വാട്‌സ്ആപ്പ് കളികള്‍ പരിധിവിടുന്നു ! മാസപ്പിറവി കണ്ടെന്ന വ്യാജസന്ദേശം വിശ്വസിച്ച് മലബാറില്‍ നിരവധി ആളുകള്‍ രാത്രി തന്നെ ആടുമാടുകളെ അറത്തു; വ്യാജ സന്ദേശത്തെക്കുറിച്ച് പരാതിപ്പെടാന്‍ ആരും തയ്യാറായില്ലെന്നത് കൗതുകം…

കോഴിക്കോട്: വാട്‌സ്ആപ്പിലൂടെ നിരവധി വ്യാജസന്ദേശങ്ങളാണ് ദിനംപ്രതി പരക്കുന്നത്. വാട്‌സ്ആപ്പിലൂടെ ആരോ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കേരളത്തില്‍ യഥാര്‍ഥ ഹര്‍ത്താലായി മാറിയതും നാം കണ്ടതാണ്. ഇക്കുറി വ്യാജന്മാര്‍ പ്രചരിപ്പിച്ചത് വ്യാജ മാസപ്പിറവിയാണ്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. പെരുന്നാല്‍ മാസപ്പിറവി കണ്ടതായി കോഴിക്കോട് ഖാദിമാര്‍ ഉറപ്പിച്ചതായാണ് ചിലര്‍ വാട്സ് അപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചത്.കോഴിക്കോട് ഖാദിമാരുടെ പേരോട് കൂടിയാണ് പ്രചരണം. വിവിധ ചാനലുകളുടെ സ്‌ക്രീന്‍ ഷോട്ടും പ്രചരിപ്പിച്ചവരുണ്ട്.ചൊവ്വാഴ്ച കേരളത്തില്‍ ചെറിയ പെരുന്നാല്‍ എന്നാ പേരിലാണ് വ്യാപകമായി പ്രചരിപ്പിച്ചത്.

നിരവധി ഫോണ്‍ കോളുകളാണ് കോഴിക്കോട് ഖാദിമാറിലേക്കും പാണക്കാട് ഹൈദറലി തങ്ങള്‍ക്കും പോയത്. എന്നാല്‍ മാസപ്പിറവി കണ്ടതായി വിശ്വസിക്കാന്‍ പറ്റിയ കേന്ദ്രങ്ങളില്‍ നിന്നും വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് നേതാക്കള്‍ വിശദീകരിച്ചു. എന്നാല്‍ ഇതിനിടയിലും വാട്സ് അപ്പ് സന്ദേശങ്ങള്‍ പറപറന്നു. ചില സ്ഥലങ്ങളില്‍ പെരുന്നാല്‍ ആഘോഷത്തിന്റെ ഭാഗമായി ആട് മാടുകളെ വരെ രാത്രിയില്‍ അറുത്തു. പക്ഷേ അപ്പോഴാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. നേതാക്കളുടെ വിശദീകരണം വിപുലമായ രീതിയില്‍ വന്നതോടെയാണ് മാസപ്പിറവി കണ്ടില്ലെന്ന് ജനത്തിനു മനസ്സിലായത്.

സോഷ്യല്‍ മീഡിയ വഴി ഇത്തരത്തിലുള്ള ഗുരുതരമായ വ്യാജ വാര്‍ത്തകള്‍ തയ്യാറാക്കി വിട്ടിട്ടും അതിനെതിരെ യാതൊരു നടപടിയുമുണ്ടാകാത്തത് സമുദായത്തിനിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഒരു മുസ്ലിം സംഘടനയും ഇത് വരെ ഉന്നയിച്ചിട്ടില്ല. പണ്ഡിതന്മാരെ അവഹേളിക്കുകയും മുസ്ലിം സമുദായത്തിലെ പൊതുബോധത്തെ വ്യാജ പ്രചാരണത്തിലൂടെ അപമാനിക്കുകയും ചെയ്തിട്ടും ഇത്തരക്കാരെ കണ്ടെത്താനുളല നടപടിക്ക് വേണ്ടി പ്രസ്താവന നടത്താന്‍ പോലും സമുദായ നേത്യത്വം തയ്യാറായിട്ടില്ല.സമുദായ നേത്യത്വത്തിന്റെ നിസ്സംഗമായ ഉറക്കത്തിനെതിരെ വിവിധ മുസ്ലിം സമുദായ ഗ്രൂപ്പുകളില്‍ വ്യാപക വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുഞ്ഞിന്റെ പേരില്‍ വാട്സ് അപ്പ് വഴി ഹര്‍ത്താല്‍ ആഹ്വാനം നടത്തിയ സംസ്ഥാനമാണ് കേരളം. എന്നാല്‍ വാട്സ്ആപ്പ് മാസപ്പിറവി പ്രത്യക്ഷത്തില്‍ നിരുപദ്രവകാരമായതിനാലാണ് ഇപ്പോള്‍ ആരും ഒച്ചവെക്കാത്തത്. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ ഇപ്പോള്‍ തന്നെ ഒച്ചവെച്ചില്ലെങ്കില്‍ ഇവരുടെ അജണ്ടകള്‍ സമുദായ വേല്‍വിലാസത്തില്‍ വിതരണം ചെയ്യപ്പെടുമെന്ന് തീര്‍ച്ച. അതിനായി ഇത്തരം സംഘങ്ങളെ മുളയിലേ നുള്ളാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടത് സമുദായ നേതൃത്വങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്.

Related posts