ന്യൂഡല്‍ഹി: 2017 മാര്‍ച്ച് മാസത്തോടെ ഇന്ത്യന്‍ ബാങ്കുകളുടെ കിട്ടാക്കടം 8.5 ശതമാനമായി ഉയരുമെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ട്(സിഎസ്ആര്‍). കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 7.6 ശതമാനമായിരുന്നു.കൂടാതെ ബാങ്കുകളുടെ നിഷ്ക്രിയാസ്ഥി 9.3 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ 5.9 ശതമാനം കിട്ടാക്കടം വരുമെന്നായിരുന്നു ആര്‍ബിഐയുടെ റിപ്പോര്‍ട്ട്.
കിട്ടാക്കടവും നിഷ്ക്രിയാസ്ഥി യും കൂടിയാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ അതു ദോഷകരമായി ബാധിക്കും. ബാങ്കുകള്‍ കൂടുതല്‍ മൂലധന സമാഹരണം നടത്താന്‍ നിര്‍ബന്ധിതരാകും. കൂടാതെ കടം നല്‍കുന്നതിനുള്ള ശേഷി കുറയുകയും ചെയ്യും. ഏപ്രില്‍, മെയ് മാസങ്ങളിലെ കടത്തിന്റെ തോത് കുറഞ്ഞിരുന്നു.
ഇന്ത്യയിലുള്ള എല്ലാ ബാങ്കുകളും ആസ്ഥിയുടെ മൂല്യം വിലയിരുത്തണമെന്ന്(എക്യുആര്‍) സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്കിയതിനെ തുടര്‍ന്ന് ആദ്യം പുറത്തു വരുന്ന സിഎസ്ആര്‍ റിപ്പോര്‍ട്ടാണിത്. ഒരോ ബാങ്ക് നല്കിയ കടങ്ങളെ വിലയിരുത്തുന്നതിനും നിഷ്ക്രിയാസ്ഥിയെ അളക്കുന്നതിനുമാണ് എക്യുആര്‍ നടത്താന്‍ ബാങ്ക് ആവശ്യപ്പെട്ടത്.
ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണു കിട്ടാക്കടം 2.3 ലക്ഷം കോടിയാണെന്നു കണക്കാക്കിയത്. ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി കോര്‍പറേറ്റ് മേഖലയിലും പ്രതിഫലിക്കുമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു.