കാനഡയിൽ പഠിക്കുന്ന ജ്യോതി ഖരായാത്ത് എന്ന ഇന്ത്യൻ വിദ്യാർത്ഥിനി, തന്റെ ദൈനംദിന ജീവിതത്തിലെ വെല്ലുവിളികൾ വിവരിച്ചുകൊണ്ട് പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്.
കോളേജിലെ പഠനവും സ്റ്റാർബക്സിലെ ജോലിയും തമ്മിൽ ബാലൻസ് ചെയ്യാൻ താൻ പെടാപാടുപെടുകയാണെന്ന് ജ്യോതി പറയുന്നു. ഫീസ് അടയ്ക്കാൻ പണം വേണം, ആ പണം സമ്പാദിക്കാൻ ജോലി ചെയ്തേ തീരൂ. താൻ ഇതിൽ കുടുങ്ങി കിടക്കുകയാണെന്നും ജ്യോതി വ്യക്തമാക്കുന്നു.
ക്ലാസ് കഴിഞ്ഞ് നേരെ ജോലിക്ക് പോകുക, അല്പനേരം വിശ്രമിച്ച ശേഷം വീണ്ടും ക്ലാസിലേക്കും തുടർന്ന് അടുത്ത ഷിഫ്റ്റ് ജോലിയിലേക്കും പോകുക എന്നതാണ് ഇപ്പോൾ തന്റെ ജോലിയെന്നും ജീവിത രീതിയെന്നും വെളിപ്പെടുത്തി. ഇത്രയധികം കഷ്ടപ്പാടുകൾക്കിടയിലും താൻ സന്തോഷവതിയാണെന്ന് ജ്യോതി വീഡിയോയിൽ പറയുന്നുണ്ട്.
വിദേശത്ത് പഠിക്കാൻ പോകുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും അവസ്ഥ ഇതുതന്നെയാണെന്ന് പലരും കമന്റുകളിലൂടെ പ്രതികരിച്ചു. “നിങ്ങൾ സന്തോഷവതിയാണെങ്കിൽ അത് മതി എന്നും മറ്റു ചിലർക്ക് ഇതൊരു പ്രചോദനമാണെന്നും ആളുകൾ കുറിച്ചു. ഉയർന്ന ഫീസും ജീവിതച്ചെലവിനും വേണ്ടി പണം കണ്ടെത്താനായി വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നടത്തുന്ന കഠിനാധ്വാനത്തിന്റെ നേർചിത്രമാണ് ജ്യോതി ചൂണ്ടികാട്ടുന്നത്.
