പ്രതിപക്ഷത്തിന്റെ അനൈക്യം ബിജെപിക്കും മോദിക്കും വലിയ ആശ്വാസം, ഉത്തരന്ത്യേയില്‍ പലയിടങ്ങളിലും മോദി ഇന്നും താരം, 2004ല്‍ അധികാരത്തിലേറിയതു പോലൊരു തിരിച്ചുവരവ് കോണ്‍ഗ്രസ് അസാധ്യമല്ല, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഞങ്ങളുടെ ലേഖകന്‍ കണ്ട കാഴ്ച്ചകള്‍

ജോര്‍ജ് കള്ളിവയലില്‍

പ്രതിപക്ഷത്തിന്റെ അനൈക്യം ബിജെപിക്കും മോദിക്കും വലിയ ആശ്വാസം, ഉത്തരന്ത്യേയില്‍ പലയിടങ്ങളിലും മോദി ഇന്നും താരം, 2004ല്‍ അധികാരത്തിലേറിയതു പോലൊരു തിരിച്ചുവരവ് കോണ്‍ഗ്രസ് അസാധ്യമല്ല, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഞങ്ങളുടെ ലേഖകന്‍ കണ്ട കാഴ്ച്ചകള്‍

വര്‍ണപ്പകിട്ടേറിയ വെടിക്കെട്ടോടെയുള്ള പൂരം പോലെയാണ് ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന്റെ പാതി വിധിയെഴുത്ത് കഴിഞ്ഞു. കേരളത്തിലും വോട്ടുകള്‍ യന്ത്രത്തിലാക്കി പൂട്ടിവച്ചിരിക്കുകയാണ്. ഊഹങ്ങളും മോഹങ്ങളും കൂട്ടിക്കുഴച്ച് പ്രതീക്ഷകളില്‍ ആകാശക്കോട്ടകള്‍ കെട്ടുകയാണു നേതാക്കളെല്ലാം. തെരഞ്ഞെടുപ്പു വിശകലന വിദഗ്ധര്‍ക്കു പോലും കൃത്യമായി പ്രവചിക്കാന്‍ കഴിയാത്ത നിലയിലാണ് ഇത്തവണത്തെ ജനവിധി.

ഇന്ത്യ പോലെ ഇത്രയേറെ വൈവിധ്യവും വിസ്തൃതിയുമുള്ള രാജ്യത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളിലേതു പോലെ കൃത്യമായ പ്രവചനം പലപ്പോഴും പ്രായോഗികമല്ല. പല സര്‍വേകളുടെയും പ്രവചനം പൊളിയുന്നതിന്റെ കാരണവും മറ്റൊന്നല്ല. വിദേശികളെ പോലെ കൃത്യതയോടെ ഉള്ളകാര്യം തുറന്നുപറയാന്‍ ഇന്ത്യയിലെ ഗ്രാമീണര്‍ പോലും പലപ്പോഴും തയാറാകില്ല. എങ്കിലും പൊതുവായ ദിശ പ്രകടമാകും. രാഷ്ട്രീയക്കാറ്റ് വീശിയാല്‍ തിരിച്ചറിയാനാകും.

നെഞ്ചില്‍ തീയുമായി നേതാക്കള്‍

ഇക്കുറി അധികാരം പിടിക്കാന്‍ ആകുമോയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പ്രബലരായ മറ്റു നേതാക്കള്‍ക്കും പോലും വലിയ ഉറപ്പില്ലെന്നതാണു വാസ്തവം. അവകാശവാദവും പ്രതീക്ഷയും മോഹവും കുറയില്ലെങ്കിലും വോട്ടെണ്ണുന്ന മേയ് 23 -ാം തീയതി വരെ അങ്കലാപ്പു മാറില്ല. പുറമെ ചിരിക്കുമ്പോഴും നെഞ്ചില്‍ പഞ്ഞി വച്ചാല്‍ കത്തുന്ന തീയാണ് ഉള്ളില്‍.

