മുന്നിലെത്താന്‍ ബ്ലാസ്‌റ്റേഴ്‌സ്

fb-blasterstody

മഡ്ഗാവ്: ആത്മിവിശ്വാസത്തോടെ കളിക്കാനുള്ള ഊര്‍ജം സമ്പാദിച്ച കേരള ബ്ലാസ്‌റ്റേഴ്്‌സും വിജയിക്കാനറിയാം എന്നു തെളിയിച്ച എഫ്‌സി ഗോവയും ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുഖാമുഖം. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കുന്ന ഇരു ടീമിനും സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്നു ജയിച്ചേ മതിയാകൂ.കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ രണ്ടു തോല്‍വികള്‍ക്കു ശേഷം ഡല്‍ഹി ഡൈനാമോസിനോട് ഗോള്‍രഹിത സമനിലയും അതിനുശേഷം മുംബൈ സിറ്റിയെ 1–0നും പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ പൂനെ സിറ്റിയുമായി സമനിലയും (1–1) പങ്കിട്ടു.

എഫ്‌സി ഗോവ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മുംബൈ സിറ്റിക്ക് എതിരേയാണ് ആദ്യ ജയം (1–0) സ്വന്തമക്കിയത്. നിലവിലെ രണ്ടാം സ്ഥാനക്കാരായ എഫ്‌സി ഗോവയ്ക്ക് മറ്റു നാല് മത്സരങ്ങളില്‍ ഒരു സമനില മാത്രം. അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയോടായിരുന്നു എഫ്‌സി ഗോവയുടെ സമനില (1–1).

ഈ ഘട്ടത്തില്‍ പോയിന്റ് വളരെ അത്യാവശ്യമാണ്. അതിനുവേണ്ടിയുള്ള ഗെയിം ആയിരിക്കും ഗോവയുടേതെന്ന് കോച്ച് സീക്കോ പറഞ്ഞു. കഴിഞ്ഞ സീസണുകളില്‍നിന്നും ഈ സീസണ്‍ വളരെ വിഭിന്നമാണ്. എല്ലാ ടീമും ഒരുപോലെ ബാലന്‍സ്ഡാണ്. അതുകൊണ്ട് സമനിലകള്‍ അല്ല, വിജയമാണ് ആദ്യ നാല് സ്ഥാനത്തെത്താന്‍ അനിവാര്യം. കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരത്തില്‍ അതുകൊണ്ട് തന്നെ വിജയത്തില്‍ കുറഞ്ഞു മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഗോവയുടെ ബ്രസീലുകാരന്‍ പരിശീലകന്‍ സീക്കോ വ്യക്തമാക്കി.

ഈ സീസണില്‍ ഗോവ ഏഴ് ഗോളുകള്‍ വഴങ്ങിയപ്പോള്‍ മൂന്നു ഗോളുകളാണ് ആകെ തിരിച്ചടിച്ചത്. പൊതുവെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങളില്‍ ഗോളുകള്‍ കുറവായിരുന്നു. രണ്ട് ഗോളുകള്‍ അടിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്നു ഗോളുകള്‍ തിരിച്ചുവാങ്ങി.സ്വന്തം ടീമിന്റെ പിഴവുകളാണ് ഇത്രയേറെ ഗോളുകള്‍ വാങ്ങിക്കൂട്ടുവാനുള്ള പ്രധാന കാരണമായി സീക്കോ ചൂണ്ടിക്കാണിക്കുന്നത്.ഓരോ ഗെയിമിലും വരുത്തിയ ഈ പിഴവുകള്‍ക്കു വലിയ വിലയാണ് കൊടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ പ്രധാന കാവല്‍ഭടന്‍ ഗ്രിഗറി അര്‍ണോളിന്‍ ആദ്യ ഇലവനില്‍ എത്തിയിരുന്നു. രണ്ടാം പകുതിയില്‍ ജോഫ്രെയെ പിന്‍വലിച്ച് ടീമിലെ മാര്‍ക്വീതാരം ലൂസിയോയെയും കൊണ്ടുവന്നു. ഇന്ന് ഇരുവരും ആദ്യ ഇലവനില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിനു അവസാന പരിശീലനത്തിനു ശേഷം മാത്രമേ തീരുമാനിക്കാനാകൂ എന്നായിരുന്നു സീക്കോയുടെ മറുപടി.

