കുറ്റപത്രവും ഉള്ളടക്കവും ചര്‍ച്ചചെയ്യപ്പെടുന്നതില്‍ നടിയ്ക്ക് പരാതിയില്ലേ! ഡബ്ലുസിസിയും സ്ത്രീസുരക്ഷാ അപ്പസ്‌തോല ചേച്ചിമാരും എവിടെ? അഡ്വ സംഗീത ലക്ഷ്മണ ചോദിക്കുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതുമുതല്‍ ഈ വിഷയത്തില്‍ പ്രതികരണങ്ങളുമായി ആളുകള്‍ രംഗത്തെത്തി തുടങ്ങി. ദിലീപിനെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പേ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ പോലീസ് നടപടി ഗുരുതരമായ തെറ്റാണെന്ന് ആരോപിച്ചുകൊണ്ട് അഭിഭാഷക സംഗീത ലക്ഷ്മണയാണ് ഏറ്റവും പുതുതായി രംഗത്തെത്തിയിരിക്കുന്നത്. ഈ കേസില്‍ രഹസ്യവിചാരണയാണ് നിയമം അനുശാസിക്കുന്നതെന്നും അങ്ങനെയുള്ള സാഹചര്യത്തില്‍ കുറ്റപത്രവും അതിന്റെ ഉള്ളടക്കവും പരസ്യപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നുമാണ് സംഗീത പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു സംഗീതയുടെ പ്രതികരണം. സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

നടന്‍ ദിലീപിനെതിരെ കുറ്റപത്രം. കേള്‍ക്കുമ്പോള്‍ ഞെട്ടണം. ശരി.. ഒക്കെ, ഞെട്ടി എന്നാല്‍ സംശയം ഇതാണ്, കുറ്റപത്രം കുറ്റപത്രം എന്ന് ചുമ്മാതങ്ങ് പറഞ്ഞാ മതിയോ? ഈ പറയുന്ന കുറ്റപത്രം പൊലീസ് കൊണ്ടു പോയി സമര്‍പ്പിക്കുന്ന കോടതി ഇത് കാണുക, അംഗീകരിക്കുക, ഫയലില്‍ സ്വീകരിക്കുക എന്നൊക്കെ പറയുന്ന ചില ചടങ്ങുകള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ള ക്രിമിനല്‍ നടപടി ക്രമം അഥവാ Cr.P.C അനുശാസിക്കുന്നത്. അത്രയും കഴിയുമ്പോള്‍ മാത്രമാണ് അത് കുറ്റപത്രമാവുക. എന്റെ അറിവ് അതാണ്. എന്റെ അനുഭവജ്ഞാനവും അത് തന്നെയാണ്.

ഇതിനൊക്കെ മുന്‍പ്, ഈ കുറ്റപത്രം പരിഗണിക്കേണ്ടുന്ന കോടതിയിലെ ന്യായാധിപന്‍ ഇത് കാണുന്നതിന് മുന്‍പ് പൊലീസ് എന്തിനാണ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തത്? ഈ കേസ് വിചാരണയ്ക്ക് എത്തുന്ന കോടതിയിലെ ജഡ്ജിയുടെ അധികാരങ്ങളെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തിയാണ് പൊലീസ് അന്വേഷണ സംഘം ഈ ചെയ്തത്. യുവനടി ആക്രമിക്കപ്പെട്ട കേസില്‍ രഹസ്യവിചാരണയാണ് നിയമം അനുശാസിക്കുന്നത്. ആ വഴിക്ക് കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു എന്നൊരു വാര്‍ത്ത വായിച്ചതായി ഓര്‍മ്മിക്കുന്നു. അങ്ങനെയെങ്കില്‍, താന്‍ റേപ്പ് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കോടതി പരിഗണിച്ച്, വിചാരണ നടത്തി തീര്‍പ്പ് കല്‍പ്പിക്കേണ്ടുന്ന കുറ്റപത്രവും അതിന്റെ ഉള്ളടക്കവും പരസ്യപ്പെടുത്തുന്നതില്‍, പരസ്യമായി ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ നമ്മുടെ യുവനടിക്ക് പരാതിയൊന്നുമില്ലേ?

ചര്‍ച്ച ചെയ്യപ്പെടണം. ഇതും ചര്‍ച്ച ചെയ്യപ്പെടണം. എവിടെ WCC? എവിടെ നമ്മുടെ വനിതാ സംഘടനകള്‍? സ്ത്രീ സുരക്ഷാ അപ്പോസ്ത്തല ചേച്ചിമാര്‍ എവിടെ? ഇങ്ങനെ മിണ്ടാതിരുന്നാല്‍ എങ്ങനാ? എല്ലാരും കൂടി ഒന്നിറങ്ങി വാ, വന്നു നിന്ന് ഇതൊന്ന് പൊലിപ്പിക്ക്. വരൂ, കടന്നു വരൂ.. പ്ലീസ്. രാവിലെ കുറച്ചധികം തിരക്കുണ്ട്. ഓഫീസില്‍ പോകണം. വിവിധ കോടതികളില്‍ കേസുകളുണ്ട്. അവിടെയെല്ലാം ഓടി എത്തണം. അതൊക്കെ ഒതുക്കിയെടുത്ത ശേഷം പിന്നെയും ഓഫിസില്‍. ഇന്നത്തെ ജോലികള്‍ തീര്‍ത്തശേഷം വന്നു ഞാന്‍ ബാക്കി കൂടി എഴുതാന്‍ ശ്രമിക്കാം. പറയാനുണ്ട്. ഇനിയും പറയാനുണ്ട്.

Related posts