പ്രധാനമന്ത്രി മോദി അധികാരം നിലനിര്‍ത്തുമോ എന്നതിന് വ്യക്തത വരാന്‍ അടുത്ത മാസം 23 വരെ കാത്തിരിക്കണം. മോദിയെ താഴെയിറക്കി അധികാരം പിടിക്കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മോഹം നടക്കണമെന്ന് ആശിക്കുന്നവരുമുണ്ട്. മൂന്നാം മുന്നണിയുടെ അധികാരക്കയറ്റത്തിനാണു മറ്റു ചിലരുടെ മോഹം.

ഭരണവിരുദ്ധ വികാരം ഇല്ലെന്നാണു മോദിയുടെ അവകാശവാദം. എന്നാല്‍, നോട്ട് അസാധുവാക്കലും കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ദളിത്, ന്യൂനപക്ഷ വിരുദ്ധ നിലപാടുകളും പാലിക്കാതെ പോയ മോദിയുടെ വാഗ്ദാനങ്ങളുമെല്ലാം തിരിച്ചടിക്കാന്‍ ഗ്രാമീണ ജനതയെ പ്രേരിപ്പിച്ചേക്കുമെന്നു കണക്കുകൂട്ടുന്നവരുണ്ട്.

പ്രഭ മങ്ങിയാലും വലയെറിഞ്ഞ് മോദി

2014ല്‍ തെളിഞ്ഞുനിന്ന മോദി തരംഗം ഇത്തവണയില്ല. മോദിയുടെ ജനപ്രീതി പഴയതു പോലെ മുന്നോട്ടല്ല. ഇടിവുണ്ടായെന്നാണ് എല്ലാ സര്‍വേകളും സൂചിപ്പിക്കുന്നത്. മറുപക്ഷത്ത് രാഹുല്‍ ഗാന്ധിയും വലിയൊരു തരംഗം ആയിട്ടില്ല. പക്ഷേ മോദിക്ക് ബദലാകാന്‍ കഴിവുള്ള, ദിശാബോധമുള്ള നേതാവെന്ന പ്രതിച്ഛായയോടെ ശക്തനായ പോരാളിയായി രാഹുല്‍ വളര്‍ന്നിട്ടുണ്ട്. സോണിയാ ഗാന്ധി പ്രചാരണത്തില്‍ സജീവമല്ലെങ്കിലും പ്രിയങ്കയുടെ തുണ രാഹുലിന് കരുത്തേകും. രാഷ്ട്രീയപ്പോരു മൂക്കുന്തോറും ആശയക്കുഴപ്പത്തിനു കുറവില്ല.

കഴിഞ്ഞ തവണ ആഞ്ഞടിച്ച മോദി തരംഗത്തില്‍ ബിജെപി തൂത്തുവാരിയ ഉത്തര്‍പ്രദേശില്‍ ഇത്തവണ ബിജെപിക്കു പകുതി സീറ്റ് നഷ്ടമായാലും അത്ഭുതപ്പെടാനില്ല. എസ്പി- ബിഎസ്പി സഖ്യം ബിജെപിക്കു വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. യുപിയിലെ മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്താതെ മായാവതിയും അഖിലേഷ് യാദവും ചേര്‍ന്ന് ഒതുക്കിയ കോണ്‍ഗ്രസും വിട്ടുകൊടുക്കാതെ കളത്തിലുണ്ട്. രാഹുലിനോടൊപ്പം സഹോദരി പ്രിയങ്ക ഗാന്ധി വദ്ര കൂടി സജീവമായി കളത്തിലിറങ്ങിയതോടെ യുപിയിലെ രാഷ്ട്രീയക്കളം കുളം കലങ്ങിയതുപോലെയായി.

കലങ്ങിയ കുളത്തില്‍ മീന്‍ പിടിക്കാന്‍ മോദി വല വീശിയെറിയുന്നുണ്ട്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുമ്പോള്‍ യുപിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ പകുതിയെങ്കിലും ഇക്കുറി കീശയിലാക്കാമെന്നു മോദി ആശിക്കുന്നു. കഴിഞ്ഞ തവണ കിട്ടിയ 73 ആവര്‍ത്തിക്കാനാകില്ലെന്ന് മോദിക്കും അമിത് ഷായ്ക്കും ബോധ്യമുണ്ട്.

