ഈ ക്രിക്കറ്റ് താരങ്ങള്‍ക്കിതെന്തു പറ്റി! 25 വയസുള്ള ഇംഗ്ലണ്ട് ദേശീയ താരം സഫര്‍ അന്‍സാരിയ്ക്കു പിന്നാലെ 26കാരനായ ഓസ്‌ട്രേലിയന്‍ താരം റയാന്‍ കാര്‍ട്ടേഴ്‌സും കളി നിര്‍ത്തി

ryam1ക്രിക്കറ്റില്‍ നിന്നും ചെറുപ്രായത്തില്‍ വിരമിക്കുന്ന താരങ്ങളുടെ എണ്ണം കൂടുന്നു. 25-ാം വയസില്‍ വിരമിച്ച് ഇംഗ്ലീഷ് ദേശീയ താരം  സഫര്‍ അന്‍സാരിയ്ക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ താരവും ന്യൂസൗത്ത് വെയ്ല്‍സ് വിക്കറ്റ് കീപ്പറുമായ റയാന്‍ കാര്‍ട്ടേഴ്‌സും ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചു.ഫിലോസഫി പഠിക്കണമെന്ന ആഗ്രഹത്തെത്തുടര്‍ന്നാണ് താന്‍ ക്രിക്കറ്റ് ഉപേക്ഷിക്കുന്നതെന്ന് 26കാരനായ കാര്‍ട്ടേഴസ് വ്യക്തമാക്കി. തനിക്ക് എല്ലാവിധ പിന്തുണയും നല്‍കിയ ന്യൂ സൗത്ത് വെയ്ല്‍സ് ടീമിനോടും കളിക്കാരോടും കാര്‍ട്ടേഴ്‌സ് നന്ദി പറഞ്ഞു. തത്വശാസ്ത്രം പഠിക്കണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും തന്റെ കരിയര്‍ അതിന് സമര്‍പ്പിക്കാനാണ് തീരുമാനമെന്നും താരം കൂട്ടിച്ചേര്‍ത്തു. ന്യൂ സൗത്ത് വെയ്ല്‍സിനായി 43 മത്സരങ്ങള്‍ കളിച്ച കാര്‍ട്ടേഴ്‌സ് 35.75 ശരാശരിയില്‍ 2515 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2010ലാണ് കാര്‍ട്ടേഴ്‌സ് ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ലിസ്റ്റ് എയില്‍ 345 റണ്‍സും ടി20യില്‍ 319 റണ്‍സുമാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.

കഴിഞ്ഞ ആഴ്ച്ചയാണ് 25 വയസ്സുകാരനായ ഇംഗ്ലീഷ് ക്രിക്കറ്റ് താരം സഫര്‍ അന്‍സാരി ക്രിക്കറ്റ് മതിയാക്കിയത്. ഇക്കഴിഞ്ഞ ബംഗ്ലാദേശ്, ഇന്ത്യന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്നു. ഇടങ്കൈയ്യന്‍ സ്പിന്നറായ അന്‍സാരി മൂന്ന് ടെസ്റ്റില്‍ നിന്ന് അഞ്ച് വിക്കറ്റുകളും 49 റണ്‍സും സ്വന്തമാക്കിയിരുന്നു. 2015ല്‍ അയര്‍ലന്‍ഡിനെതിരെ ഒരു ഏകദിനത്തിലും കളിച്ചിട്ടുണ്ട്.ഇംഗ്ലീഷ് കൗണ്ടി ക്ലബ് സറേയ്ക്കുവേണ്ടി കളിച്ചുകൊണ്ടിരുന്ന അന്‍സാരിയുടെ വിരമിക്കല്‍ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് അഭിഭാഷകനായി മാറാനാണ് താരം ഈ തീരുമാനമെടുത്തതെന്ന് സൂചനയുണ്ട്.

sss

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുവായിരത്തിലധികം റണ്‍സും 128 വിക്കറ്റും സ്വന്തമാക്കിയിട്ടുളള താരമാണ് സഫര്‍ അന്‍സാരി.’ക്രിക്കറ്റിനപ്പുറം പുതിയൊരു മേഖലയിലേക്ക് തിരിയേണ്ട സമയമായി, ചിലപ്പോള്‍ അഭിഭാഷക വൃത്തിയിലേക്കായിരിക്കും, അത് നേടിയെടുക്കാന്‍ ഇപ്പോള്‍മുതല്‍ തുടങ്ങണം’ അന്‍സാരി പറഞ്ഞു. സറേയ്ക്കായി എട്ടുവയസ്സുമുതല്‍ കളിച്ചു തുടങ്ങിയ തനിക്ക് വിരമിക്കല്‍ തീരുമാനം വളരെ പ്രയാസകരമായിരുന്നെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു. അന്‍സാരിയുടെ വിരമിക്കല്‍ തീരുമാനത്തെ പിന്തുണച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളായ കെവിന്‍ പീറ്റേഴ്‌സണും മൊയീന്‍ അലിയും രംഗത്തെത്തിയിരുന്നു. പണവും പ്രശസ്തിയും നേടിത്തരുന്ന ക്രിക്കറ്റിനു വേണ്ടി താരങ്ങള്‍ സ്വന്തം ഇഷ്ടങ്ങളെ മറക്കുമ്പോള്‍ അതില്‍ നിന്നു വ്യത്യസ്ഥരാവുകയാണ് ഈ രണ്ടു താരങ്ങളും.

Related posts