ബാറിലെത്തുന്നവരില്‍ ഭൂരിപക്ഷവും മാന്യമായാണ് പെരുമാറുന്നത്! എങ്കിലും രണ്ടെണ്ണം അകത്തു ചെന്നാല്‍ ചിലരുടെ മട്ടുമാറും; അനുഭവങ്ങള്‍ വെളിപ്പെടുത്തി, ബാറില്‍ വെയിറ്റര്‍മാരായി ജോലി ചെയ്യുന്ന സ്ത്രീകള്‍

പെണ്‍കുട്ടികള്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതെന്ന് പേരിട്ട് വിളിച്ചിരുന്ന ജോലികളെല്ലാം ഇന്ന് അവസാനിച്ചിരിക്കുകയാണ്. ആ ലിസ്റ്റില്‍ ഇപ്പോള്‍ ഇനി മിച്ചമായി ഒന്നും തന്നെയില്ല. തെങ്ങുകയറ്റം മുതല്‍ ഡ്രൈവിംഗ് ജോലി വരെ സ്ത്രീകള്‍ ധൈര്യപൂര്‍വ്വം ഏറ്റെടുത്ത് ചെയ്തു തുടങ്ങി. എന്തൊക്കെയാണെങ്കിലും സ്ത്രീകള്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളത് എന്ന കാറ്റഗറിയില്‍ നിലനിന്നിരുന്ന ഒരു ജോലിയുണ്ടായിരുന്നു. ബാറുകളിലെ വെയിറ്റര്‍ ജോലി. തൊടുപുഴ ജോവാന്‍സ് റീജിയന്‍സി ബാറില്‍ മദ്യം സേര്‍വ് ചെയ്യുന്ന രാജി, ജ്യോത്സന എന്നീ സ്ത്രീകളാണ് ആ ചരിത്രവും തിരുത്തികുറിച്ചത്. സോഷ്യല്‍മീഡിയകളിലൂടെയാണ് രണ്ട് സ്ത്രീകള്‍ ബാറില്‍ വെയിറ്റര്‍മാരുടെ ജോലി ചെയ്യുന്നതിന്റെ വാര്‍ത്ത ആദ്യം പുറത്തുവന്നത്. പിന്നീടത് വിവിധ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

ബാറില്‍ സ്ത്രീകള്‍ വെയിറ്റര്‍മാരായി ജോലിക്കെത്തുന്നു എന്ന വാര്‍ത്ത ഒരു ചെറിയ നടുക്കത്തോടുകൂടിതന്നെയാണ് മലയാളികള്‍ ഉള്‍ക്കൊണ്ടത്. ആദ്യമൊക്കെ അവര്‍ക്കും അതൊരു വെല്ലുവിളിയായിരുന്നു. എന്നാലിപ്പോള്‍ അമ്പരപ്പെല്ലാം പമ്പകടന്നു. ബാറിലെ വെയിറ്റര്‍മാര്‍ എന്ന ജോലിയിലെ കൗതുകങ്ങളെക്കുറിച്ച് അവര്‍ മനസുതുറക്കുന്നു…ആദ്യമൊക്കെ രാത്രിയില്‍ ഡ്യൂട്ടിക്ക് ശേഷം സഹപ്രവര്‍ത്തകര്‍ ഹോട്ടല്‍ വാഹനത്തില്‍ താമസസ്ഥലത്തെത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ യാത്ര സ്വന്തം വണ്ടിയില്‍ത്തന്നെ. ബാറില്‍ വെയ്റ്റര്‍മാരുടെ യൂണിഫോം ധരിച്ചാണ് ജോലിയ്ക്ക് എത്തുന്നത്. തുടക്കത്തില്‍ നല്ല ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ മറ്റേതൊരു ജോലി പോലെയും ഒരു പ്രൊഫഷന്‍ എന്നേ തോന്നുന്നുള്ളു. ഒരു തൊഴില്‍ എന്ന നിലയില്‍ കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്നാണ് പറയാനുള്ളത്.

ബാറിലെത്തുന്നവരില്‍ ഭൂരിപക്ഷവും മാന്യമായാണ് പെരുമാറുന്നത്. എങ്കിലും രണ്ടെണ്ണം അകത്തു ചെന്നാല്‍ ചിലരുടെ പെരുമാറ്റം മാറും. മോളേ, കൊച്ചേ എന്നൊക്കെയാകും വിളി. ഫോണ്‍ നമ്പര്‍ ചോദിച്ചാല്‍ നിരാശപ്പെടുത്തില്ല. ബാര്‍ ഹോട്ടലിലെ റിസപ്ഷന്റെ നമ്പരാണ് നല്‍കുന്നത് എന്ന് മാത്രം. മദ്യപിച്ചിരിക്കുന്നവരെ പ്രകോപിപ്പിക്കരുതല്ലോ. നിലവിട്ട് ഉച്ചത്തില്‍ സംസാരിക്കുന്നവരെ ഇവിടെ സ്ത്രീകള്‍ ഉണ്ട്, അടങ്ങിയിരിക്കൂ എന്ന് ഓര്‍മിപ്പിക്കുന്ന മാന്യന്‍മാരായ ചേട്ടന്‍മാരും കുറവല്ല. ഒരു മുന്‍കരുതലെന്ന നിലയില്‍ ഫേസ്ബുക്ക് അക്കൗണ്ടും ഉപേക്ഷിച്ചു. ആദ്യ ദിനങ്ങള്‍ ടെന്‍ഷന്‍ നിറഞ്ഞതായിരുന്നു. കുടുംബാംഗങ്ങളും ഹോട്ടല്‍ മാനേജ്മെന്റും നല്‍കിയ പൂര്‍ണ പിന്തുണയില്‍ അതൊക്കെ മാറി. ആദ്യം റസ്റ്റോറന്റിലായിരുന്നു ഡ്യൂട്ടി. പിന്നീടാണ് ബാറിലേക്ക് മാറ്റിയത്.

ഹൗസ്‌കീപ്പിംഗ് വിഭാഗത്തിലും അടുക്കളയിലും സ്ത്രീകള്‍ ജോലിചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് 12.30 മുതല്‍ രാത്രി 10.30 വരെയാണ് ജോലി സമയം. ഇടയ്ക്ക് റെസ്റ്റും അനുവദിച്ചിട്ടുണ്ട്. ബ്രാന്‍ഡുകളുടെ പേരൊക്കെ പരിശീലനത്തിലൂടെ മനഃപ്പാഠമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഓര്‍ഡറെടുത്ത് സേര്‍വ് ചെയ്താല്‍ മതി. ജോലിയിലെ ആദ്യ ദിനങ്ങളില്‍ സ്ത്രീകള്‍ മദ്യം വിളമ്പുന്നത് കാണാന്‍ തന്നെ ആളുകളെത്തിയിരുന്നു. ആദ്യ നാളുകളില്‍ ഭര്‍ത്താവും ബന്ധുക്കളും ബാറിനു സമീപത്തും മറ്റും കാവല്‍ നില്‍ക്കുമായിരുന്നു. തങ്ങള്‍ ഇടപെടേണ്ടതായി ഒന്നുമില്ലെന്ന് മനസിലായതോടെ അവര്‍ പിന്‍വാങ്ങി. പറയാനുള്ളതിത് മാത്രമാണ്. പുരുഷന്മാരുടെ തുറച്ചുനോട്ടത്തെയോ, പുച്ഛഭാവത്തേയോ, അടക്കംപറച്ചിലുകളെയോ ഞങ്ങള്‍ കണ്ടഭാവം നടിക്കുന്നില്ല. കാരണം ഞങ്ങള്‍ മാന്യമായി അധ്വാനിച്ച് ജീവിക്കുകയാണ്. ഞങ്ങള്‍ ജോലി ചെയ്യുകയാണ്. നിരുത്സാഹപ്പെടുത്താതിരിക്കുക മാത്രം ചെയ്യുക.

Related posts