വിപണി വിശേഷം / കെ.ബി. ഉദയഭാനു
കൊച്ചി: കുരുമുളക് ഉത്പാദന മേഖലയില്‍നിന്ന് ഉയര്‍ന്ന വില്പനസമ്മര്ദം ഉത്പന്നവിലയെ തളര്‍ത്തി. ഷീറ്റ് ക്ഷാമം രൂക്ഷമെങ്കിലും റബര്‍വില സ്റ്റോക്കിസ്റ്റുകളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. മാസാരംഭ ഡിമാന്ഡിനായി വെളിച്ചെണ്ണ ഉറ്റുനോക്കുന്നു. പുതിയ ജാതിക്കവരവ് ശക്തം. ആഭരണ വിപണികളില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കു സ്വര്‍ണം ചുവടുവച്ചു, രാജ്യാന്തര വില കുറയുന്നു.
കുരുമുളക്
കര്‍ണാടകത്തിലെ വന്‍കിട തോട്ടങ്ങളില്‍നിന്ന് പുതിയ കുരുമുളക് ഉയര്‍ന്ന അളവില്‍ വില്പനയ്ക്കിറങ്ങിയത് ഇന്ത്യന്‍ മാര്‍ക്കറ്റിനെ തളര്‍ത്തി. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലേക്കും അവര്‍ മുളക് കയറ്റിവിട്ടു. കര്‍ണാടകത്തില്‍നിന്നുള്ള കുരുമുളക് താഴ്ന്ന വിലയ്ക്കു ലഭിക്കുമെന്നു വ്യക്തമായതോടെ വാങ്ങലുകാര്‍ ഉത്പന്നത്തില്‍ പിടിമുറുക്കി. അതും കൊച്ചി വിലയേക്കാള്‍ ഏറെ താഴ്ത്തി. ആവശ്യകാരന്റെ അടുത്തെത്തിക്കാമെന്ന വില്പനക്കാരന്റെ വാഗ്ദാനം ഹൈറേഞ്ച് മുളകിനു കനത്ത തിരിച്ചടിയായി. നികുതി വെട്ടിച്ച് കുറഞ്ഞ വിലയ്ക്ക് കര്‍ണാടകത്തില്‍നിന്നു ലഭിക്കുന്ന കള്ളക്കടത്ത് ചരക്കിന് ആവശ്യം ശക്തമാണ്.
ടെര്‍മിനല്‍ മാര്‍ക്കറ്റിലേക്കുള്ള പുതിയ മുളകു വരവ് കുറവാണ്. എന്നാല്‍, വില ഇടിവു ഭയന്ന് ഒരു വിഭാഗം കര്‍ഷകര്‍ ഉത്പന്നം വില്പന നടത്തി. വിദേശ ഓര്‍ഡറുകള്‍ക്ക് കയറ്റുമതിക്കാര്‍ ശ്രമിച്ചങ്കിലും യൂറോപ്യന്‍ ബയറര്‍മാര്‍ പ്രതികരിച്ചില്ല. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ വില ടണ്ണിന് 9,600 ഡോളര്‍. ഇന്തോനേഷ്യയും ബ്രസീലും വിയറ്റ്നാമും വില്പനക്കാരാണ്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 66,100ല്‍നിന്ന് 64,500 രൂപയായി. അണ് ഗാര്‍ബിള്‍ഡ് കുരുമുളക് 63,100ല്‍നിന്ന് 61,500 രൂപയായി. പുതിയ മുളക് 60,000 രൂപയില്‍ കൈമാറി.
റബര്‍
റബര്‍ ക്ഷാമം രൂക്ഷമെങ്കിലും സ്റ്റോക്കിസ്റ്റുകളുടെ പ്രതീക്ഷയ്ക്കൊത്ത് വില ഉയര്‍ന്നില്ല. ടാപ്പിംഗ് സ്തംഭിച്ചതോടെ ഉത്പാദന മേഖലകളില്‍നിന്ന് റബര്‍ നീക്കം നാമമാത്രമായി. ലഭ്യത കുറഞ്ഞെങ്കിലും രാജ്യത്തെ വന്‍കിട ടയര്‍ കമ്പനി കോട്ടയം മാര്‍ക്കറ്റില്‍ സജീവമല്ല. അതേസമയം, രണ്ടാം നിരയിലെ കമ്പനികള്‍ വാങ്ങലുകാരാണെങ്കിലും അവരുടെ വരവ് വിപണിയില്‍ വന്‍ചലനം ഉളവാക്കിയില്ല. 9,300 രൂപയില്‍നിന്ന് നാലാം ഗ്രേഡ് വാരാന്ത്യം 9,600 രൂപയായി. അഞ്ചാം ഗ്രേഡ് 9,200 രൂപയില്‍നിന്ന് 9,500ലേക്കു കയറി. ലാറ്റക്സ് 7,500ല്‍ മാറ്റമില്ലാതെ തുടരുന്നു. ശിവരാത്രി വേളയില്‍ പതിവുള്ള മഴ തോട്ടം മേഖലയ്ക്ക് കുളിരു പകരുമെന്നാണ് കാര്‍ഷികമേഖലയുടെ വിലയിരുത്തലെങ്കിലും ഈ മഴ ടാപ്പിംഗ് പുനരാരംഭിക്കാന്‍ അവസരം ഒരുക്കില്ല. രാജ്യാന്തര വിപണിയില്‍ റബര്‍വില ഉയര്‍ന്നാല്‍ മാത്രമേ നമ്മുടെ ഉത്പാദകരില്‍ വലിയോരു പങ്ക് ഇനി തോട്ടങ്ങളിലേക്കു ശ്രദ്ധതിരിക്കൂ. ഷീറ്റ് വില 110-120 റേഞ്ച് മറികടന്നാല്‍ ചെറുകിടക്കാര്‍ക്ക് അല്പം ആശ്വാസമാവും.
