ജിഷ്ണു കേസിൽ സർക്കാരിന് എന്തു വീഴ്ചയാണ്പറ്റിയത്; കേസിൽ സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തു; പിന്നെ എന്തിനു വേണ്ടിയായിരുന്നു സമരമെന്ന് മുഖ്യ മന്ത്രി

pinarai-lതിരുവനന്തപുരം: നെഹ്റു കോളജിലെ എൻജിനിയറിംഗ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് എന്ത് വീഴ്ച സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണുവിന്‍റെ കുടുംബം എന്ത് ആവശ്യത്തിന് വേണ്ടിയായിരുന്നു പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

മകൻ നഷ്ടപ്പെട്ട അമ്മ എന്ന നിലയ്ക്ക് മഹിജയുടെ മാനസികാവസ്ഥ എല്ലാവർക്കും മനസിലാകും. പക്ഷേ, ഈ കേസുമായി ബന്ധപ്പെട്ട് സർക്കാർ എന്ത് വീഴ്ചയാണ് വരുത്തിയെന്ന് വിമർശകർ പറയണം. കേസിൽ സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തു.

ഡിജിപി ഓഫീസിന് മുന്നിൽ നടന്ന സംഭവങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. പോലീസ് ആസ്ഥാനത്തിന് മുൻപിലെ നടപടികൾ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ആർക്കെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് താൻ മഹിജയ്ക്ക് വാക്കുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മകൻ നഷ്ടപ്പെട്ട അമ്മയുടെ വേദന മുതലെടുത്ത് സർക്കാരിനെതിരേ കുടുംബത്തെ രംഗത്തിറക്കാൻ പലരും ശ്രമിച്ചിട്ടുണ്ടാകും. ജിഷ്ണുവിന്‍റെ അമ്മാവൻ ശ്രീജിത്താണ് സമരം നയിച്ചതെന്നും അദ്ദേഹം ആരുമായൊക്കെ സംസാരിച്ചുവെന്ന് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ പലരും ശ്രമിച്ചു. എസ്‌യുസിഐ പ്രവർത്തകർ തങ്ങൾക്കൊപ്പം വന്നിരുന്നുവെന്ന് ശ്രീജിത്ത് തന്നെ മാധ്യമങ്ങളോട് സമ്മതിച്ചതാണ്. കേസുമായി ബന്ധപ്പെട്ട സംസാരിച്ചപ്പോഴെല്ലാം അദ്ദേഹം നിലപാടുകൾ മാറ്റിക്കൊണ്ടിരുന്നു. മകൻ നഷ്ടപ്പെട്ട വേദനയിലിരുന്ന കുടുംബത്തിന്‍റെ അവസ്ഥയെ ചിലർ മുതലെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പോലീസ് ആസ്ഥാനത്ത് നടന്ന സംഭവത്തിന്‍റെ പേരിൽ കെ.എം.ഷാജഹാനോട് താൻ വ്യക്തിവിരോധം തീർക്കുകയാണെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. ഷാജഹാനോട് തനിക്ക് വിരോധമുണ്ടെങ്കിൽ സർക്കാർ അധികാരത്തിൽ വന്ന് ഇത്രകാലമായിട്ടും എന്തെങ്കിലും നടപട‌ിയുണ്ടായോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

അദ്ദേഹം പോലീസ് ആസ്ഥാനത്ത് വന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ചതിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അല്ലാതെ അദ്ദേഹത്തെ ബോധപൂർവം കുടുക്കിയതല്ല. പോലീസ് ആസ്ഥാനത്തിന് മുന്നിലെ സംഭവങ്ങളിൽ ഷാജഹാന്‍റെ പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും തനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഷാജഹാന്‍റെ മാതാവിനെ സന്ദർശിച്ച ഉമ്മൻ ചാണ്ടിക്കെതിരേയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. ഉമ്മൻ ചാണ്ടി എന്ന് മുതലാണ് ഷാജഹാന്‍റെ സംരക്ഷകനായതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ജിഷ്ണുവിന്‍റെ കുടുംബം നടത്തിയ സമരം ഒത്തുതീർക്കാൻ കാനം രാജേന്ദ്രൻ എന്തെങ്കിലും ചെയ്തുവോ എന്ന് തനിക്ക് അറിയില്ല. കാനം അവരെ ആശുപത്രിയിൽ പോയി സന്ദർശിച്ചിരുന്നുവെന്നും കേസ് തീർക്കാൻ സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടുവെന്ന വാർത്തകൾ തെറ്റാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ആഭ്യന്തരവകുപ്പ് വളരെ വലിയ വകുപ്പാണ്. എവിടെയെങ്കിലും വീഴ്ച സംഭവിച്ചാൽ നടപടിയെടുത്ത് സർക്കാർ മുന്നോട്ടുപോകും. എന്നാൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർത്ത് എത്ര പ്രക്ഷോഭമുണ്ടാക്കിയാലും നടപടികളുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിജിലൻസ് ഡയറക്ടർ ജോക്കബ് തോമസ് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന്, “സർക്കാർ ഉദ്യോഗസ്ഥർ അവധിയിൽ പോയാൽ തിരിച്ചെത്തില്ലേ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

Related posts