സോണിയഗാന്ധിയുടെ വലംകൈ, കോണ്‍ഗ്രസിന്റെ രഹസ്യങ്ങളുടെ കാവല്‍ക്കാരിലൊരാള്‍, ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത് പ്രത്യക്ഷത്തിലല്ല!! ബിജെപി ടോം വടക്കനെ മുതലാക്കുക ഇങ്ങനെ

ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കും. ഒരുതരത്തില്‍ ചിന്തിച്ചാല്‍ കോണ്‍ഗ്രസിനെ ഈ പാര്‍ട്ടിമാറ്റം വലിയതോതില്‍ ബാധിക്കില്ല. എന്നാല്‍ മറ്റൊരുതരത്തില്‍ ബിജെപിക്ക് വലിയ നേട്ടമാണ് ഈ കൂടുമാറ്റം.

അണികളെ ആകര്‍ഷിക്കുന്ന നേതാവല്ല ടോം വടക്കന്‍. സോണിയഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരില്‍ ഒരുവനായിരുന്നെങ്കിലും അടിത്തട്ടില്‍ കാര്യമായ സ്വാധീനമൊന്നും ടോമിനില്ല. അതുകൊണ്ട് തന്നെ വടക്കന്റെ മടക്കം കോണ്‍ഗ്രസിനെ പ്രത്യക്ഷത്തില്‍ ബാധിക്കില്ല. ജനകീയനല്ലാത്ത നേതാവിന്റെ കൂടുമാറ്റമെന്ന നിലയില്‍ മാത്രം ഇതിനെ കണ്ടാല്‍ മതി.

പക്ഷേ വേറൊരു വലിയ തിരിച്ചടി ഒളിഞ്ഞിരിപ്പുണ്ട്. ദേശീയതലത്തില്‍ തന്നെ പ്രധാനപ്പെട്ടൊരു നേതാവ് കൂടുമാറിയത് വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കിയേക്കാവുന്ന ഒരു ആശയക്കുഴപ്പമാണത്. കോണ്‍ഗ്രസിന് ഇത്തവണയും ഭരണം കിട്ടില്ലെന്ന കാര്യം നേതാക്കള്‍ക്ക് മനസിലായെന്നും അതുകൊണ്ടാണ് ഇത്തരം ഉന്നത സ്ഥാനത്തിരിക്കുന്ന നേതാവ് തന്നെ ബിജെപിയിലേക്ക് പോയതെന്നും എതിരാളികള്‍ക്ക് പ്രചരിപ്പിക്കാം.

മറ്റൊരു അപകടം എന്താണെന്നുവച്ചാല്‍ കോണ്‍ഗ്രസിന്റെ എല്ലാ രഹസ്യങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും കൈയിലേന്തിയാണ് വടക്കന്‍ ബിജെപിയില്‍ എത്തുന്നത്. ഇന്നലെ രാത്രി കൂടി എഐസിസി ആസ്ഥാനത്ത് സമയം ചെലവഴിച്ച ശേഷമാണ് ഇന്ന് നാടകീയമായി ബിജെപിയില്‍ ചേര്‍ന്നത്. മാത്രമല്ല രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തിയ ആഭ്യന്തര സര്‍വേ ഫലങ്ങളും മറ്റു തന്ത്രങ്ങളും ടോമിന്റെ കൈയിലുണ്ട്. ഇതെല്ലാം ബിജെപിക്ക് ലഭിക്കുന്നത് കോണ്‍ഗ്രസിനെ ബാധിക്കും.

Related posts