വിളിക്കുന്നത് സൈബര്‍ സെല്ലില്‍ നിന്നാണ് ! നിങ്ങളുടെ അര്‍ദ്ധ നഗ്നമായ ഫോട്ടോ വാട്‌സ് ആപ്പില്‍ ഉടന്‍ അയച്ചു തരിക; സൈബര്‍ സെല്ലിന്റെ പേരുപറഞ്ഞുള്ള തട്ടിപ്പില്‍ വീണ് നിരവധി പെണ്‍കുട്ടികള്‍…

സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോണ്‍ വിളിച്ച് പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നതായി വിവരം. പെണ്‍കുട്ടികളുടെയോ മാതാപിതാക്കളുടെയോ ഫോണില്‍ വിളിച്ചാണ് തട്ടിപ്പ്. പെണ്‍കുട്ടിയുടെ നഗ്നവീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപിക്കുന്നു, ഇക്കാരണത്താലാണ് വിളിച്ചത് എന്നൊക്കെപ്പറഞ്ഞ് മാതാപിതാക്കളെ വിശ്വസിപ്പിക്കലാണ് തട്ടിപ്പിന്റെ ആദ്യപടി. പൊലീസ് ഉദ്യോഗസ്ഥന്റെ പേരും റാങ്കും പറഞ്ഞുവിളിക്കുന്നതിനാല്‍ ബഹുഭൂരിപക്ഷം ആളുകളും ഇത് വിശ്വസിക്കും.

വീഡിയോ ഒത്തുനോക്കുന്നതിനായി പകുതിഭാഗം നഗ്നയായ ഫോട്ടോ വാട്സാപ്പില്‍ ഉദ്യോഗസ്ഥനെ മാത്രം കാണുന്ന രീതിയില്‍ ഡി.പി.യായി ഇടാനും ഒരു മിനിറ്റിനുശേഷം ഇവ മാറ്റാനും ആവശ്യപ്പെടും. ഇത് സ്‌ക്രീന്‍ ഷോട്ടെടുത്ത് സൂക്ഷിച്ച് പിന്നീട് നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്യുന്നതിനായി ഉപയോഗിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. നാണക്കേട് ഭയന്ന് ആരും ഇത് പുറത്തു പറയാത്തതാണ് ഇത്തരക്കാര്‍ക്ക് വളമാകുന്നത്.

കൊച്ചിയിലെ പൊലീസുദ്യോഗസ്ഥന്റെ അടുത്ത ബന്ധുവിനെ തട്ടിപ്പില്‍പ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് വിഷയം എത്രത്തോളം ഗൗരവമുള്ളതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. സൈബര്‍സെല്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ഇത്തരത്തില്‍ തട്ടിപ്പുനടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കോളുകള്‍ വന്നാല്‍ കൃത്യമായി അന്വേഷിച്ച് ശരിയാണോ എന്നുറപ്പുവരുത്തിയശേഷംമാത്രം പ്രതികരിക്കുക. ഒരു കാരണവശാലും സ്വകാര്യവിവരങ്ങളോ ഫോട്ടോകളോ ആര്‍ക്കും കൈമാറരുതെന്നും കൊച്ചി പൊലീസ് കമ്മിഷണറേറ്റ് അറിയിച്ചു.

Related posts