കോവിഡ് വാര്‍ഡിന്റെ വരാന്ത വിവാഹപന്തലായി ! അഭിരാമിയെ താലിചാര്‍ത്തി ശരത്ത്; ഒരു കോവിഡിനെയും തോല്‍പ്പിച്ച ഒരു വിവാഹത്തിന്റെ കഥ…

കോവിഡ് വാര്‍ഡിന്റെ വരാന്ത കതിര്‍മണ്ഡപമായപ്പോള്‍ അഭിരാമിയും ശരതും ഒന്നായി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയാണ് ഇന്നലെ കുറച്ചുസമയം വിവാഹവേദിയായത്.

കൈനകരി കുപ്പപ്പുറം ഓണംപള്ളി ശശിധരന്‍ -ജിജി ദമ്പതികളുടെ മകന്‍ ശരത് മോനും വടക്കനാര്യാട് പ്ലാംപറമ്പില്‍ അഭിരാമി(ശ്രീകുട്ടി)യുമായുള്ള വിവാഹമാണ് ആചാരപ്രകാരം താലികെട്ട് ചടങ്ങായി ആശുപത്രിയില്‍ നടത്തിയത്.

ഇരുവരുടെയും വിവാഹം ഇന്നലെ 12 നും 12.15 നുമിടയില്‍ വധു ഗൃഹത്തില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. ഇതിനിടയില്‍ ശരത്തിനും അമ്മ ജിജിക്കും കോവിഡ് ബാധിക്കുകയായിരുന്നു.

തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവാഹം മറ്റൊരു ദിവസത്തേക്കു മാറ്റാന്‍ ആലോചിച്ചെങ്കിലും ഇരുവരുടെയും ഉത്തമ മംഗല്യ മുഹൂര്‍ത്തം അടുത്തദിവസങ്ങളില്‍ ഇല്ലാത്തതിനാലാണ് ആചാരപ്രകാരം തുളസിമാല അണിഞ്ഞ് താലികെട്ട് ചടങ്ങ് മാത്രം നടത്തിയത്. നിയമപ്രകാരമുള്ള വിവാഹം പിന്നീട് വധുഗൃഹത്തില്‍ നടത്തും.

വരന്റെ വീട്ടുകാര്‍ വിഷുസമ്മാനമായി നല്‍കിയ സെറ്റുസാരിയുടുത്ത് തുളസിമാലയുമായി ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അഭിരാമി ആശുപത്രിയിലെത്തിയത്.

മാതൃസഹോദരീ ഭര്‍ത്താവ് മഹേഷും ഒപ്പമുണ്ടായിരുന്നു. പി.പി.ഇ. കിറ്റ് ധരിച്ച അഭിരാമിയേയും മഹേഷിനേയും ആശുപത്രി ജീവനക്കാര്‍ നാലാം വാര്‍ഡിലേക്ക് കൊണ്ടുപോയി.

നീല ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ച ശരത് മോന്‍ അമ്മ ജിജിക്കൊപ്പം വാര്‍ഡിന് പുറത്ത് വരാന്തയില്‍ കാത്തുനിന്നിരുന്നു.

മഹേഷ് ഇരുവര്‍ക്കും അണിയാനുള്ള തുളസിമാല കൈമാറി. മുഹൂര്‍ത്തം നോക്കി പന്ത്രണ്ടോടെ പരസ്പരം തുളസിമാല കഴുത്തിലണിഞ്ഞു. പൂജിച്ച് മഞ്ഞച്ചരടില്‍ കോര്‍ത്ത താലി അമ്മ ജിജി, ശരത്തിനു നല്‍കി.

കോവിഡ് വാര്‍ഡിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ജീവനക്കാരെയും സാക്ഷിയാക്കി അഭിരാമിയുടെ കഴുത്തില്‍ ശരത് താലിചാര്‍ത്തിയതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി.

കോവിഡ് രോഗികള്‍ക്കും ജീവനക്കാരുമടക്കം 175 പേര്‍ക്കുള്ള മധുരപലഹാരം ആശുപത്രിക്കു പുറത്തുവച്ച് അഭിരാമി െകെമാറി.

ശരത്തിന്റെ വീട്ടുകാരെ പ്രതിനിധീകരിച്ച് എസ്.എന്‍.ഡി.പി. യോഗം 25-ാം നമ്പര്‍ ശാഖ പ്രസിഡന്റ് പി.സി അജിതന്‍, വൈസ് പ്രസിഡന്റ് ബൈജു ഹരിതചന്ദന, വി. ഷാജി, പി.സി അപ്പുക്കുട്ടന്‍, സി.എസ് സണ്ണി എന്നിവരും എത്തിയിരുന്നു.

Related posts

Leave a Comment