റിലയന്‍സ് ജിയോ; നിക്ഷേപകര്‍ക്ക് ആശങ്ക

reliance-jioമുംബൈ: 2.5 ലക്ഷം കോടി മുതല്‍മുടക്കില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവതരിപ്പിച്ച റിലയന്‍സ് ജിയോ നഷ്ടത്തിലാവില്ലെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി. ജിയോയുടെ അവതരണത്തെത്തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിമൂല്യത്തില്‍ രണ്ടു ശതമാനം ഇടിവുണ്ടായത് നിക്ഷേപകരെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത്. ഇതേത്തുടര്‍ന്നാണ് ജിയോ 18-19 ശതമാനം ആദായം നേടുമെന്ന് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മുകേഷ് അവകാശപ്പെട്ടത്.

ഈ മാസം ഒന്നിനു നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിക്ഷേപകരുടെ 42-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ജിയോയുടെ രഹസ്യങ്ങള്‍ മുകേഷ് വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍ എന്നിവയുടെ ഓഹരിമൂല്യത്തിനൊപ്പം ആര്‍ഐഎലിന്റെ മൂല്യവും ഇടിഞ്ഞിരുന്നു.

കഴിഞ്ഞ നാലു പതിറ്റാണ്ടിലെ റിലയന്‍സിന്റെ വളര്‍ച്ച നോക്കിയാല്‍ ഈ ഇടിവ് സാരമാക്കേണെ്ടന്നു മനസിലാക്കാം. നിക്ഷേപകര്‍ക്കെല്ലാം മുടക്കിയതിലും 20 ശതമാനം വാര്‍ഷിക നേട്ടമുണ്ടാകുമെന്ന് മുകേഷ് ഉറപ്പു നല്കുന്നുണ്ട്. എന്നാല്‍, ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം പറയുന്നു.ജിയോയുടെ നെറ്റ്‌വര്‍ക്ക് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ മറ്റു ടെലികോം കമ്പനികളുടെ സഹായം തേടാന്‍ റിലയന്‍സ് ശ്രമിക്കുന്നുണ്ട്. എന്നാല്‍, ടെലികോം മേഖലയില്‍ വന്‍ തിരിച്ചടി നല്കിയ ജിയോയുമായി സഹകരണം വേണ്ട എന്നാണ് മറ്റു സേവനദാതാക്കളുടെ നിലപാട്.

ജിയോയ്ക്ക് വേണ്ടത്ര നെറ്റ്‌വര്‍ക്ക് ഇല്ലെന്ന് മറ്റു പ്രധാന മൊബൈല്‍ സേവനദാതാക്കള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നതിനു പണം വേണ്ട എന്ന അവസ്ഥയുണ്ടായാല്‍ അത് വലിയ വെല്ലുവിളിയായിരിക്കും സൃഷ്ടിക്കുകയെന്നും ടെലികോം കമ്പനികളുടെ സംഘടന പറയുന്നുണ്ട്.ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എല്ലാ ടെലികോം സേവനദാതാക്കളുടെയും യോഗം ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) വിളിച്ചിട്ടുണ്ട്.

Related posts