ഒരു വയസില്‍ താഴെയുള്ള കുട്ടികളെ ഇലക്ട്രോണിക് സ്‌ക്രീനുകള്‍ കാണിക്കാനേ പാടില്ല! നാല്‌വയസുവരെയുള്ള കുട്ടികള്‍ ദിവസത്തില്‍ മൂന്നുമണിക്കൂറെങ്കിലും കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം; ലോകാരോഗ്യസംഘടന പറയുന്നതിങ്ങനെ

കരച്ചില്‍ മാറ്റാനും ഭക്ഷണം കഴിപ്പിക്കാനും അല്പസമയം സ്വസ്ഥമായി ഒരിടത്തിരിക്കാനും കുട്ടികള്‍ക്ക് മൊബൈല്‍ ഫോണില്‍ വീഡിയോ കാണിക്കുന്ന രക്ഷിതാക്കള്‍ ജാഗ്രതൈ. ഈ വീഡിയോദൃശ്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കാമെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍.

അഞ്ചുവയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കുമുന്നില്‍ ടിവിയും കമ്പ്യൂട്ടറും മൊബൈലും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സ്‌ക്രീനില്‍ ചിത്രീകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ലോകാരോഗ്യസംഘടന മാര്‍ഗനിര്‍ദേശം കൊണ്ടുവന്നു.

ഒരു വയസില്‍ താഴെയുള്ള കുട്ടികളെ ഇത്തരം ഇലക്ട്രോണിക് സ്‌ക്രീനുകള്‍ കാണിക്കാനേ പാടില്ലെന്നും അതിനുമുകളില്‍ അഞ്ചുവയസുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ദിവസേന ഒരു മണിക്കൂര്‍വരെ മാത്രമേ വീഡിയോ പ്രദര്‍ശിപ്പിക്കാവൂ എന്നതുമാണ് നിര്‍ദേശം. കുട്ടികള്‍ കളിച്ചും ഉറങ്ങിയും അവരുടെ കായികക്ഷമതയും ബുദ്ധിയും നിലനിര്‍ത്തട്ടേയെന്നും ഭാവിയില്‍ ആരോഗ്രപ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇത് സഹായകമാകുമെന്നും സംഘടന നിര്‍ദേശിച്ചു. ആദ്യമായാണ് ഡബ്ലുഎച്ച്ഒ ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്.

ഒന്നുമുതല്‍ നാലുവയസുവരെയുള്ള കുട്ടികള്‍ ദിവസത്തില്‍ മൂന്നുമണിക്കൂറെങ്കിലും കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഒരുവയസില്‍ താഴെയുള്ളവര്‍ തറയില്‍ ഇരുന്ന് കളിക്കട്ടെ, അവരുടെ സാന്നിധ്യത്തില്‍ നിന്ന് എല്ലാത്തരം ഇലക്ട്രോണിക് സ്‌ക്രീനുകളും ഒഴിവാക്കപ്പെടണം, ഓസ്‌ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പഠനങ്ങളില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡബ്ലുഎച്ച്ഒ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

Related posts