സിപിഎം പാര്‍ട്ടിഗ്രാമത്തിലെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ വിലക്ക്; പാലോട്ടുകാവില്‍ ഒരുപ്രായത്തിലുമുള്ള സ്ത്രീകളും പ്രവേശിക്കാനേ പാടില്ലെന്ന് ആചാരം…

കണ്ണൂര്‍: ശബരിമലയിലെ യുവതിപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ആണയിടുന്നവരാണ് സിപിഎം. എന്നാല്‍ സിപിഎം പാര്‍ട്ടിഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ വിലക്കാണ് കല്‍പ്പിച്ചിരിക്കുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമായ കല്യാശേരി, കീച്ചേരിയില്‍ സിപിഎമ്മുകാര്‍ ഭാരവാഹികളായ പാലോട്ടുകാവ് ക്ഷേത്രവളപ്പിലാണു സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്തത്.

ശബരിമലയില്‍ 10-നും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണു വിലക്കെങ്കില്‍, പാലോട്ടുകാവില്‍ ഒരുപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനമില്ല. ശബരിമലയില്‍ അയ്യപ്പന്‍ ബ്രഹ്മചാരിയായതിനാലാണു യുവതികളെ തടയുന്നതെങ്കില്‍ പാലോട്ടുകാവില്‍ കന്നിമൂല ഗണപതിക്കാണു സ്ത്രീസാന്നിധ്യം അഹിതമെന്നു വിശ്വാസികള്‍ കരുതുന്നു.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒട്ടേറെ പാലോട്ടുകാവ് ക്ഷേത്രങ്ങളുണ്ടെങ്കിലും കീച്ചേരിയിലെ കാവില്‍ സി.പി.എമ്മാണ് അവസാനവാക്ക്. വിഷു മുതല്‍ ഏഴുദിവസം മാത്രം നിത്യപൂജയുള്ള ഇവിടെ സ്ത്രീകള്‍ പ്രവേശിക്കാനേ പാടില്ലെന്നാണ് ആചാരം. വിശാലമായ വയല്‍ക്കരയില്‍ സ്ഥിതിചെയ്യുന്ന കാവില്‍ പാലോട്ട് ദൈവത്താര്‍, അങ്കക്കാരന്‍, പഞ്ചുരുളി, കുണ്ഡോറ ചാമുണ്ഡി തുടങ്ങി നിരവധി തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്. കാന മഠത്തില്‍, കപ്പച്ചേരി, നമ്പിടി, തച്ചോളി എന്നീ തീയ്യ തറവാട്ടുകാരുടേതായിരുന്ന പാലോട്ടുകാവ് ഇപ്പോള്‍ ക്ഷേത്രസമിതിയുടെ ഭരണത്തിലാണ്. ക്ഷേത്രസമിതിയാകട്ടെ സി.പി.എമ്മിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലും.

അന്തിത്തിരിയന്‍ (ആചാരസ്ഥാനീയന്‍) എന്ന ഈഴവസമുദായക്കാരാണ് ഇവിടെ ശാന്തിക്കാര്‍. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലായി ആറു പാലോട്ടുകാവുകളാണുള്ളത്. കണ്ണൂര്‍, അഴീക്കോട് പാലോട്ടുകാവിനാണു പ്രഥമസ്ഥാനം. പാലോട്ട് മൂര്‍ത്തിയുടെ ആരൂഢസ്ഥാനവും അഴീക്കോട്ടെ കാവാണ്. തെക്കുമ്പാട്, കീച്ചേരി, അതിയടം, കുഞ്ഞിമംഗലം മല്ലിയോട്ട്, നീലേശ്വരം തട്ടാശ്ശേരി എന്നിവയാണു മറ്റു പാലോട്ടുകാവുകള്‍. ഇതില്‍, കാസര്‍ഗോഡ് നീലേശ്വരത്തുള്ള തട്ടാശ്ശേരി കാവില്‍ വിശ്വകര്‍മജരാണ് ഊരാണ്മക്കാര്‍. മറ്റു കാവുകള്‍ തിയ്യ തറവാട്ടുകാരുടെ ഊരാണ്മയിലാണ്. പാലാഴിക്കോട്ടു ദൈവമാണു പാലോട്ട് ദൈവമെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. അനന്തശായിയായ മഹാവിഷ്ണുവിന്റെ പൊന്‍കിരീടം അഴീക്കോട്ട് വന്നുചേര്‍ന്നതിനേത്തുടര്‍ന്നാണ് ആ കിരീടം ധരിച്ച്, പാലോട്ട് ദൈവമെന്ന കല്‍പ്പനയില്‍ ആരാധന തുടങ്ങിയതെന്നാണ് ഐതിഹ്യം.

കീച്ചേരിയില്‍ ഉത്സവത്തിന് ഏഴുദിവസവും പാലോട്ടു ദൈവവും അങ്കക്കാരനും കെട്ടിയാടും. ഏഴാംനാള്‍ പൂര്‍ണരൂപത്തിലുള്ള ദൈവത്താറീശ്വരന്‍ പുറപ്പെടും. അങ്കക്കാരനെക്കൂടാതെ ഏഴാംനാള്‍ കുണ്ടോറ ചാമുണ്ഡിയേയും കുറത്തിയമ്മയേയും കെട്ടിയാടിക്കും. ഭക്തര്‍ തിരുമറ്റത്തു ദൈവക്കോലങ്ങളെ തൊഴുമ്പോള്‍ സ്ത്രീകള്‍ക്കു മതിലിനു പുറത്താണു സ്ഥാനം. ഈ ആചാരം വര്‍ഷങ്ങളായി തുടരുന്നു. ഇതു മാത്രമല്ല ക്ഷേത്രക്കുളത്തില്‍ ഇറങ്ങാനും സ്ത്രീകള്‍ക്ക് അനുവാദമില്ല.

കന്നിമൂലയില്‍ ഗണപതി സ്ഥാനമായതിനാലാണു കാവില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്തതത്രേ. സംഘപരിവാറിന്റെ സ്വാധീനം ചെറുക്കാന്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ക്ഷേത്രങ്ങളില്‍ സിപിഎം ഇടപെടല്‍ ശക്തമാണ്. മുമ്പ് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സിപിഎമ്മില്‍ വിലക്കുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ വിശ്വാസികളെ വശത്താക്കാന്‍ ആചാരങ്ങളോടു ചേര്‍ന്നുനിന്ന് ക്ഷേത്രഭരണം കൈയ്യടക്കുകയാണ് പാര്‍ട്ടിയുടെ രീതി. ഈ ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് യാതൊരു പ്രക്ഷോഭങ്ങളും നടക്കുന്നില്ലെന്നാണ് വിവരം.

Related posts