ന്യൂഡല്‍ഹി: ദരിദ്ര ജനതയുടെ പേരില്‍ നല്കുന്ന സബ്‌സിഡിയില്‍ ഭൂരിപക്ഷവും അനുഭവിക്കുന്നത് സമ്പന്നര്‍. ഇവ ഒഴിവാക്കാന്‍ നടപടി വേണമെന്ന് ഇന്നലെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ ആവശ്യപ്പെടുന്നു.ഉപയോക്താക്കള്‍ക്കു നേരിട്ടു സബ്‌സിഡി നല്കുന്ന രീതി വന്നാല്‍ ദരിദ്രരെ ചാരി സമ്പന്നര്‍ ആനുകൂല്യം തട്ടിയെടുക്കുന്നത് അവസാനിപ്പിക്കും.
വൈദ്യുതിക്കുള്ള സബ്‌സിഡി ലഭിക്കുന്നതു താരതമ്യേന സമ്പന്നര്‍ക്കാണ്. രാജ്യത്ത് 67.2 ശതമാനം വീടുകളേ വൈദ്യുതീകരിച്ചിട്ടുള്ളൂ. തീരെ ദരിദ്രര്‍ക്കു വൈദ്യുതിയില്ല. ഉള്ളവരില്‍ തന്നെ താഴ്ന്ന വരുമാനക്കാരായ 20 ശതമാനം പേര്‍ ആളോഹരി മാസം 45 യൂണിറ്റ് മാത്രം ഉപയോഗിക്കുന്നു. അതിസമ്പന്നരായ 20 ശതമാനമാകട്ടെ ശരാശരി 121 യൂണിറ്റ് വീതം സബ്‌സിഡിയില്‍ 37 ശതമാനം സമ്പന്നര്‍ക്കും 10 ശതമാനം താഴ്ന്ന വരുമാനക്കാര്‍ക്കും കിട്ടുന്നു.
പാചകവാതക സബ്‌സിഡിയില്‍ ദരിദ്രരായ 20 ശതമാനം പേര്‍ക്ക് ആളോഹരി 10 രൂപ കിട്ടുമ്പോള്‍ സമ്പന്നരായ 20 ശതമാനത്തിന് ആളോഹരി 80 രൂപ കിട്ടുന്നു. റെയില്‍വേ യാത്രക്കൂലി കുറച്ചുനിര്‍ത്തുമ്പോഴും ഗുണം താരതമ്യേന ഉയര്‍ന്ന വരുമാനം ഉള്ളവര്‍ക്കാണ്.
ഭക്ഷ്യധാന്യങ്ങള്‍ 1,29,000 കോടി, റെയില്‍വേ യാത്രക്കൂലി 51,000 കോടി, രാസവളം 73,790 കോടി, റേഷന്‍ പഞ്ചസാര 33,000 കോടി, വൈദ്യുതി 32,300 കോടി, പാചകവാതകം 23,746 കോടി, മണ്ണെണ്ണ 20,415 കോടി, കുടിവെള്ളം 14,208 കോടി എന്നിവയടക്കം 3,77,616 കോടി രൂപയാണു രാജ്യത്തെ പ്രധാന സബ്‌സിഡികള്‍ എന്നു സര്‍വേ പറയുന്നു.
ദേശീയ സമ്പാദ്യ പദ്ധതിയിലെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്കുന്നതിലെ ചെലവുകൂടി കൂട്ടിയാല്‍ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) ത്തിന്റെ അഞ്ചു ശതമാനം സബ്‌സിഡിയായി നല്കുന്നു എന്നു സര്‍വേ ചൂണ്ടിക്കാട്ടുന്നു.