ടോക്കോം എക്സ്ചേഞ്ചില്‍ റബറിലെ മാന്ദ്യം വിട്ടുമാറിയില്ല. യെന്നിന്റെ വിനിമയമൂല്യത്തിലെ ചാഞ്ചാട്ടങ്ങളും ക്രൂഡ് ഓയിലിന്റെ താഴ്ന്ന വിലയുമെല്ലാം നിക്ഷേപകരെ റബറില്‍നിന്നു പിന്തിരിപ്പിച്ചു.
വെളിച്ചെണ്ണ
പ്രദേശിക മാര്‍ക്കറ്റുകളില്‍ ഈ വാരം വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയരുമെന്ന പ്രതീക്ഷയിലാണ് മില്ലുകാര്‍. പിന്നിട്ടവാരം അവര്‍ കാര്യമായി ചരക്ക് ഇറക്കാതെ നിരക്ക് ഉയര്‍ത്തി. 8,500ല്‍ വിപണനം തുടങ്ങിയ വെളിച്ചെണ്ണ ശനിയാഴ്ച 8,700ലാണ്. കൊപ്ര 6,000 രൂപയ്ക്കു മുകളില്‍ ഇടം കണെ്ടത്താനുള്ള ശ്രമത്തിലാണ്. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതിച്ചെലവ് ഉയര്‍ത്തിയതോടെ വ്യവസായികള്‍ പാം ഓയില്‍, സൂര്യകാന്തി, സോയാ എണ്ണകളുടെ നിരക്കു വര്‍ധിപ്പിച്ചു. ഇതര ഭക്ഷ്യ എണ്ണകളുടെ മുന്നേറ്റം വെളിച്ചെണ്ണയ്ക്കും നേട്ടമാവും.
ജാതിക്ക
ജാതിക്ക ജാതിപത്രി വരവ് ഉയര്‍ന്നതിനിടെ കറിമസാല വ്യവസായികളും ഔഷധ നിര്‍മാതാക്കളും ചരക്ക് സംഭരിക്കാന്‍ ഉത്സാഹിച്ചു. കൂഭച്ചൂടില് മൂത്തു വിളഞ്ഞ ചരക്കാണ് വില്പനയ്ക്കെത്തുന്നത്. ജാതിക്ക തൊണ്ടന് കിലോ 180-200, തൊണ്ടില്ലാത്തത് 380-400, ജാതിപത്രി 600-925 രൂപയില്‍ വിപണനം നടന്നു. വിദേശ കച്ചവടങ്ങള്‍ ഉറപ്പിച്ചവരും ജാതിക്ക ശേഖരിച്ചു.
സ്വര്‍ണം
സ്വര്‍ണവിപണി ഒരു ചുവടുകൂടി മുന്നേറി. ആഭരണകേന്ദ്രങ്ങളില്‍ പവന് 2016 ലെ ഏറ്റവും ഉയര്‍ന്ന വിലയായ 21,360 വരെ കയറി. 20,920 രൂപയില്‍ വില്പന തുടങ്ങിയ പവന് മികവ് കാഴ്ചവച്ച ശേഷം ശനിയാഴ്ച 21,280ലേക്കു താഴ്ന്നു. ഒരു ഗ്രാമിന്റെ വില 2660 രൂപ. ലോകവിപണിയിലെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ ഈ വാരം പവന്റെ വില കുറയാം. ന്യൂയോര്‍ക്ക,് ലണ്ടന്‍ എക്സ്ചേഞ്ചുകളില്‍ സാങ്കേതികമായി സ്വര്‍ണം മുന്‍വാരം സൂചിപ്പിച്ച പോലെതന്നെ ഡെയ്ലി ചാര്‍ട്ടില്‍ ഓവര്‍ ബോട്ടായതിനാല്‍ നിക്ഷേപകര്‍ ലാഭമെടുപ്പിനു മുന്‍തൂക്കം നല്‍കുകയാണ്. വില്പനസമ്മര്ദമുണ്ടായാല് 1200-1191 ഡോളറിലേക്കു താഴാം. വാരാന്ത്യം ഔണ്‍സിന് 1221 ഡോളറിലാണ്.