ന്യൂഡല്‍ഹി: പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) നിക്ഷേപത്തിന്റെ പലിശ കുറച്ചതു കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെ പിഎഫ് (ജിപിഎഫ്) നിക്ഷേപങ്ങള്‍ക്കുള്ള പലിശ കുറയ്ക്കാനും ഇടയാക്കും. എന്നാല്‍, സ്വകാര്യമേഖലാ ജീവനക്കാരുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ (ഇപിഎഫ്) നിക്ഷേപങ്ങള്‍ക്ക് അതു പ്രശ്‌നമാകില്ല.
പിപിഎഫ് പലിശനിരക്കിലാണു കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ജിപിഎഫിലും പലിശ നല്‍കിയിരുന്നത്. പല വര്‍ഷങ്ങളിലും ഈ നിരക്കു പ്രഖ്യാപിക്കുന്നതുപോലും ഒരേ ദിവസമായിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ നിരക്ക് പ്രഖ്യാപിച്ചപ്പോള്‍ ഇനി പിപിഎഫ് നിരക്കുമായി ബന്ധിപ്പിച്ചാകും ജിപിഎഫ് നിക്ഷേപ പലിശ നല്‍കുക എന്ന് അറിയിച്ചിരുന്നു.
2000-01ല്‍ പിപിഎഫും ജിപിഎഫും 11 ശതമാനമാണു നല്‍കിയത്. 2001-02ല്‍ 9.5, 2001-03ല്‍ ഒമ്പത്, തുടര്‍ന്ന് രണ്ടു വര്‍ഷം എട്ട്, 2011-12ല്‍ 8.6, 2012-13ല്‍ 8.8, തുടര്‍ന്നു മൂന്നുവര്‍ഷം 8.7 ശതമാനം എന്ന തോതിലായിരുന്നു രണ്ടു സ്കീമിലും പലിശ.ഇപ്പോള്‍ പിപിഎഫ് പലിശ 8.1 ശതമാനമായി കുറച്ചിട്ടുണ്ട്. ഒരു വര്‍ഷത്തേക്കല്ല മൂന്നു മാസത്തേക്കാണ് ഈ നിരക്ക്. മൂന്നു മാസം കഴിയുമ്പോള്‍ അതതു സമയത്തെ കേന്ദ്രസര്‍ക്കാര്‍ കടപ്പത്രങ്ങളുടെ പലിശനിരക്കനുസരിച്ച് പലിശ പുതുക്കി നിശ്ചയിക്കും. പിപിഎഫില്‍ ഇങ്ങനെ ത്രൈമാസാടിസ്ഥാനത്തില്‍ മാറ്റം വരുത്തുന്നതുപോലെ ജിപിഎഫിലും മാറ്റംവരുത്തുമോ എന്നു ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടില്ല.
കേന്ദ്രജീവനക്കാരുടെ ജിപിഎഫിനു നല്‍കുന്ന പലിശതന്നെയാണു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കരുടെ പിഎഫിനും നല്കുന്നത്. അവയും പിപിഎഫ് മാതൃകയില്‍ പലിശ വര്‍ഷത്തില്‍ നാലു തവണ മാറ്റുമോയെന്ന് ഇനി തീരുമാനിക്കേണ്ടിവരും.പിപിഎഫ് അടക്കം ഇടത്തരക്കാരുടെയും വൃദ്ധജനങ്ങളുടെയും നിക്ഷേപ പദ്ധതികളുടെ പലിശ കമ്പോളാധിഷ്ഠിതമാക്കിയതു നിക്ഷേപകര്‍ക്ക് വരും മാസങ്ങളില്‍ വലിയ നഷ്ടത്തിനിടയാക്കും. കാരണം ഇന്ത്യ പലിശ കുറയ്ക്കലിന്റെ കാലഘട്ടത്തിലാണ്. 2015ല്‍ റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്കായ റീപോ 1.25 ശതമാനം കുറച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ ശരാശരി 0.6 ശതമാനം കണ്ടു നിക്ഷേപ-വായ്പാ പലിശകള്‍ കുറച്ചു.
ഏപ്രില്‍ അഞ്ചിനു റിസര്‍വ് ബാങ്ക് വീണ്ടും പണനയം അവലോകനം ചെയ്യുന്നുണ്ട്. അതില്‍ കുറഞ്ഞതു കാല്‍ ശതമാനം കണ്ടു പലിശ കുറയ്ക്കുമെന്നാണ് അഭ്യൂഹം. വിലക്കയറ്റം വര്‍ധിക്കുന്നില്ലെങ്കില്‍ ഡിസംബറിനകം രണ്ടു തവണകൂടി റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കും എന്നാണു പൊതു നിഗമനം. ഡിസംബറോടെ മുക്കാല്‍ മുതല്‍ ഒന്നു വരെ ശതമാനം പലിശ കുറയും എന്നു ചുരുക്കം. റിസര്‍വ് ബാങ്ക് റീപോ കുറയ്ക്കുന്നതു വാണിജ്യബാങ്കുകളുടെ പലിശ കുറയാനിടയാക്കും.
