റബര്‍വില ഉയരുന്നു; കേരളത്തില്‍ ചരക്കുക്ഷാമം

bis-rubberവിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകള്‍ പുതിയ ദിശ കണെ്ടത്താനുള്ള ആദ്യ ശ്രമം വിജയം കണ്ടു, ലോക വിപണിയില്‍ ഷീറ്റ് വില ഉയര്‍ന്നു. കുരുമുളക് വിപണിയില്‍ വാരാന്ത്യം മുന്നേറ്റം. വരണ്ട കാലാവസ്ഥ ഏലക്ക ഉത്പാദനത്തെ ബാധിച്ചു. രൂപയുടെ വിനിമയ മൂല്യം ഉയര്‍ന്നത് വെളിച്ചെണ്ണയ്ക്കു തിരിച്ചടിയായി. സ്വര്‍ണ വിപണിയില്‍ തിളക്കം.

റബര്‍

ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകള്‍ പുതിയ ദിശയിലേയ്ക്ക്. ക്രൂഡ് ഓയിലിന്റെ വിലക്കയറ്റം നിക്ഷേപകരെയും ഓപ്പറേറ്റര്‍മാരെയും റബറിലേക്ക് ആകര്‍ഷിച്ചു. വാങ്ങല്‍ താത്പര്യം കനത്തതോടെ ടോക്കോമില്‍ റബര്‍ ഡിസംബറിനു ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലെത്തി. കഴിഞ്ഞവാരം ഒമ്പത് ശതമാനം ജാപ്പനീസ് മാര്‍ക്കറ്റ് കയറി. ഒപെക് ക്രൂഡ് ഓയില്‍ ഉത്പാദനം കുറയ്ക്കുന്നത് സംബന്ധിച്ച് പുതിയ പ്രഖ്യാപനം നടത്തുമെന്ന സൂചന എണ്ണവിപണിയെ സജീവമാക്കി. ചൈനയില്‍നിന്ന് അനുകൂല റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നാല്‍ റബറിനു നേട്ടമാവും. മുഖ്യ റബര്‍ ഉത്പാദന രാജ്യങ്ങളില്‍ ഇത് ഓഫ് സീസണാണ്. വരള്‍ച്ച മൂലം ഈ വര്‍ഷം റബര്‍ ഉത്പാദനം കുറയുമെന്ന് വാരാന്ത്യം ഇന്തോനേഷ്യ വ്യക്തമാക്കി.

പ്രതികൂല കാലാവസ്ഥ മൂലം കേരളത്തില്‍ ടാപ്പിംഗ് നിലച്ചതിനാല്‍ ചരക്കുക്ഷാമം നേരിട്ടു. രാജ്യാന്തര വിപണിയില്‍ റബര്‍ അവധി നിരക്കുകള്‍ ഉയര്‍ന്നതോടെ ഇന്ത്യന്‍ മാര്‍ക്കറ്റും ചുടുപിടിച്ചു. പ്രമുഖ ടയര്‍ കമ്പനികളുടെ ശ്രദ്ധ തിരിഞ്ഞതോടെ നാലാം ഗ്രേഡ് 9,600ല്‍നിന്ന് 10,000 രൂപയായി. ശിവരാത്രി ആഘോഷങ്ങള്‍ കഴിയുന്നതോടെ ഉത്തരേന്ത്യന്‍ വ്യവസായികള്‍ രംഗത്തു സജീവമാകാം. അഞ്ചാം ഗ്രേഡ് 9,900 രൂപയിലാണ്.

കുരുമുളക്

വാരത്തിന്റെ ആദ്യ പകുതിയില്‍ തളര്‍ന്ന കുരുമുളക് വാരത്തിന്റെ രണ്ടാം പകുതിയില്‍ ഉയര്‍ന്നു. ഉത്തരേന്ത്യന്‍ ആവശ്യം ഉയര്‍ന്നതിനിടയില്‍ കൂര്‍ഗ് ചരക്ക് നീക്കം ചുരുങ്ങിയത് വിലക്കയറ്റത്തിന് വഴിതെളിച്ചു. ഇതിനിടയില്‍ ഡോളറിനു മുന്നില്‍ രൂപയുടെ തിരിച്ചുവരവ് വിദേശ ഓര്‍ഡറുകള്‍ക്ക് സാഹചര്യം ഒരുക്കാം. ഗാര്‍ബിള്‍ഡ് കുരുമുളക് 65,300ലും അണ്‍ ഗാര്‍ബിള്‍ഡ് 63,300ലുമാണ്. ഈസ്റ്റര്‍ ആവശ്യങ്ങള്‍ക്കുള്ള കുരുമുളക് യൂറോപ്യന്‍ ബയറര്‍മാര്‍ സംഭരിക്കുന്നുണ്ട്.

