പരസ്യതന്ത്രവുമായി എയര്‍ ഇന്ത്യ

b-airindiaമുംബൈ: അങ്ങനെ എയര്‍ ഇന്ത്യയും കളം മാറ്റിച്ചവിട്ടുന്നു. മറ്റു ബജറ്റ് വിമാനക്കമ്പനികളുടെ മുന്നേറ്റത്തിനു തടയിടാനെന്നോണം പരസ്യപ്രചാരണമാണ് എയര്‍ ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. മുംബൈ എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ചിരിക്കുന്ന അഡ്വര്‍ടൈസിംഗ് പാനലില്‍ ശനിയാഴ്ച മുതലാണ് പ്രത്യേക പരസ്യവാചകം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ആരെയും എടുത്തുപറയുന്നില്ലെങ്കിലും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യാത്രക്കാരെ ആകര്‍ഷിക്കാനാണ് എയര്‍ ഇന്ത്യയുടെ ശ്രമം. മുംബൈ വിമാനത്താവളത്തിലെ ഇന്‍ഡിഗോയുടെ ചെക്ക് ഇന്‍ കൗണ്ടറിനു സമീപം അടുത്ത തവണ എയര്‍ ഇന്ത്യയോടൊപ്പം പറക്കൂ, വ്യത്യാസം അനുഭവിച്ചറിയൂ എന്ന പരസ്യവാചകമാണ് സ്ഥാനംപിടിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ആഭ്യന്തര യാത്രാരംഗത്തിന്റെ 40 ശതമാനവും കൈയാളുന്നത് ഇന്‍ഡിഗോയാണ്. 14.8 ശതമാനമാണ് എയര്‍ ഇന്ത്യക്കുള്ളത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കമ്പനി യാത്രക്കാരെ ആകര്‍ഷിക്കാനുള്ള ശ്രമം തുടങ്ങിയത്.അധിക യാത്രാസൗകര്യങ്ങള്‍ നല്കി യാത്രക്കാരുടെ പ്രീതി പിടിച്ചുപറ്റാനാണ് എയര്‍ ഇന്ത്യ ശ്രമിക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ അശ്വനി ലോഹാനി അറിയിച്ചു.

സ്വകാര്യ വിമാനക്കമ്പനികള്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ മത്സരബുദ്ധിയോടെ ശ്രമിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. നിരവധി തര്‍ക്കങ്ങളും ഇക്കാരണത്താല്‍ ഉടലെടുത്തിട്ടുണ്ട്. ഇതാദ്യമായാണ് എയര്‍ ഇന്ത്യ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പ്രത്യേക ശ്രമവുമായി മുന്നിട്ടിറങ്ങുന്നത്.

Related posts