പ്രതിപക്ഷ അനൈക്യം തിരിച്ചടിയാകും

പ്രതിപക്ഷത്തെ അനൈക്യമാണ് 2019ലെ മോദിയുടെ ഏറ്റവും വലിയ പ്രതീക്ഷ. പ്രധാന സംസ്ഥാനങ്ങളില്‍ ബിജെപി ഇതര വോട്ടുകളുടെ ധ്രുവീകരണം ഉണ്ടായാല്‍ മോദിക്ക് രക്ഷയില്ല. പക്ഷേ യുപിയും പശ്ചിമ ബംഗാളും മുതല്‍ ഡല്‍ഹി വരെ പ്രതിപക്ഷം തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും സംയുക്ത സര്‍ക്കാരുമുള്ള കര്‍ണാടകയില്‍ പോലും ഇരുപാര്‍ട്ടികളും തമ്മിലുള്ള യോജിപ്പിന്റെ രസതന്ത്രം വേണ്ടപോലെ വന്നിട്ടില്ല.

പ്രധാനമന്ത്രിക്കസേരയില്‍ നോട്ടമിട്ട് ഒരു ഡസനോളം നേതാക്കളാണ് രാത്രികളെ വെളുപ്പിക്കുന്നത്. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കായി പ്രാദേശിക പാര്‍ട്ടികളും കൈവിട്ടുകളിക്കുകയാണ്. കസേരകള്‍ക്കായുള്ള വിലപേശലില്‍ പരമാവധി സ്വന്തം കീശയിലാക്കാനാണ് ചെറുപാര്‍ട്ടികളുടെ പോലും ശ്രമം.

ബിജെപിക്ക് ദേശീയ തലത്തില്‍ ബദലാകാന്‍ ശേഷിയുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. പക്ഷേ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എളുപ്പത്തില്‍ വഴിയൊരുക്കാന്‍ പ്രബല പ്രാദേശിക നേതാക്കളാരും തയാറല്ല. മായാവതി, മമത ബാനര്‍ജി, നിതീഷ് കുമാര്‍, നവീന്‍ പട്‌നായിക്, ചന്ദ്രബാബു നായിഡു, കെ. ചന്ദ്രശേഖര റാവു എന്നിവര്‍ മുതല്‍ മല്‍സരരംഗത്തില്ലാത്ത ശരത് പവാര്‍ വരെ പ്രധാനമന്ത്രിക്കസേരയ്ക്കായി മനക്കോട്ട കെട്ടുന്നു.

രാഷ്ട്രീയക്കളികള്‍ പ്രവചനാതീതം

ജനവിധിയുടെ ഫലം പുറത്തുവന്ന ശേഷമുള്ള രാഷ്ട്രീയസ്ഥിതിയില്‍ പ്രമുഖ പ്രാദേശിക നേതാക്കള്‍ക്ക് വലിയ പങ്കുണ്ടാകുമെന്നാണ് പൊതുവായ പ്രതീക്ഷ. കൃത്യമായി ഇനിയും പക്ഷം ചേരാത്ത ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ബിഎസ്പി നേതാവ് മായാവതി, തെലുങ്കാന നേതാവ് കെ. ചന്ദ്രശേഖര്‍ റാവു എന്നിവര്‍ മുതല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍, ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡു, ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയവരുടെ മലക്കംമറിച്ചിലുകളോ നിലപാടു മാറ്റങ്ങളോ കണ്ടാല്‍ അതിശയിക്കേണ്ടിവരില്ല.

ബിജെപിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന ശിവസേന അവസരം കിട്ടിയാല്‍ മോദിയെ പ്രധാനമന്ത്രിക്കസേരയില്‍നിന്നു മാറ്റാന്‍ വിലപേശാതിരിക്കില്ല. അകാലിദളിനും അണ്ണാഡിഎംകെയ്ക്കും എത്ര സീറ്റു കിട്ടുമെന്നു നിശ്ചയമില്ലാത്തതിനാല്‍ വിലപേശല്‍ ശക്തി കുറവായേക്കും. കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള എന്‍സിപിയും ആര്‍ജെഡിയും പോലുള്ള പാര്‍ട്ടികളും അവസരത്തിനൊത്ത് നിലപാട് സ്വീകരിച്ചേക്കാം.

