എസ്ബിടി പ്രവര്‍ത്തന ലാഭത്തില്‍ 31% വര്‍ധന

BIS-SBTതിരുവനന്തപുരം: 2016 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മുന്‍വര്‍ഷത്തെ 1372 കോടിയെ അപേക്ഷിച്ച് 31 ശതമാനം വര്‍ഷാനുവര്‍ഷ വളര്‍ച്ചയോടെ 1798 കോടി രൂപ പ്രവര്‍ത്തനലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷം സമാന കാലയളവിലെ 335.53 കോടിയുടെ സ്ഥാനത്ത് അറ്റാദായം 337.73 കോടി രൂപയായി. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് 10 രൂപ മുഖവിലയുള്ള ഓഹരിക്ക് അഞ്ചു രൂപ (50%) ലാഭവിഹിതം പ്രഖ്യാപിച്ചു.

അസല്‍ പലിശവരുമാനത്തില്‍ 12 ശതമാനവും ഫീ വരുമാനത്തില്‍ 28 ശതമാനവും ഉയര്‍ച്ചയുണ്ടായതിനാല്‍ പ്രവര്‍ത്തന ലാഭത്തില്‍ വളര്‍ച്ചയുണ്ടായി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാന ത്രൈമാസികവുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ച്ച് ത്രൈമാസികത്തില്‍ പ്രവര്‍ത്തന ലാഭത്തില്‍ 16.88 ശതമാനം വര്‍ധന രേഖപ്പെടുത്തി.

പലിശച്ചെലവു ചുരുക്കുന്നതിനായി ചെലവുകൂടിയ നിക്ഷേപങ്ങള്‍ക്കും വന്‍ നിക്ഷേപങ്ങള്‍ക്കും പകരം ബാങ്ക ്തുടര്‍ച്ചയായി ചില്ലറ നിക്ഷേപങ്ങള്‍ക്ക് സ്ഥാനം നല്‍കിവരുന്നു. ചെലവുകൂടിയ വന്‍കിട നിക്ഷേപങ്ങള്‍ 13.24 ശതമാനത്തില്‍നിന്ന് 9.34 ശതമാനമായി കുറഞ്ഞതായി മാനേജിംഗ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണന്‍ പറഞ്ഞു.

നടപ്പുവര്‍ഷത്തില്‍ ബാങ്ക് നിക്ഷേപങ്ങളില്‍ 100,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. 2015 മാര്‍ച്ച് 31 ലെ 91,077 കോടിയുടെ സ്ഥാനത്ത് 2016 മാര്‍ച്ച് 31ന് 11.03 ശതമാനം വളര്‍ച്ചയോടെ നിക്ഷേപം 101119 കോടി രൂപയായി. പ്രവാസിനിക്ഷേപങ്ങള്‍ വര്‍ഷാനുവര്‍ഷ വളര്‍ച്ചയുടെ ആക്കം നിലനിര്‍ത്തി. 6014 കോടി ഉയര്‍ന്ന് 2016 മാര്‍ച്ചില്‍ 35622 കോടിയിലെത്തി. ബാങ്കിന്റെ നിക്ഷേപച്ചെലവുകള്‍ 2015 മാര്‍ച്ച് 31 ലെ 7.32 ശതമാനത്തില്‍ നിന്ന് 6.94 ശതമാനത്തിലേക്കു താഴ്ന്നു.

2015 മാര്‍ച്ച് 31 ലെ 69,907 കോടിയുടെ സ്ഥാനത്ത് 2016 മാര്‍ച്ച് 31 ന് ബാങ്കിന്റെ മൊത്തം വായ്പകള്‍ 67,004 കോടിയായി. 2016 മാര്‍ച്ച് അന്ത്യത്തില്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 1,68,123 കോടിയാണ്.

Related posts