മുംബൈ: ട്രംപ് ഇഫക്ടും ഡോളര്‍ നിക്ഷേപം പിന്‍വലിക്കലും രൂപയെ വലിച്ചുതാഴ്ത്തുന്നു. വിദേശനിക്ഷേപകര്‍ 20,000 കോടി രൂപയ്ക്കുള്ള ഡോളര്‍ പിന്‍വലിച്ചതോടെ രൂപ ഏറ്റവും താണനിലയുടെ തൊട്ടടുത്തെത്തി.ഇന്നലെ 0.45 ശതമാനം കുറഞ്ഞു ഡോളറിന് 68.56 രൂപയായി വിനിമയനിരക്ക്. 2013 ഓഗസ്റ്റിലെ ഡോളറിന് 68,85 രൂപ എന്ന നില 29 പൈസ മാത്രം അകലെയാണ്.
ഡോണള്‍ഡ് ട്രംപ് പ്രസിഡന്റാ യി തെരഞ്ഞെടുക്കപ്പെട്ട ശേഷമു ള്ള രണ്ടാഴ്ചകൊണ്ടു രൂപയ്ക്ക് 2.91 ശതമാനം ഇടിവുണ്ടായി. റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഇടപെട്ട് ഡോളര്‍ വിറ്റഴിച്ചതുകൊണ്ടാണു താഴ്ച ഇവിടെനിന്നത്. ഓഹരിവിപണി ഇന്നലെ കയറ്റംകുറിച്ചു. സെന്‍സെക്സ് 91.03 പോയിന്റ് കയറി 26051.81 ലും നിഫ്റ്റി 31 പോയിന്റ് കയറി 8033.3 ലും ക്ലോസ് ചെയ്തു. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ വാങ്ങലുകാരായതാണ് ഇതിനു സാഹായിച്ചത്. ഈയാഴ്ച മൂന്നുദിവസംകൊണ്ട് വിദേശ നിക്ഷേപകര്‍ 3660 കോടിയാണ് ഇന്ത്യന്‍ ഓഹരികളില്‍നിന്നു പിന്‍വലിച്ചത്. വിദേശികള്‍ കടപ്പത്രവും വില്‍ക്കുകയാണ്.
ട്രംപ് പ്രഖ്യാപിച്ചിട്ടുള്ള നടപടികള്‍ അമേരിക്കയില്‍ മൂലധനിക്ഷേപവും ഉത്പാദനവും കൂട്ടും. ഫെഡറല്‍ റിസര്‍വ് അടുത്തമാസം പലിശ നിരക്ക് ഉയര്‍ത്തും. ഇതു രണ്ടുമാണ് നിക്ഷേപകരെ അമേരിക്കയിലേക്കു നീക്കുന്നത്. ഇതേത്തുടര്‍ന്നു 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നനിലയിലായി ഡോളര്‍. ഇപ്പോള്‍ യൂറോയ്ക്ക് 1.06 ഡോളറേ ഉള്ളൂ. പൗണ്ട് 1.23 ഡോളറായി താണു.
ഡോളര്‍ ഉയര്‍ച്ച ഇന്ത്യാഗവണ്മെന്റിനും ഇന്ത്യന്‍ കമ്പനികള്‍ക്കും വലിയ നഷ്ടമായി. ഇന്ത്യ വാങ്ങിയിട്ടുള്ള വിദേശകടപ്പത്രങ്ങളുടെ വില 110 കോടി ഡോളര്‍ (7720 കോടി രൂപ) കണ്ടു താഴോട്ടുപോയി.