ചൈനയെ പിന്നിലാക്കി; ഏഴു ശതമാനത്തിനു മുകളിൽ ഇന്ത്യ വളർന്നു. ഇന്നലെ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) പുറത്തവിട്ട കണക്കുകൾ ആഘോഷമാക്കുകയാണു പലരും. സ്വാഭാവികമായും സംശയങ്ങളും ചോദ്യങ്ങളും ഉയരും. ഒരുകാര്യവുമില്ലാതെ വലിച്ചുവീഴ്ത്തിയ സാന്പത്തികവളർച്ച ജീവൻവച്ചുവരുന്പോൾ ചികിത്സ ഏറ്റു എന്നു വിളിച്ചുപറയുന്നവരെയും കാണാം. പക്ഷേ ആശങ്കകൾ മാറിയിട്ടില്ലെന്നു റേറ്റിംഗ് ഏജൻസികൾ പറയുന്നു.
ഒക്ടോബർ -ഡിസംബറിൽ ഇന്ത്യയുടെ വളർച്ച 7.2 ശതമാനം. നല്ലത്. 2017-18-ൽ ഇന്ത്യ വളരാൻ പോകുന്നത് 6.6 ശതമാനം. ഒന്നരമാസം മുന്പ് പ്രതീക്ഷിച്ച 6.5 ശതമാനത്തേക്കാൾ മെച്ചം. അതും നല്ലത്.
താഴോട്ട് വളർന്നു
ഒരു പട്ടിക നോക്കുക. 2016 ജനുവരി-മാർച്ച് മുതൽ ഓരോ പാദത്തിലെയും വളർച്ച ശതമാനത്തിൽ:
7.9 ശതമാനം തോതിൽ വളർന്ന സന്പദ്ഘടനയെ 5.7 ശതമാനം വരെ ചവിട്ടിത്താഴ്ത്തിയിട്ട് ഇപ്പോൾ 7.2 ശതമാനത്തിൽ എത്തിച്ചിരിക്കുന്നു. ഇപ്പോഴും 2016 ജനുവരിയിലേതിലും താഴെയാണു വളർച്ച. (വളർച്ച രണ്ടു ശതമാനം താഴെപ്പോകുമെന്നു ഡോ. മൻമോഹൻ സിംഗ് മുന്നറിയിപ്പു നല്കിയത് 2016 നവംബറിൽ)
നാലു വർഷ കണക്ക്
വാർഷിക വളർച്ചത്തോതും നിരാശാജനകം. നരേന്ദ്ര മോദി സർക്കാരിന്റെ നാലു വർഷത്തെ വളർച്ച ഇങ്ങനെ (ശതമാനത്തിൽ)
ഇപ്പോൾ മന്ദഗതിയിൽ
ഈ വർഷത്തെ വളർച്ച 6.6 ശതമാനമാകും എന്നതിനർഥം നാലാം ത്രൈമാസമായ ജനുവരി-മാർച്ചിൽ വളർച്ച തുലോം കുറവായിരിക്കും എന്നുതന്നെയാണ്. ഒന്നാംപകുതിയിൽ 6.1 ശതമാനം വളർച്ചയുണ്ട്. വാർഷിക വളർച്ച 6.6 ആകാൻ നാലാംപാദ വളർച്ച ഏഴു ശതമാനം മതി. അതായത് ഒക്ടോബർ -ഡിസംബറിലേക്കാൾ കുറഞ്ഞ വളർച്ചയേ ഈ ആഴ്ചകളിൽ നടക്കുന്നുള്ളൂ.
വിവിധ ഏജൻസികൾ സർവേയിൽ എത്തിയ നിഗമനത്തിലേക്കാൾ ഉയർന്ന വളർച്ചയാണ് മൂന്നാം പാദത്തിൽ ഉണ്ടായത്. എന്നാൽ കണക്കുകളെപ്പറ്റി ആരും പരസ്യമായി സംശയം ഉന്നയിച്ചിട്ടില്ല. എങ്കിലും ആശങ്കാജനകമായ ഘടകങ്ങൾ പലതും ചൂണ്ടിക്കാട്ടുന്നുണ്ട്.
ആശങ്ക, ആശ്വാസം
ഫാക്ടറി ഉത്പാദനത്തോത് 2016-17 ലേക്കാൾ കുറവായി. 7.9 ശതമാനത്തിൽനിന്ന് 5.1 ശതമാനത്തിലേക്ക്.
ഖനനമേഖലയിലെ വളർച്ച 13 ശതമാനത്തിൽനിന്നു മൂന്നു ശതമാനത്തിലേക്കു കുറയും. വൈദ്യുതി, ജലവിതരണം എന്നിവയിലെ വളർച്ച 9.2 -ൽനിന്ന് 7.3 ശതമാനമായി കുറഞ്ഞതും ചെറിയ കാര്യമല്ല.
നിർമാണരംഗത്ത് 1.3 ശതമാനത്തിൽനിന്ന് 4.3 ശതമാനത്തിലേക്കു വളർച്ച ഉണ്ടായതാണ് ശ്രദ്ധേയമായ കാര്യം. പ്രത്യേകിച്ചും സ്റ്റീൽ ഉപയോഗം 3.6-ൽനിന്ന് 5.2 ശതമാനം തോതിലേക്കു വളർന്നു. വാണിജ്യം, ഹോട്ടൽ, ഗതാഗതം, വാർത്താവിനിമയം രംഗങ്ങളിലെ വളർച്ചയും മികച്ചതായി. 7.2 ശതമാനത്തിൽനിന്ന് 8.3 ശതമാനത്തിലേക്ക്. റിയൽ എസ്റ്റേറ്റ് വളർച്ച ആറിൽനിന്ന് 7.2 ശതമാനമായി.
കേന്ദ്ര സർക്കാരിന്റെ റവന്യു ചെലവ് 16.7 ശതമാനം വളർന്നതാണ് വളർച്ചയെ മുന്നോട്ടു നയിച്ച ഘടകം. ഇപ്പോഴത്തെ വിലയിൽ 167.52 ലക്ഷം കോടി രൂപ വരും 2017-18 ലെ ജിഡിപി. ആളോഹരി വരുമാനം 1,12,764 രൂപയും.
മൂഡീസ് പറയുന്നു
ജിഡിപി കണക്ക് ഒരുകാര്യം വ്യക്തമാക്കി. ഇരട്ടപ്രഹരത്തിന്റെ ആഘാതം തുടരുകയാണ്. അതുകൊണ്ടാണ് മുഡീസ് എന്ന റേറ്റിംഗ് ഏജൻസി ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ 2018-ൽ ഇന്ത്യ 7.6 ശതമാനവും 2019-ൽ 7.5 ശതമാനവുമേ വളരൂ എന്നു പറഞ്ഞത്.
ഈ വർഷം കഴിയുന്പോഴും നമ്മൾ പഴയ വളർച്ചത്തോതിലേക്കു വരില്ല. എട്ട്-എട്ടര ശതമാനം തോതിലേക്കു വളരാൻ രാജ്യം ഇനിയും വർഷങ്ങൾ കാക്കണം. നമ്മുടെ യുവാക്കളുടെ തൊഴിൽ മോഹങ്ങളിൽ വീഴുന്ന കരിനിഴലാണത്.
റ്റി.സി. മാത്യു