Set us Home Page

ഐപിഎല്‍ തിരുവനന്തപുരത്തേക്ക് എത്തുന്നു, മഞ്ഞും മോശം കാലവസ്ഥയും ഡല്‍ഹിയ്ക്ക് പാരയായി, ഡെയര്‍ഡെവിള്‍സിന്റെ പകരം വേദിയാകാനൊരുങ്ങി കാര്യവട്ടം, അന്തിമ തീരുമാനം പതിനൊന്നിന്

ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വീണ്ടും വേദിയാകാനുള്ള സാധ്യതകള്‍ വര്‍ധിക്കുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഹോംമത്സരങ്ങള്‍ കാര്യവട്ടത്തേക്ക് മാറ്റാനാണ് നീക്കം. പുകമഞ്ഞും മോശം കാലവസ്ഥയും മൂലം ഡല്‍ഹിയില്‍ ഇനി പ്രമുഖ മത്സരങ്ങള്‍ക്ക് വേദി അനുവദിക്കില്ലെന്ന ബിസിസിഐയുടെ തീരുമാനമാണ് ഫിറോഡ്ഷാ കോട്‌ലയ്ക്ക് വിനയാകുന്നത്. ഈ മാസം പതിനൊന്നിന് നടക്കുന്ന ബിസിസിഐ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

നവംബറില്‍ കാര്യവട്ടത്ത് നടന്ന ആദ്യ രാജ്യന്തര മത്സരത്തിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. അന്ന് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന മത്സരത്തില്‍ മഴ വില്ലനായെത്തിയെങ്കിലും കളി പെട്ടെന്ന് തന്നെ പുനരാരംഭിക്കാനായി. മികച്ച സ്റ്റേഡിയമാണെന്നതും കാര്യവട്ടത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ പല ജില്ലക്കാര്‍ക്കും ചെന്നൈയേക്കാള്‍ അടുത്ത സ്ഥലമാണ് തിരുവനന്തപുരം എന്നതും അനുകൂലഘടകമാകും. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മല്‍സരത്തിന്റെ ടിക്കറ്റ് വില്‍പനയ്ക്കുണ്ടായ തിരക്കും പരസ്യം ഉള്‍പ്പെടെയുള്ളവയിലെ റെക്കോര്‍ഡ് വരുമാനവും ഐപിഎല്‍ ടീമുകളെ തിരുവനന്തപുരത്തേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

പതിനെട്ട് പ്രവേശനകവാടങ്ങള്‍ ഉള്‍പ്പെടെ ഒളിംപിക് നിലവാരത്തിലുള്ള സുരക്ഷാസംവിധാനങ്ങള്‍ ഉള്ളതിനാല്‍ കാണികളെ പ്രവേശിപ്പിക്കാന്‍ നിയന്ത്രണമുണ്ടാകില്ല എന്നതും പരിഗണിക്കപ്പെടും. വിമാനത്താവളവും കോവളം പോലെ മനോഹരമായ താമസസ്ഥലവും സ്റ്റേഡിയവുമെല്ലാം അടുത്തടുത്താണെന്നതും അനുകൂലഘടകങ്ങളാണ്. ഒരു ഫസ്റ്റ് ക്ലാസ് മല്‍സരം പോലും നടത്താതെയാണ് തിരുവനന്തപുരം സ്റ്റേഡിയത്തിന്റെ അരങ്ങേറ്റത്തിന് രാജ്യാന്ത രമല്‍സരം ബിസിസിഐ അനുവദിച്ചത്.

അതേസമയം, അന്തരീക്ഷ മലിനീകരണത്തെച്ചൊല്ലി ലങ്കന്‍ കളിക്കാരുടെ പരാതികളും ഉയര്‍ന്നു വന്നിരിക്കുന്ന സന്ദര്‍ഭത്തില്‍ ശൈത്യകാലമത്സരങ്ങള്‍ 2020 വരെയെങ്കിലും ഡല്‍ഹിയില്‍ ഉണ്ടാകാനിടയില്ല. ബിസിസിഐയുടെ റൊട്ടേഷന്‍ പോളിസിയനുസരിച്ചാണ് കോട്ല സ്റ്റേഡിയം നവംബറില്‍ ഒരു ഏകദിനത്തിനും ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റിനും വേദിയായത്. ഈയവസ്ഥയില്‍ റൊട്ടേഷന്‍ പോളിസിയില്‍ നിന്ന് ഡല്‍ഹിയെ ഒഴിവാക്കിയേക്കും.

ഈ സാഹചര്യത്തെക്കുറിച്ച് വര്‍ഷങ്ങളായി ചര്‍ച്ച നടക്കുന്നതാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അന്തരീക്ഷമലിനീകരണം കാരണമുണ്ടായ പ്രശ്നങ്ങള്‍ നാം കണ്ടു. ഇന്ത്യ -ശ്രീലങ്ക ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്കന്‍ കളിക്കാര്‍ മാസ്‌ക് ധരിച്ചാണ് പങ്കെടുത്തത്. ചിലര്‍ക്ക് ശാരീരിക അസ്വസ്ഥതകളുമുണ്ടായി. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് പുകമഞ്ഞിന്റെ ആധിക്യത്താല്‍ രണ്ടു രഞ്ജി മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS