ഇത്തവണ ഭരണത്തില്‍ എത്തുമെന്ന് ഉറപ്പു പറഞ്ഞ് എത്തിച്ച 30 കോടി എവിടെപ്പോയി ! പുതിയ വിവാദം കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിവേരിളക്കുമോ…

നിയമസഭ തെരഞ്ഞെടുപ്പില്‍ ചെലവിടാനായി ഹൈക്കമാന്‍ഡ് നല്‍കിയ 30 കോടി രൂപ കാണാതായ സംഭവം സംസ്ഥാന കോണ്‍ഗ്രസില്‍ തിരികൊളുത്തുന്നത് വന്‍വിവാദത്തിന്.

സംസ്ഥാന കോണ്‍ഗ്രസിലെ ഒരു ഉന്നതന് പദവി നഷ്ടമായത് ഇതുമായി ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ പണം അക്കാലത്ത് ഉന്നതന്റെ വിശ്വസ്തരില്‍ രണ്ടാമത്തെ ആളിന് കൈമാറിയെന്നായിരുന്നു വിശദീകരണം.

അയല്‍ സംസ്ഥാനത്തെ പിസിസി പ്രസിഡന്റ് തലസ്ഥാനത്ത് നേരിട്ടെത്തിയാണ് ഈ 30 കോടി രൂപ ഉന്നതന് കൈമാറിയത്. ഇത്തവണ കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് ഹൈക്കമാന്‍ഡിനോട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പു പറഞ്ഞിരുന്നു.

കയ്യെത്തും ദൂരത്തിരിക്കുന്ന വിജയം പണമില്ലായ്മയുടെ പേരില്‍ ഇല്ലാതാക്കരുതെന്നു പറഞ്ഞായിരുന്നു ഹൈക്കമാന്‍ഡിനോടു സഹായമഭ്യര്‍ഥിച്ചത്. ഇതു പ്രകാരം രാജ്യത്തെ വിവിദ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികളോട് സഹായമെത്തിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയായിരുന്നു.

ഇതിന്‍പ്രകാരം സമാഹരിച്ച പണം ഉന്നതന്റെ കൈവശം എത്തി. സാധാരണ ഗതിയില്‍ ഇദ്ദേഹത്തിന്റെ അടുത്ത അനുയായിയാണ് പണം കൈകാര്യം ചെയ്യുന്നത്.

എന്നാല്‍ ആ വ്യക്തി ഉന്നതന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ പ്രചാരണ പരിപാടികളുമായി സജീവമായതിനാല്‍ ഗ്രൂപ്പിലെ രണ്ടാമന് ഈ പണം കൈമാറുകയായിരുന്നു.

സ്വന്തം ഗ്രൂപ്പുകാരായ സ്ഥാനാര്‍ഥികള്‍ക്ക് തുക വീതം വച്ചു നല്‍കാന്‍ ഉന്നതന്‍ ഇയാളെ ചുമതലപ്പെടുത്തുകയായിരുന്നു. മുമ്പ് സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു പേരുദോഷവും കേള്‍പ്പിക്കാത്ത വ്യക്തിയായിരുന്നു ഇയാള്‍.

എന്നാല്‍ തെരഞ്ഞെടുപ്പ് തോറ്റമ്പിയതിനു ശേഷമാണ് ഈ 30 കോടി രൂപ കിട്ടേണ്ടവര്‍ക്ക് കിട്ടിയില്ലെന്ന വിവരം ഹൈക്കമാന്‍ഡിനു മുമ്പിലെത്തിയത്.

ഇതാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ഉന്നതന്റെ സ്ഥാനം തെറിക്കാന്‍ കാരണം എന്നാണ് വിവരം. ഫണ്ട് വിനിയോഗം സംബന്ധിച്ച് എഐസിസി നേതൃത്വം ഉന്നതിന്റെ വിശദീകരണം തേടുമെന്നാണ് വിവരം.

എന്നാല്‍ നടന്ന കാര്യങ്ങള്‍ ഉന്നതന്‍ അടുത്ത ആളുകളോടു പങ്കുവച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴയുമെന്നാണ് സൂചന.

Related posts

Leave a Comment