മുംബൈ: ആഭ്യന്തര വിമാനയാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ജെറ്റ് എയര്‍വേയ്സ് പ്രത്യേക മണ്‍സൂണ്‍കാല വിമാന നിരക്കുകള്‍ അവതരിപ്പിക്കുന്നു. ഗെറ്റ് മോര് എന്നു പേരിട്ടിരിക്കുന്ന പദ്ധതി വഴി ആഭ്യന്തര ബിസിനസ്, ഇക്കോണമി ക്ലാസുകള്‍ക്ക് 20 ശതമാനം ഇളവാണു ടിക്കറ്റ് നിരക്കുകളില്‍ നല്‍കുന്നത്. ജൂണ്‍ 25നും സെപ്റ്റംബര്‍ 30നും ഇടയില്‍ യാത്രചെയ്യുന്നതിനായി ജൂണ്‍ രണ്ടിനും ആറിനുമിടയില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണു ഇളവ് നല്കുന്നതെന്നു ജെറ്റ് എയര്‍വേയ്സ് പ്രസ്താവനയില്‍ അറിയിച്ചു.
ജനുവരിയും, ജൂലൈയുമാണു സാധാരണയായി വിമാന സര്‍വീസുകള്‍ക്കു തിരക്കു കുറഞ്ഞ സീസണ് ആയി കണക്കാക്കുന്നത്. ഈകാലയളവില്‍ സീറ്റുകള്‍ നിറയ്ക്കുന്നതിനാണു സാധാരണ ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഗെറ്റ് മോര് ആനുകൂല്യങ്ങള്‍ ജെറ്റ് എയര്‍വേയ്സില്‍നിന്നു നേരിട്ടുള്ള എല്ലാ ആഭ്യന്തര സര്‍വീസുകള്‍ക്കും ഓഫര്‍ ബാധകമാണെന്നും കമ്പനി അറിയിച്ചു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പേസ്ജെറ്റ്, ഗോഎയര്‍, എയര്‍ ഏഷ്യ ഇന്ത്യ എന്നീ കമ്പനികളും അടുത്തിടെ ആഭ്യന്തര സര്‍വീസുകളുടെ നിരക്ക് കുറച്ചിരുന്നു.