അന്ന് പ്രിയദര്‍ശന്‍ എന്നോടു പറഞ്ഞു രണ്ടു മോഹന്‍ലാല്‍ സിനിമകളും ഒന്നിച്ചു റിലീസ് ചെയ്യേണ്ട! പക്ഷേ ഞാനത് കേട്ടില്ല, എന്റെ ആത്മവിശ്വാസം തിയറ്ററില്‍ തകര്‍ന്നടിഞ്ഞു, അക്കഥ വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

റിലീസ് ചെയ്ത കാലത്ത് ഏറെ തരംതാഴ്ത്തപ്പെട്ട ചിത്രമാണ് മോഹന്‍ലാലിന്റെ പിന്‍ഗാമി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം 1994 ലാണ് റിലീസ് ചെയ്തത്. പതിവ് സ്‌റ്റൈലില്‍ നിന്ന് സത്യന്‍ അന്തിക്കാട് മാറി ചിന്തിച്ച ചിത്രം പക്ഷെ ബോക്സോഫീസില്‍ പരാജയപ്പെട്ടു. എന്നാല്‍ പില്‍ക്കാലത്ത് ചിത്രം യുവതലമുറ ഏറ്റെടുത്തു.

തന്റെ കുടുംബത്തെ തകര്‍ത്തവരോട് പ്രതികാരം ചെയ്യുന്ന നായകനായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു പിന്‍ഗാമി. മോഹന്‍ലാലിന്റെ മികച്ച ചിത്രങ്ങളില്‍ പിന്‍ഗാമി ഇടം നേടിയെങ്കിലും അന്ന് സാമ്പത്തികമായി നഷ്ടമായിരുന്നു ചിത്രത്തിന്. സത്യന്‍ അന്തിക്കാട് പിന്‍ഗാമിയുടെ പരാജയത്തെപ്പറ്റി പറയുന്നതിങ്ങനെ-

രഘുനാഥ് പലേരി ഒരു ദിവസം വീട്ടില്‍ വന്നപ്പോള്‍ ഒരു ചെറുകഥ എന്നോട് പറഞ്ഞു. ‘കുമാരേട്ടന്‍ പറയാത്ത കഥ’ എന്നായിരുന്നു കഥയുടെ പേര്. അദ്ദേഹത്തിന് ഇതൊരു മാസികയില്‍ പ്രസിദ്ധീകരിക്കണം എന്നായിരുന്നു ആഗ്രഹം. കഥ കേട്ടപ്പോള്‍ ാനാണ് ഇത് സിനിമയാക്കാമെന്ന് പറയുന്നത്.

അതിന്റെ ഒരു ആവേശം എനിക്കുണ്ടായിരുന്നു. ആ സിനിമ വ്യത്യസ്തമായ സിനമയായിരുന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു. പിന്‍ഗാമി റിലീസ് ചെയ്ത സമയത്ത് കൂടുതല്‍ പ്രചാരം നേടാതെ പോയത് ഇതിനൊപ്പം റിലീസ് ചെയ്ത സിനിമയുടെ പ്രത്യേകത കൊണ്ടാണ്. പിന്‍ഗാമി റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം തേന്മാവിന്‍ കൊമ്പത്ത് റിലീസ് ചെയ്തു.

എന്റെ വീട്ടുകാരടക്കം ആദ്യം കാണാന്‍ ഉദ്ദേശിക്കുക തേന്മാവിന്‍ കൊമ്പത്ത് ആണ്. കാരണം മോഹന്‍ലാലിന്റെ തമാശകളാണ് അതില്‍ നിറയെ. എന്നാല്‍ നല്ല സിനിമകള്‍ കാലത്തിനപ്പുറത്തും നിലനില്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. തേന്‍മാവിന്‍ കൊമ്പത്തിനൊപ്പം പിന്‍ഗാമി റിലീസ് ചെയ്യേണ്ട എന്ന് പ്രിയന്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ അത് കേട്ടില്ല. എന്തുകൊണ്ട് എന്റെ സിനിമ തേന്‍മാവിന്‍ കൊമ്പത്തിനൊപ്പം റിലീസ് ചെയ്തുകൂട എന്ന് ചിന്തിച്ചു. അങ്ങനെ റിലീസ് ചെയ്തു. അതോടെ പിന്‍ഗാമിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല.

Related posts