ബിജെപിയെയും മോദിയെയും അധികാരത്തില്‍നിന്നു താഴെയിറക്കുമെന്നു പറയുന്ന മായാവതിയും മമതയും അഖിലേഷും അടക്കമുള്ള നേതാക്കളുടെ രാഷ്ട്രീയനീക്കങ്ങളാകും മേയ് അവസാന വാരത്തിലെ പ്രധാന വാര്‍ത്ത. ബിജെപിക്കോ കോണ്‍ഗ്രസിനോ കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ഇന്ത്യയുടെ ചരിത്രത്തിലെതന്നെ പുതിയ രാഷ്ട്രീയക്കളികളാകും രാജ്യം കാണുക. ആരൊക്കെ, ഏതൊക്കെ പക്ഷത്തേക്കു മാറുമെന്നു ജ്യോല്‍സ്യന്മാര്‍ക്കു പോലും കൃത്യമായി പ്രവചിക്കാനാകില്ല. ഇന്ത്യന്‍ രാഷ്ട്രീയ സര്‍ക്കസിലെ ട്രപ്പീസു കളികള്‍ കാണാന്‍ ഇനി ഒരു മാസം കൂടി കഴിഞ്ഞാല്‍ മതിയാകും.

തളര്‍ച്ചയിലാകുന്ന ഇടതുപക്ഷം

ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തിയും പ്രസക്തിയും ഏറ്റവും ദുര്‍ബലമാകുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് വിലയിരുത്തുന്നവരുണ്ട്. ഒന്നാം യുപിഎ സര്‍ക്കാരിനെ പുറമെ നിന്നു പിന്തുണയ്ക്കുകയായിരുന്നെങ്കിലും ഭരണത്തില്‍ ഏറ്റവും സ്വാധീനമുണ്ടായിരുന്ന ഒരു നല്ല കാലം ഇനി തത്കാലം ഓര്‍മയാകും. കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞിനെ ഇല്ലാതാക്കുന്ന നിലയിലേക്കു നേതാക്കള്‍ കളിക്കുന്നു.

1963ല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളരുമ്പോള്‍ ചെയര്‍മാനായിരുന്ന എസ്.എ. ഡാങ്കേയും ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടും തമ്മിലുണ്ടായിരുന്ന രൂക്ഷമായ വ്യക്തിവൈരാഗ്യത്തിന്റെ തുടര്‍ച്ചയാണ് ഇന്നുമുള്ളത്. സ്ഥിരതയില്ലാത്ത നയവ്യതിയാനങ്ങളും വ്യക്തിവിദ്വേഷങ്ങളും ചേര്‍ന്ന് ഈ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ഇനി വലിയ പ്രതീക്ഷയില്ല. ശേഷിച്ച തുരുത്തായ കേരളത്തിലും ഇക്കുറി വലിയ തിരിച്ചടി നേരിട്ടാല്‍ അത്ഭുതപ്പെടാനുമില്ല. കേരളത്തില്‍ നിന്നു പകുതി സീറ്റു പോലും കിട്ടിയേക്കില്ലെന്നാണു സൂചന. കേരളത്തിലെ പ്രളയ പുനര്‍നിര്‍മാണം മുതല്‍ ശബരിമല വിഷയം വരെയുള്ളവയില്‍ വരുത്തിയ വീഴ്ചകളോ, പോരായ്മകളോ ആകും എല്‍ഡിഎഫിനു തിരിച്ചടിയാകുക. വിശ്വാസത്തിന്റെ മറവില്‍ ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണത്തിനുള്ള ബിജെപിയുടെ ശ്രമങ്ങളും ബിഡിജെഎസിന്റെ സാന്നിധ്യവും ഇടതുപാര്‍ട്ടികള്‍ക്കാകും കൂടുതല്‍ തിരിച്ചടിയാകുന്നത്.

പ്രതീക്ഷയോടെ മോദിയും രാഹുലും

ഉത്തരേന്ത്യയിലെ പലയിടങ്ങളിലും മോദി ഇന്നും താരമാണ്. പഴയ പ്രഭ ഇല്ലെങ്കിലും മോദിയുടെ മിടുക്ക് ഒന്നുവേറെതന്നെ. വോട്ട് മോദിക്കു തന്നെയെന്ന് തറപ്പിച്ചുപറയുന്നവരെ പലയിടത്തും കാണാനായി. ഇന്ത്യയുടെ കരുത്തനായ നേതാവ് മോദിയാണെന്നു കരുതുന്നവരും ഏറെയുണ്ട്. വികസനകാര്യങ്ങളേക്കാളേറെ ഹിന്ദു വികാരം ഇളക്കാനും പാക്കിസ്ഥാന്‍ വിരുദ്ധത വളര്‍ത്തി മുതലെടുക്കാനും മോദിയും അമിത് ഷായും നടത്തുന്ന ശ്രമങ്ങളും ലക്ഷ്യംകാണാതെ പോകില്ല.

