ചെറുതോണി: പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടുന്നതിനാൽ ആഴ്ചകളായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. ജലവിതരണ അഥോറിട്ടിയുടെ മൂക്കിന് താഴെയാണ് പൈപ്പ് പൊട്ടിയൊഴുകുന്നത്. വാഴത്തോപ്പ് പഞ്ചായത്തിൽ ഭൂമിയാംകുളം – അഗസ്ത്യപുരത്താണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ മലമുകളിലുള്ള കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന കുടിവെള്ള സംവിധാനമാണ് ഇതോടെ താറുമാറായത്.
റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പിന്റെ ജോയിന്റ് ഇളകിമാറിയാണ് വെള്ളം നഷ്ടമാകുന്നത്. വൈദ്യുതി കണക്ഷൻ ഉൾപ്പെടെ എന്തു സഹായവും ചെയ്തുതരാമെന്ന് സമീപവാസികൾ അറിയിച്ചെങ്കിലും കരാറുകാരൻ പൈപ്പ് നന്നാക്കാൻ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവിടെ വെള്ളം പാഴാകുന്നതിനാൽ മുകൾഭാഗത്തുള്ള വീടുകളിലേക്ക് വെള്ളമെത്തുന്നില്ല. ആഴ്ചകളായി പ്രദേശവാസികൾ ലിറ്ററിന് 50 പൈസ ചെലവാക്കിയാണ് വീട്ടാവശ്യങ്ങൾക്കായി വെള്ളം എത്തിക്കുന്നത്.
വാഴത്തോപ്പ് പഞ്ചായത്തിൽ നിരവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി കുടിവെളളം നഷ്ടപ്പെടുന്നുണ്ട്. കരാറുകാർക്ക് ലാഭമുണ്ടാക്കാൻ ജലവിതരണ അഥോറിറ്റി ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതാണ് ചെറിയ തോതിലുള്ള കേടുപാടുകൾ പരിഹരിക്കാതെ കൂടുതൽ വഷളാകുംവരെ നീട്ടാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
അടിയന്തരമായി അഗസ്ത്യപുരത്തെ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ പൈനാവ് ജല അഥോറിറ്റി ഓഫീസിനു മുന്നിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.
