ഭക്ഷണം കൊടുക്കാനെത്തി; വീട്ടിലെ നായക്കുട്ടിയുമായി സൊമാറ്റോ ഡെലിവറി ബോയി ‘മുങ്ങി’ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി സൊമാറ്റോ ഡെലിവറി ബോയ് വീട്ടില്‍ പറന്നെത്തി ! പക്ഷെ തിരികെ പോയത് വീട്ടിലെ നായ്ക്കുട്ടിയെയും അടിച്ചെടുത്ത്…

ലഭിക്കുന്ന ഓര്‍ഡര്‍ എത്രയും വേഗം ഉപഭോക്താക്കള്‍ക്കെത്തിക്കുന്നതാണ് ഡെലിവറി ബോയിമാരുടെ ചുമതല. എന്നാല്‍ സൊമാറ്റോയിലെ ഡെലിവറി ബോയ് ഭക്ഷണം എത്തിച്ചു നല്‍കിയിട്ട് തിരികെ പോയത് വീട്ടുകാരുടെ ഓമനയായ നായ്ക്കുട്ടിയെയും കൊണ്ടാണ്.

പൂനെയില്‍ താമസിക്കുന്ന ദമ്പതികളുടെ പ്രിയപ്പെട്ട നായക്കുട്ടി ഡോട്ടുവിനെയാണ് സൊമാറ്റോക്കാരന്‍ അടിച്ചോണ്ടു പോയത്. തിളാഴ്ചയാണ് ഡോട്ടുവിനെ കാണാതായ വിവരം ഉടമയായ വന്ദന ഷാ അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അുസരിച്ച് കാണാതാകുന്നതിന് മുമ്പ് വരെ വീട്ടിലും പരിസരത്തുമായി ഓടിക്കളിച്ച് നടക്കുകയായിരുന്നു ഡോട്ടു. കാണാതായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നായക്കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവര്‍ സമീപത്തെ വീടുകളിലും റോഡിലും നായയെ തെരഞ്ഞു.

പിന്നീട് ഇവര്‍ നായക്കുട്ടിയെ കാണാനില്ലെന്നു കാട്ടി പോലീസില്‍ പരാതി നല്‍കി. വീടിന് പരിസരപ്രദേശങ്ങളില്‍ ഭക്ഷണവുമായെത്തിയ ഡെലിവറി ബോയ്‌സിനോട് ഡോട്ടുവിനെക്കുറിച്ച് തെരക്കിയപ്പോഴാണ് സൊമാറ്റോയിലെ ഒരു ഡെലിവറി ബോയിയുടെ കൈവശം നായയെ കണ്ടതായി വിവരം ലഭിച്ചത്. തുഷാര്‍ എന്ന സൊമാറ്റോ ഡെലിവറി ബോയിയാണ് മോഷ്ടാവ് എന്ന് കണ്ടെത്തിയതോടെ ഇയാളുടെ നമ്പറില്‍ ദമ്പതികള്‍ ബന്ധപ്പെട്ടു.

കുറ്റസമ്മതം നടത്തിയ ഇയാളോട് നായക്കുട്ടിയെ തിരികെ തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗ്രാമത്തിലേക്ക് അയച്ചെന്ന് പറഞ്ഞ് ഇയാള്‍ നൈസായി ഒഴിയുകയായിരുന്നെന്ന് ദമ്പതികള്‍ പറഞ്ഞു. നായക്കുട്ടിക്ക് പകരം പണം തരാമെന്ന് പറഞ്ഞെങ്കിലും ഡെലിവറി ബോയി ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്‌തെന്നും ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് ഇവര്‍ സൊമാറ്റോ അധികൃതരെ സമീപിച്ചു.തുടര്‍ന്ന് വിലാസവും ബന്ധപ്പെടേണ്ട നമ്പരും നല്‍കാന്‍ ആവശ്യപ്പെട്ട സൊമാറ്റോ അധികൃതര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ആരെങ്കിലും വീട്ടിലെത്തുമെന്ന് മറുപടി നല്‍കി. അതേസമയം പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചെന്നാണ് ദമ്പതികള്‍ ആരോപിക്കുന്നത്‌.

Related posts