മഴ മാത്രമല്ല വൃശ്ചിക കാറ്റും കുറവ്; മഴ കുറയുന്നതിന്റെ അനന്തരഫലങ്ങളില്‍ ഒന്നാണ് വൃശ്ചികക്കാറ്റ് കുറയുന്നതെന്ന് കാലാവസ്ഥ വിദഗ്ധര്‍

PKD-WINDSതൃശൂര്‍: മഴ മാത്രമല്ല ഇത്തവണ വൃശ്ചിക കാറ്റും കുറവ്. സാധാരണയായി വൃശ്ചികക്കാറ്റ് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വീശാറുണ്ടെങ്കിലും ഇത്തവണ കേരളത്തിന്റെ മിക്കയിടത്തും വൃശ്ചികക്കാറ്റ് കുറവാണ്. ഇടയ്ക്ക് കാറ്റ് വീശുന്നുണ്ടെങ്കിലും ഇത് വൃശ്ചികക്കാറ്റിന്റെ ശക്തിയിലേക്കോ തോതിലേക്കോ എത്തിയിട്ടില്ല. സാധാരണയായി വൃശ്ചികമാസത്തില്‍ ശക്തമായ കാറ്റു വീശുന്നതു മൂലം സംഭവിക്കുന്ന പല നാശനഷ്ടങ്ങളും ഇത്തവണയുണ്ടായിട്ടല്ലെന്നതും ശ്രദ്ദേയമാണ്. മഴ കുറയുന്നതിന്റെ അനന്തരഫലങ്ങളില്‍ ഒന്നാണ് വൃശ്ചികക്കാറ്റ് കുറയുന്നതെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.

ശാസ്ത്രീയമായി ഇതിന്റെ പഠനമോ മറ്റും നടന്നിട്ടില്ലെങ്കിലും കാറ്റ് കുറവാണെന്ന കാര്യം കാലാവസ്ഥ നിരീക്ഷകരും സമ്മതിക്കുന്നുണ്ട്. ഇതെന്തുകൊണ്ട് സംഭവിച്ചുവെന്നതിനെക്കുറിച്ച് പഠനമോ നിരീക്ഷണമോ ശാസ്ത്രീയ അവലോകനമോ നടന്നിട്ടില്ലെങ്കിലും കാറ്റ് കുറവാണെന്ന്് വിദഗ്ദര്‍ സമ്മതിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ പല ഫലങ്ങളില്‍ ഒന്നാണ് കാറ്റിന്റെ കുറവെന്നാണ് കണക്കാക്കുന്നത്. കാറ്റു കുറയുന്നതുകൊണ്ട് പ്രത്യേകിച്ച് ദോഷങ്ങളൊന്നുമില്ലെന്നും വിദഗ്ധര്‍ പറയുന്നു.

സാധാരണയായി ഫയര്‍ഫോഴ്‌സിന് വൃശ്ചികമാസം വി്ശ്രമമില്ലാത്ത ഓട്ടത്തിന്റെ നാളുകളാണ്. എന്നാല്‍ ഇത്തവണ കാറ്റുമുലമുള്ള അപകടങ്ങളും പ്രശ്‌നങ്ങളും വളരെ കുറവാണെന്ന് ഫയര്‍ഫോഴ്‌സ് അധികൃതരും പറയുന്നു. ട്രസുകള്‍ മറിഞ്ഞുവീണും മരക്കൊമ്പൊടിഞ്ഞും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വീണും മറ്റുമുള്ള അപകടങ്ങള്‍ വൃശ്ചികക്കാറ്റു മൂലം സംഭവിക്കാറുള്ളത് ഇത്തവണ വളരെയധികം കുറഞ്ഞിട്ടുണ്ട്. വിരലിലെണ്ണാവുന്ന സംഭവങ്ങളേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു.

Related posts