യെല്ലോ ഫംഗസ് ജീവനെടുക്കുമോ ? ഈ ഫംഗസിനെ എന്തു കൊണ്ട് ഭയക്കണം,എന്താണ് പ്രതിവിധികള്‍ എന്നറിയാം…

ബ്ലാക് ഫംഗസിനും വൈറ്റ് ഫംഗസിനും ശേഷം ആളുകളില്‍ ഭീതി വിതച്ചു കൊണ്ട് കടന്നു വന്നിരിക്കുന്ന ഫംഗല്‍ രോഗമാണ് യെല്ലോ ഫംഗസ് മൂലമുണ്ടാകുന്നത്.

ബ്ലാക് ഫംഗസ് മാരകമാണെങ്കില്‍ വൈറ്റ് ഫംഗസ് അത്ര കുഴപ്പക്കാരനല്ല. ഈ സാഹചര്യത്തില്‍ യെല്ലോ ഫംഗസിനെക്കുറിച്ചും അറിയേണ്ടതുണ്ട്.
മ്യൂകര്‍ സെപ്റ്റികസ് എന്ന ഫംഗസാണ് ഈ രോഗം ഉണ്ടാക്കുന്നത്.

അമിതമായ ക്ഷീണം,വിശപ്പില്ലായ്മ,ശരീരഭാരം പെട്ടെന്ന് കുറയുക, കണ്ണുകള്‍ കുഴിയുക, മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസം ഉണ്ടാവുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.

മാത്രമല്ല യെല്ലോ ഫംഗസ് ആന്തരീകാവയവങ്ങളെ ബാധിച്ചാല്‍ അവിടെ മുറി, പഴുപ്പ് എന്നിവ ഉണ്ടാവാം. അതി തീവ്രമായാല്‍ കോശങ്ങള്‍ നിര്‍ജ്ജീവമാവുന്ന പ്രക്രിയ (ടിഷ്യൂ നെക്രോസിസ്) സംഭവിച്ചേക്കാം.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് ഫംഗസ് ഏറ്റവുമധികം ബാധിക്കുക, ശുചിത്വമില്ലായ്മ, മുറിയിലെ അമിത ഈര്‍പ്പം, കേടായ ഭക്ഷണം കഴിക്കുക തുടങ്ങിയ വഴികളിലൂടെയും ഈ രോഗം വന്നേക്കാം.

അത്ര നിസ്സാരക്കാരനല്ല ഈ രോഗം.രോഗലക്ഷണങ്ങള്‍ പ്രധാനമായും ക്ഷീണം, വിശപ്പില്ലായ്മ എന്നിവ ആയതിനാല്‍ ആദ്യ ഘട്ടത്തില്‍ ഇവ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം.

ഇത് ആന്തരിക അവയങ്ങളെ ബാധിക്കുന്നതിനാല്‍ രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കാനുള്ള സാധ്യത അധികമാണ്. എന്നിരുന്നാലും ഇതിന് മരുന്നുണ്ട്. ആന്റിഫംഗല്‍ മരുന്നായ ആംഫോ ടെറിസിന്‍ ഇതിന്റെ ചികിത്സക്കായി ഉപയോഗിക്കപ്പെടുന്നു.

ഇന്ത്യയില്‍ ഇതുവരെ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. വ്യക്തിശുചിത്വം പാലിക്കുക, മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കുക. തുടങ്ങിയ മുന്‍കരുതലുകളാണ് ഈ രോഗത്തെ പ്രതിരോധിക്കാന്‍ പ്രധാനമായും എടുക്കേണ്ടത്.

Related posts

Leave a Comment