സ്വന്തം ലേഖകന്‍
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി(സിയാല്‍)യിലെ ഓഹരി ഉടമകള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കും. കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനിയുടെ വരുമാനത്തില്‍ 26.71 ശതമാനത്തിന്റെയും അറ്റാദായത്തില്‍ 21.19 ശതമാനത്തിന്റെയും വര്‍ധനയുണ്ടായെന്നു വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
25 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ശിപാര്‍ശ പൊതുയോഗം അംഗീകരിച്ചു. ഇതുകൂടി ചേര്‍ത്ത് 2003–2004 സാമ്പത്തികവര്‍ഷം മുതല്‍ ഓഹരിയുടമകള്‍ക്കു ലഭിച്ച ലാഭവിഹിതം 178 ശതമാനമായി. സിയാലിന്റെ കഴിഞ്ഞ വര്‍ഷത്തെ മൊത്തവരുമാനം 524.53 കോടി രൂപയും അറ്റാദായം 175.22 കോടി രൂപയുമാണ്.
കഴിഞ്ഞ വര്‍ഷം 7.77 ദശലക്ഷം യാത്രക്കാരാണു വിമാനത്താവളത്തിലൂടെ കടന്നുപോയത്. മുന്‍ വര്‍ഷത്തേക്കാള്‍ 21.20 ശതമാനം കൂടുതലാണിത്. മറ്റു വിമാനത്താവളങ്ങളേക്കാള്‍ കുറഞ്ഞ ചെലവിലാണു സിയാലിന്റെ പ്രവര്‍ത്തനം. വിമാനത്താവളത്തില്‍ 13.4 മെഗാവാട്ട് ശേഷിയുള്ള പുതിയ സൗരോര്‍ജ പ്ലാന്റ് ഫെബ്രുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും.
നിലവില്‍ 15.4 മെഗാവാട്ട് ശേഷിയുള്ള നിലവിലുള്ള പ്ലാന്റുകളില്‍നിന്നു കഴിഞ്ഞ ഓഗസ്റ്റ് 31 വരെ 2.53 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. പ്രതിദിനം 1,15,000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതോടെ നിലവിലുള്ള ഊര്‍ജോത്പാദനം ഈ സാമ്പത്തികവര്‍ഷത്തില്‍തന്നെ 28.8 മെഗാവാട്ടാകും.
പുതിയ രാജ്യാന്തര ടെര്‍മിനല്‍ രണ്ടു മാസത്തിനകം പ്രവര്‍ത്തനസജ്ജമാകും. മണിക്കൂറില്‍ 4,000 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയും 112 ചെക്ക് ഇന്‍ കൗണ്ടറുകളും 19 ഗേറ്റുകളും 10 എയ്റോബ്രിഡ്ജുകളുമാണ് ഇവിടെ ഉണ്ടാകുക. പുതിയ കാര്‍ പാര്‍ക്കിംഗ് മേഖലയില്‍ ഒരേസമയം 1,500 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. 1,931 മീറ്റര്‍ നീളത്തില്‍ പുതിയ നാലുവരി പാതയുടെയും മേല്‍പ്പാലത്തിന്റെയും നിര്‍മാണം അടുത്ത മാസത്തോടെ പൂര്‍ത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷ.
വിമാനത്താവള കമ്പനിയുടെ അധീനതയിലുള്ള സ്ഥലം കാര്യക്ഷമമായി ഉപയോഗിക്കുന്നതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കൂടുതല്‍ പദ്ധതികള്‍ക്കു തുടക്കംകുറിക്കും. നോണ്‍ മെട്രോ എയര്‍പോര്‍ട്ടുകളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ പുരസ്കാരം സിയാലിനു ലഭിച്ചു. ജലശുദ്ധീകരണം, കാര്‍ബണ്‍ വികിരണം കുറയ്ക്കല്‍, പഞ്ചായത്തുകള്‍ക്ക് എല്‍ഇഡി തെരുവു വിളക്കുകള്‍ നല്കല് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്തു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്കാരത്തിനും സിയാല്‍ അര്‍ഹമായി.
കമ്പനിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു മൂലധന സമാഹരണം നടത്താനായി സാധാരണ ഓഹരി ഉടമകള്‍ക്കു 1:4 അനുപാതത്തില്‍ 10 രൂപ മുഖവിലയുള്ള 7,65,14,950 ഓഹരികള്‍ 40 രൂപ അധികമൂല്യത്തില്‍ നല്‍കിയതിനു മികച്ച പ്രതികരണമാണു ലഭിച്ചത്. 382.57 കോടി രൂപയാണ് അവകാശ ഓഹരി വിതരണത്തിലൂടെ സമാഹരിച്ചത്. സിയാലിനെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനുള്ള ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിയും ഡയറക്ടറുമായ വി.എസ്. സുനില്‍കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്, ഡയറക്ടര്‍മാരായ കെ. റോയ് പോള്‍, എം.എ. യൂസഫലി, എ.കെ. രമണി, എന്‍.വി. ജോര്‍ജ്, സി.വി. ജേക്കബ്, ഇ.എം. ബാബു തുടങ്ങിയവരും പങ്കെടുത്തു.