതിപ്പെട്ടു. ഞായറാഴ്ച രാവിലെ മുതല്‍തന്നെ പലരും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ശ്വേത സൈബര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. നിങ്ങളുടെ മേഖലയിലുള്ളവര്‍ നിങ്ങളെ ഇല്ലാതാക്കും എന്നായിരുന്നു സന്ദേശം. തുടര്‍ന്ന് പലരും ഇവരെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. ഇതിനുശേഷമാണ് ഭീഷണികോളുകള്‍ വരാന്‍ തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.

തന്റെ രണ്ടു നമ്പറിലേക്കും കോളുകള്‍ വന്നിരുന്നുവെന്നും അതിനാല്‍ എല്ലാം അറിയാവുന്ന ആള്‍ തന്നെയാകും ഇതിനു പിറകിലെന്നും ശ്വേത സംശയം പ്രകടിപ്പിച്ചിരുന്നു. വിളിച്ച നമ്പര്‍ പിന്തുടര്‍ന്ന് ഭീഷണി മുന്നറിയിപ്പ് നല്‍കിയ ആളെ പോലീസ് വിളിച്ചു വരുത്തി. താന്‍ ഉപദേശിക്കാന്‍ വിളിച്ചതാണെന്നായിരുന്നു ഇയാള്‍ പോലീസിന് നല്‍കിയ വിശദീകരണം. തത്കാലം കേസ് വേണ്ടെന്ന് ശ്വേതയുടെ കുടുംബം നിലപാടെടുത്തതോടെ പോലീസ് ഇയാളെ വിട്ടയച്ചു.

Related posts