പട്ടേല്‍ പ്രതിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പ് അടുത്ത പ്രതിമ നിര്‍മാണവുമായി ബിജെപി! ദീപാവലി ദിനത്തില്‍ സരയൂ നദിക്കരയില്‍ രാമന്റെ പ്രതിമ നിര്‍മിക്കാനൊരുങ്ങി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഗുജറാത്തില്‍ 3,000 കോടി രൂപ മുടക്കി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ നിര്‍മിച്ചത് രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണിയിലും ദാരിദ്രത്തിലും കഴിയുമ്പോള്‍ ഇത്രയും കോടി, ഒരാവശ്യവുമില്ലാതെ ചിലവഴിക്കാന്‍ എങ്ങനെ സാധിച്ചു എന്നാണ് ആളുകളുടെ ചോദ്യം. എന്നാല്‍ പട്ടേല്‍ പ്രതിമ സംബന്ധിച്ച വിവാദങ്ങളും വിമര്‍ശനങ്ങളും കെട്ടടങ്ങുന്നതിന് മുമ്പേ അടുത്ത പ്രതിമ നിര്‍മാണവുമായി എത്തിയിരിക്കുകയാണ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ദീപാവലി ദിനത്തില്‍ സരയൂ നദിക്കരയില്‍ രാമന്റെ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 330 കോടി രൂപ ചിലവഴിച്ച് 100 മീറ്റര്‍ ഉയരത്തിലായിരിക്കും പ്രതിമ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവംബര്‍ ആറിന് ദീപാവലി ദിനത്തില്‍ പ്രതിമയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നും, ജനങ്ങള്‍ക്കുള്ള ദീപാവലി സമ്മാനമാണ് രാമന്റെ പ്രതിമയെന്നും ബിജെപി അവകാശപ്പെട്ടു. നവംബര്‍ ആറാം തിയതി വൈകുന്നേരം മുഖ്യമന്ത്രി തന്നെ ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രഖ്യാപിക്കും.

അതെസമയം അയോധ്യ വിഷയത്തില്‍ നീതി നടപ്പിലാക്കുകയാണെങ്കില്‍ ഉടനെ വേണമെന്നും വൈകിക്കിട്ടുന്ന നീതി , അവകാശ നിഷേധത്തിന് തുല്യമാണെന്നും കഴിഞ്ഞ ദിവസം യോഗി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദീപാവലി ദിനത്തില്‍ ആദിത്യ നാഥ് അയോദ്ധ്യ സന്ദര്‍ശിക്കും.

ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സാമ്പത്തിക മേഖലയിലും, ഉത്തര്‍പ്രദേശ് വളരെയധികം പിന്നില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും കോടികള്‍ മുടക്കി, ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിമ നിര്‍മാണം നടക്കാനിരിക്കുന്നത്.

Related posts