ഇതോടൊപ്പം ഗവണ്‍മെന്റ് ധനകമ്മി ചുരുക്കിനിര്‍ത്തുന്നതു പലിശ നിരക്കുകള്‍ താഴാനിടയാക്കും. കമ്മി കുറയുമ്പോള്‍ സര്‍ക്കാരിന്റെ കടമെടുക്കല്‍ കുറയും. അതായതു കുറച്ചു കടപ്പത്രങ്ങളേ ഇറക്കൂ. അപ്പോള്‍ കടപ്പത്രവില കൂടും. പലിശ താഴും. കടപ്പത്രങ്ങളുടെ പലിശനിരക്ക് കുറയുമ്പോള്‍ അതിനെ ആധാരമാക്കി നിശ്ചയിക്കുന്ന പിപിഎഫ്, ദേശീയ സമ്പാദ്യ പദ്ധതി, പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് പലിശകളും കുറയും. പിപിഎഫ് നിരക്കു കുറയുമ്പോള്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ പിഎഫ് പലിശനിരക്കും കുറയും.
ഫണ്ടുകള്‍ വ്യത്യസ്തം
ഏതു മേഖലയിലുള്ളവര്‍ക്കും ചേരാവുന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ഗവണ്‍മെന്റ് ജീവനക്കാര്‍ക്കുള്ള ഗവണ്‍മെന്റ് പ്രൊവിഡന്റ് ഫണ്ട് (ജിപിഎഫ്) സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കായി കേന്ദ്ര തൊഴില്‍ മന്ത്രാലയം നടത്തിവരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) എന്നിവ തമ്മില്‍ സാരമായ വ്യത്യാസമുണ്ട്.ജിപിഎഫ് പ്രത്യേക നികുതിയായി സൂക്ഷിക്കുന്നില്ല. ഓരോ ജീവനക്കാരന്റെയും അക്കൗണ്ടില്‍ ഓരോ മാസത്തെയും വിഹിതവും വാര്‍ഷിക പലിശയും ക്രെഡിറ്റ് ചെയ്യുന്നു. റിട്ടയര്‍ ചെയ്യുമ്പോള്‍ ആ തുക നല്‍കുന്നു.
ഇപിഎഫിലും പിപിഎഫിലും പ്രത്യേക നിധിയായി പണം സൂക്ഷിച്ച് ആ പണം നിക്ഷേപിച്ച് പലിശയും ലാഭവും നേടി അതു മുതലിനോടു ചേര്‍ക്കും. പിപിഎഫില്‍ വരിക്കാരന്‍ മാത്രമേ നിക്ഷേപിക്കുന്നുള്ളൂ. ആ തുക സര്‍ക്കാര്‍ കടപ്പത്രങ്ങളിലും കമ്പനി കടപ്പത്രങ്ങളിലും മറ്റും നിക്ഷേപിച്ച് ആദായമുണ്ടാക്കുന്നു.ഇപിഎഫില്‍ തൊഴിലാളിയും തൊഴിലുടമയും വിഹിതമടയ്ക്കുന്നു. ഈ തുകയും കടപ്പത്രങ്ങളിലാണു പ്രധാനമായും നിക്ഷേപിക്കുന്നത്. ഇങ്ങനെ കിട്ടുന്ന ആദായം വരിക്കാര്‍ക്കു വീതിച്ചു നല്‍കുന്നു. ഇപിഎഫിലെ അഞ്ചു ശതമാനം തുക പൊതുമേഖലാ ഓഹരികളില്‍ നിക്ഷേപിക്കാന്‍ അനുവദിച്ചിട്ടുണ്ട്.
പിപിഎഫിനു ഗവണ്‍മെന്റ് ചെറിയ സബ്‌സിഡി നല്‍കുന്നുണെ്ടന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവകാശപ്പെട്ടിരുന്നു. എന്നാല്‍, ബജറ്റില്‍ അതിനു വകയിരുത്തലൊന്നുമില്ല.ഇപിഎഫിന് അതിന്റെ നിക്ഷേപങ്ങളില്‍നിന്നു ലഭിക്കുന്ന വരുമാനവും മുന്‍വര്‍ഷങ്ങളിലെ മിച്ചവും ചേര്‍ന്ന തുക വീതംവയ്ക്കാന്‍ ഉണ്ടാകും. ഓരോ നിക്ഷേപകന്റെയും അക്കൗണ്ടിലേക്ക് അവ നല്‍കുന്നു. പിപിഎഫിനും സമാനമാണു രീതി. എന്നാല്‍, ജിപിഎഫിലെ തുക പ്രത്യേകം സൂക്ഷിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാത്തതിനാല്‍ പലിശ പ്രഖ്യാപിച്ച് അതിനുള്ള തുക ഗവണ്‍മെന്റ് ബജറ്റില്‍നിന്നു നല്‍കുന്നു.