വെളിച്ചെണ്ണ

രൂപയുടെ വിനിമയനിരക്ക് മെച്ചപ്പെട്ടത് ഭക്ഷ്യയെണ്ണ ഇറക്കുമതി അല്പം ലാഭകരമാക്കി. ഫോറെക്‌സ് മാര്‍ക്കറ്റില്‍നിന്നുള്ള അനുകൂല വാര്‍ത്തകള്‍ക്കിടെ പാംഓയില്‍, സൂര്യകാന്തി എണ്ണ വിലകള്‍ താഴ്ന്നത് വെളിച്ചെണ്ണയെയും തളര്‍ത്തി. വെളിച്ചെണ്ണയ്ക്കു മാസാരംഭ ഡിമാന്‍ഡ് കൊപ്രയാട്ട് വ്യവസായികള്‍ പ്രതീക്ഷിച്ചെങ്കിലും മങ്ങിയതോടെ വെളിച്ചെണ്ണയ്ക്ക് 400 രൂപ ഇടിഞ്ഞു. 8,700ല്‍ വില്പന തുടങ്ങിയ കൊച്ചി മാര്‍ക്കറ്റ് വാരാന്ത്യം 8,300ലാണ്. കൊപ്ര വില 5,920ല്‍നിന്ന് 5,690 രൂപയായി. അതേസമയം, കാങ്കയത്ത് കൊപ്ര 5,250 രൂപയിലാണ്. തമിഴ്‌നാട്ടിലെ വില ഇടിവ് നാളികേര കര്‍ഷകരില്‍ ആശങ്ക പരത്തി.

ഏലക്ക

പകല്‍ താപനില ഉയര്‍ന്നത് ഏലക്ക ഉത്പാദനത്തെ ബാധിച്ചു. നവംബര്‍-ഡിസംബറിനെ അപേക്ഷിച്ച് ഏലക്ക ഉത്പാദനം കഴിഞ്ഞ മാസം കുറഞ്ഞു. വരള്‍ച്ച രൂക്ഷമാകുന്നതിനാല്‍ പല തോട്ടങ്ങളിലും വിളവെടുപ്പ് അവസാന റൗണ്ടിലേക്കു അടുക്കുന്നു.

പുതിയ സാഹചര്യത്തില്‍ മെച്ചപ്പെട്ട വിലയ്ക്കായി ഉത്പാദകര്‍ പിടിമുറുക്കുന്നുണ്ട്. ഓഫ് സീസണിനു മുമ്പായി ഏലക്ക ശേഖരിക്കാന്‍ ഇടപാടുകാര്‍ ഉത്സാഹിച്ചു. വാരാന്ത്യം വണ്ടന്മേട്ടില്‍ നടന്ന ലേലത്തില്‍ 87 ടണ്‍ ചരക്ക് ലേലംകൊണ്ടു.

സ്വര്‍ണം

ആഭരണ വിപണികളില്‍ പവന്‍ ഈ വര്‍ഷത്തെ ഉയര്‍ന്ന വിലയില്‍. പവന്‍ പിന്നിട്ടവാരം 200 രൂപ വര്‍ധിച്ച് 21,480 രൂപയായി. വാരമധ്യം പവന്‍ 21,200 ലേക്കു താഴ്ന്നിരുന്നു. മാര്‍ക്കറ്റ് ക്ലോസിംഗ് നടക്കുമ്പോള്‍ ഒരു ഗ്രാമിന്റെ വില 2685 രൂപ. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1,221 ഡോളറില്‍നിന്ന് 13 മാസത്തിനിടയിലെ ഏറ്റവും വിലയായ 1,280 വരെ കയറി ശേഷം 1,260 ഡോളറിലാണ്.

Related posts