ഈ സീസണില്‍ ഏറ്റവും കുറവ് ഗോളടിച്ച ടീമുകളില്‍ ഒന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. അതേപോലെ കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ആകെ ഒരു ഗോള്‍ മാത്രമെ തിരികെ വാങ്ങിയിട്ടുള്ളൂ എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മികവ്. ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെങ്ബാര്‍ട്ട്്, സന്ദേശ് ജിങ്കന്‍ എന്നിവര്‍ക്കാണ് ഇതിന്റെ ക്രെഡിറ്റ്.

ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ ബോധപൂര്‍വമായി പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയിരുന്നില്ലെന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പറഞ്ഞു. ദൃഢമായ പ്രതിരോധനിര തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തി. അതുപോലെ ടീമിനെ നന്നായി ആസൂത്രണം ചെയ്യാനും കഴിഞ്ഞു. ഗോളുകളുടെ ദാരിദ്ര്യം മാത്രമേ ഒരു കുറവായി ചൂണ്ടിക്കാണിക്കാനുള്ളുവെന്നും സ്റ്റീവ് കോപ്പല്‍ പറഞ്ഞു.

തൂടര്‍ച്ചയായി മൂന്നാം വര്‍ഷവും എഫ്.സി ഗോവയെ പരിശീലിപ്പിക്കുന്ന സീക്കോയെ കോപ്പല്‍ പ്രത്യേകം അഭിനന്ദിച്ചു. ഫത്തോഡയിലെ ഇന്നത്തെ മത്സരം ഒരു തുറന്ന പോരാട്ടമായിരിക്കുമെന്നും രണ്ടു ടീമുകള്‍ക്കും വിജയിക്കുകയാണ് ലക്ഷ്യമെന്നും തോല്‍വിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും കോപ്പല്‍ പറഞ്ഞു. സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്ന ഗോവയ്ക്ക് അതിന്റേതായ ഉത്തരവാദിത്വമുണ്ട്. എന്നാല്‍ ഗെയിം സ്വന്തമാക്കുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യമെന്നും സ്റ്റീവ് കോപ്പല്‍ പറഞ്ഞു.

കേരള ബ്ലാസ്‌റ്റേഴ്‌സും എഫ്‌സി ഗോവയും ഇതിനു മുന്‍പ് നാല് തവണ ഏറ്റുമുട്ടി. ഇതില്‍ എഫ്‌സി ഗോവ മൂന്നു തവണ ജയിച്ചു. ബ്ലാസ്‌റ്റേഴ്‌സ് ഒരു തവണയും. ബ്ലാസ്‌റ്റേഴ്‌സ് റണ്ണര്‍ അപ്പായ ആദ്യ സീസണില്‍ മിലഗ്രസ് ഗോണ്‍സാലസിന്റെ ഏക ഗോളിനു കൊച്ചിയില്‍ നടന്ന ഹോം മാച്ചില്‍ ഗോവയെ തോല്‍പ്പിച്ചതിനു ശേഷം ഇതുവരെ കേരള ബ്ലാസ്‌റ്റേഴ്‌സിനു ഗോവയെ തോല്‍പ്പിക്കാനായിട്ടില്ല.

ഐഎസ്എലില്‍ ഇതുവരെ ഗോവ 10 ഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ അടിച്ചുകൂട്ടിയിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന് അടിക്കാന്‍ കഴിഞ്ഞത് കേവലം മൂന്നു ഗോളുകള്‍.ഗോവയ്ക്ക് ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ ഇതുവരെ ഒരു മത്സരം മാത്രമെ കളിക്കാനായിട്ടുള്ളൂ, പൂനെ സിറ്റിയോട്. അതില്‍ പൂന 2–1നു ജയിച്ചു. അവസാന സ്ഥാനത്തു നില്‍ക്കുന്ന ഗോവ ഇതിനകം അഞ്ച് മത്സരങ്ങള്‍ കളിച്ചു. ഇതില്‍ ഒരു ജയം , ഒരു സമനില, മൂന്നു തോല്‍വി , മൊത്തം നാല് പോയിന്റ്. കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ച് പോയിന്റോടെ അഞ്ചാം സ്ഥാനത്തു നില്‍ക്കുന്നു. ഒരു ജയം രണ്ട് സമനില, രണ്ട് തോല്‍വി. ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചാല്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന മുംബൈ സിറ്റിയോട് ഒപ്പമാകും.

Related posts