ജീന്‍പദ്മയും രാജതങ്കവും കേഡലിനൊപ്പം മുകളിലെ മുറിയിലേക്ക് പോകുന്നത് കണ്ടു, തിരിച്ചുവന്ന രാജതങ്കം ഭക്ഷണവുമായി മുകളിലേക്ക് പോയി, കൊല്ലപ്പെട്ടവരെ അവസാനം കണ്ട വീട്ടുജോലിക്കാരി രഞ്ജിതം പറയുന്നതിങ്ങനെ

kedalതലസ്ഥാനത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വീട്ടുജോലിക്കാരി. ഡോ. ജീന്‍പദ്മ, ഭര്‍ത്താവ് രാജതങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊലപ്പെടുത്തിയ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയെ തിങ്കളാഴ്ച്ച രാത്രി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മാര്‍ത്തണ്ഡം സ്വദേശിനിയായ വീട്ടുജോലിക്കാരി രഞ്ജിതം കൊല്ലപ്പെട്ടവരെ അവസാനമായി കണ്ടതിനെപ്പറ്റി മനസുതുറന്നത്.

ജീന്‍പദ്മയും ഭര്‍ത്താവ് രാജതങ്കവും മകള്‍ കരോലിനും കേഡലിനോടൊപ്പം ബുധനാഴ്ച ഉച്ചയ്ക്ക് മുകളിലത്തെ നിലയിലേക്കു കയറിപ്പോകുന്നതു കണ്ടിരുന്നു. ബുധനാഴ്ച ഉച്ചയോടെ ഇവര്‍ കേഡലിനൊപ്പം വീട്ടിലേക്കു വന്നുകയറി. ഉച്ചഭക്ഷണം വിളമ്പി മേശപ്പുറത്തു വെച്ചിരുന്നുവെങ്കിലും ആരും കഴിച്ചില്ല. മുകളിലത്തെ നിലയിലേക്കു കയറിപ്പോയി അല്പനേരം കഴിഞ്ഞപ്പോള്‍ രാജതങ്കം താഴേക്കു വന്നു. മേശപ്പുറത്തുനിന്ന് കുറച്ചു ഭക്ഷണം എടുത്തുകൊണ്ടു മുകളിലേക്കു പോയി. മകള്‍ കരോലിനായാണ് ഭക്ഷണം കൊണ്ടുപോകുന്നതെന്നു പറഞ്ഞു. പിന്നീട് ഇവര്‍ മൂവരും താഴേക്കു വന്നിട്ടില്ല.

ബുധനാഴ്ച വൈകുന്നേരമെപ്പോഴോ കേഡല്‍ താഴേക്കു വന്നു. പെട്ടെന്നുതന്നെ മുകളിലേക്കു പോകുകയും ചെയ്തു. അച്ഛനും അമ്മയും സഹോദരിയും കോവളത്തു പോയിരിക്കുകയാണെന്ന് വൈകുന്നേരം കേഡല്‍ പറഞ്ഞു. ഈ സമയം ബന്ധു ലളിത താഴത്തെ നിലയിലുണ്ടായിരുന്നു. രണ്ടുദിവസം വീട്ടുകാരെ കാണാതായതോടെ കേഡലിനോടു വീണ്ടും ചോദിച്ചു. ഊട്ടിയിലും കന്യാകുമാരിയിലുമൊക്കെയാണെന്നാണ് അപ്പോള്‍ പറഞ്ഞത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബന്ധുവായ ലളിതയെയും കാണാതായി. അന്ന് കേഡല്‍ താഴെ വന്ന് അമ്മ ജീന്‍പദ്മയുടെ വസ്ത്രങ്ങള്‍ എടുക്കുന്നത് കണ്ടപ്പോള്‍ എന്തിനാണെന്ന് ചോദിച്ചു. അപ്പോള്‍ അയാള്‍ ക്ഷുഭിതനായി മുകളിലേക്കു കയറിപ്പോയി.

ശനിയാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിക്കാനെത്തിയ കേഡല്‍ കൂടുതല്‍ ഭക്ഷണം ആവശ്യപ്പെട്ടു. കേഡല്‍ അതുമായി മുകളിലേക്കുപോയി. വൈകുന്നേരത്തോടെ പെട്രോളിന്റെ രൂക്ഷഗന്ധം വീട്ടില്‍ പടര്‍ന്നു. ശ്വാസം മുട്ടലനുഭവപ്പെട്ടപ്പോള്‍ കേഡലിനെ വിളിച്ചുചോദിച്ചു. താന്‍ തിരക്കിട്ട ജോലിയിലാണെന്നും ശല്യപ്പെടുത്തരുതെന്നും അയാള്‍ വിളിച്ചുപറഞ്ഞു. സമീപത്ത് താമസിക്കുന്ന ബന്ധുവായ ജോസിന്റെ വീട്ടിലേക്കു പോയി ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് അമ്മാവന്‍ ജോസ് കേഡലിനെ ഫോണില്‍ വിളിച്ചു. ചവറിന് തീയിടുകയായിരുന്നുവെന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. പിന്നീട് കേഡലിനെ കണ്ടിട്ടില്ല-രഞ്ജിതം പറയുന്നു. മാര്‍ത്താണ്ഡം സ്വദേശിനിയായ ഇവര്‍ ഒരു മാസം മുമ്പാണ് കൊല നടന്ന വീട്ടില്‍ ജോലിക്കെത്തിയത്. രാജതങ്കത്തിനു പരിചയമുള്ള ഭര്‍ത്താവ് വഴിയാണ് ഇവര്‍ ഇവിടെ വീട്ടുജോലിക്കായി എത്തുന്നത്.

Related posts