കാര്‍ഷിക, ബിസിനസ് മേഖലയിലെ തകര്‍ച്ചയും റഫാല്‍ അഴിമതി ആരോപണവും മുതല്‍ കിട്ടാതെ പോയ കള്ളപ്പണവും തൊഴിലും വരെ പലതിനെക്കുറിച്ചും പ്രസംഗങ്ങളില്‍ ഇപ്പോള്‍ മോദി പറയാറില്ല. പകരം മിന്നലാക്രമണവും ആണവ കരുത്തും സൈനികശക്തിയും വരെയുള്ള മറ്റു പലതുമാണു രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. തനിക്കെതിരേ ചോദ്യം ചോദിക്കുന്നവരെ രാജ്യവിരുദ്ധരായും പാക് പക്ഷ ക്കാരായും മുദ്രകുത്താനും ബിജെപിക്കാര്‍ മറക്കുന്നില്ല.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രാഹുലിന്റെ കുതിപ്പ്. ഇവിടങ്ങളിലെ കോണ്‍ഗ്രസിനെ സഹായിച്ച കാര്‍ഷിക കടാശ്വാസ വാഗ്ദാനം പാലിച്ചുവെന്നതാണു രാഹുലിന്റെ തുറുപ്പുചീട്ട്. പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ നല്‍കുന്ന ന്യായ് പദ്ധതിയും സ്ത്രീകള്‍ക്ക് 33 ശതമാനം തൊഴില്‍ സംവരണവും അടക്കമുള്ള വാഗ്ദാനങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്നാണ് രാഹുലിന്റെ കണക്കുകൂട്ടല്‍.

മേയ് 23നുശേഷം രാഷ്ട്രീയം മാറും

ഇന്ത്യയിലെ വോട്ടര്‍മാരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രത്യക്ഷത്തില്‍ കാണാവുന്നതും അല്ലാത്തതുമായ പലതുമുണ്ട്. അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്നതില്‍ സംശയം വേണ്ട. ഇന്ത്യ തിളങ്ങുന്ന പ്രചാരണത്തോടെ അധികാരം നിലനിര്‍ത്താനിറങ്ങിയ അടല്‍ ബിഹാരി വാജ്‌പേയിയെ തഴഞ്ഞ് 2004ല്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയത് മറക്കരുത്. പിന്നീട് കോണ്‍ഗ്രസുകാരെ പോലും ഞെട്ടിച്ചാണ് 2009ല്‍ മന്‍മോഹന്‍ സിംഗ് വീണ്ടും അധികാരത്തിലെത്തിയത്.

യുപിഎ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും സാക്ഷാല്‍ മോദിയെ പോലും അത്ഭുതപ്പെടുത്തുന്ന ഭൂരിപക്ഷമാണ് 2014ല്‍ ഇന്ത്യന്‍ വോട്ടര്‍മാര്‍ ബിജെപിക്ക് നല്‍കിയത്. ഇത്തവണയും പലരുടെയും കണക്കുകളും കണക്കുകൂട്ടലുകളും മോഹങ്ങളും തെറ്റും.

ഏറ്റവും വിവേകവും പക്വതയുമുള്ളവരാണ് ഇന്ത്യന്‍ വോട്ടര്‍മാര്‍. വലിയ അത്ഭുതങ്ങള്‍ സമ്മാനിച്ചാല്‍ അതിശയിക്കാനില്ല. ദേശീയ രാഷ്ട്രീയത്തിലെ പുതിയൊരേടിനാകും മേയ് 23ന് വാതില്‍ തുറക്കുക. രാജ്യനന്മയ്ക്കായി നല്ലതു വരാന്‍ പ്രതീക്ഷയോടെ കാത്തിരിക്കാം.

Related posts