രക്ഷപ്പെട്ടോടിയ സൈനികന്റെ വയറ്റില്‍ 27 സെന്റീമീറ്റര്‍ നീളമുള്ള വിര; ഉത്തരകൊറിയയില്‍ കൊടും ദാരിദ്ര്യമെന്ന് ദക്ഷിണകൊറിയന്‍ ഡോക്ടര്‍മാര്‍; വളങ്ങള്‍ക്കു പകരം ഉപയോഗിക്കുന്നത്…

 

സോള്‍: കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയില്‍ കൊടും ദാരിദ്ര്യമെന്ന് സൂചന. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട് ദക്ഷിണകൊറിയയിലെത്തിയ സൈനികനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇയാളുടെ വയറ്റില്‍ നിന്നും 27 സെന്റീമീറ്റര്‍ നീളമുള്ള വിരയെ കണ്ടെത്തി. ഇതോടെയാണ് ഉത്തര കൊറിയയിലെ പോഷകാഹാരക്കുറവും ശുചിത്വമില്ലാത്ത ദുരിതജീവിതവും വെളിച്ചത്തായത്.

മുപ്പതിനു താഴെ പ്രായമുള്ള സൈനികന്റെ വയറ്റില്‍നിന്നു നീക്കംചെയ്തതരം വിര മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നു ദക്ഷിണ കൊറിയയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇയാളുടെ ആമാശയത്തില്‍നിന്ന് ചോളത്തരികളും കണ്ടെത്തി. തീര്‍ത്തും മോശമായ ഭക്ഷണമാണു സൈനികര്‍ക്കു പോലും കിട്ടിയിരുന്നതെന്ന സൂചനയാണിതെന്നു വിദഗ്ധര്‍ പറയുന്നു.അതിര്‍ത്തിയിലെ യുഎന്‍ സംരക്ഷിത മേഖലയില്‍ കാവല്‍നില്‍ക്കുന്നതിനിടെ ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെട്ടോടിയ സൈനികനെ ഉത്തര കൊറിയന്‍ സൈനികര്‍ വെടിവച്ചുവീഴ്ത്തിയിരുന്നു. വെടിയേറ്റിട്ടും ഓടി അതിര്‍ത്തി കടന്നശേഷമാണു യുവാവ് കുഴഞ്ഞുവീണത്. അതീവ ഗുരുതര നിലയിലായിരുന്ന ഇയാള്‍ക്ക് ഒന്നിലേറെ ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. ഇതിനിടെയാണ് വിരകള്‍ കണ്ടെത്തിയത്. വളങ്ങള്‍ക്കു ക്ഷാമം നേരിടുന്ന ഉത്തരകൊറിയയില്‍ മനുഷ്യ വിസര്‍ജ്യമാണ് വളമായി ഉപയോഗിക്കുന്നത്. ഇതൊക്കയാണ് ഇത്തരം വിരകള്‍ മനുഷ്യരില്‍ പെരുകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

 

 

Related posts