മുംബൈ: ഡോളറിന് ഇന്നലെ 20 പൈസ കൂടുകയും ഓഹരിവിപണി സൂചികകള്‍ അല്പം താഴുകയും ചെയ്തു. എന്നാല്‍ സ്വര്‍ണത്തിനു വിലയിടിഞ്ഞു. ഡോളറിന്റെ വിനിമയനിരക്ക് ഇന്നലെ 67.50 രൂപയിലേക്കു കയറി. വിദേശത്തു ഡോളറിനുണ്ടായ ഉണര്‍വാണ് കാരണം.ഏഷ്യന്‍ ഓഹരി സൂചികകള്‍ ഇന്നലെ കയറിയെങ്കിലും ഇന്ത്യയുടെ സെന്‍സെക്‌സും നിഫ്റ്റിയും അല്പം താണു. സെന്‍സെക്‌സ് 54.14 പോയിന്റ് താണ് 26812.78 ലെത്തി. നിഫ്റ്റി 18.6 പോയിന്റ് താണ് 8219.9ല്‍ ക്ലോസ് ചെയ്തു. ഇന്നലെയും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ വലിയ വാങ്ങലുകാരായി.
മുംബൈയില്‍ സ്വര്‍ണം 10 ഗ്രാമിന് 90 രൂപ കുറഞ്ഞ് 29,785 രൂപയായി. എന്നാല്‍ വിദേശത്തു സ്വര്‍ണം കുത്തനെ താണു. ഒരൗണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് ന്യൂയോര്‍ക്കില്‍ 20 ഡോളര്‍ താണ് 1268 ഡോളറായി. 1.7 ശതമാനം താഴ്ചയാണിത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു വിട്ടുപോകില്ലെന്ന ധാരണ പ്രബലമായതാണു സ്വര്‍ണവില താഴാന്‍ കാരണം.ബ്രിട്ടനിലെ പുതിയ സര്‍വേകള്‍ യൂണിയനില്‍ തുടരണമെന്ന പക്ഷത്തിനാണു ഭൂരിപക്ഷം പ്രവചിക്കുന്നത്. വ്യാഴാഴ്ചത്തെ വോട്ടിന്റെ ഫലം വെള്ളിയാഴ്ച രാവിലെ അറിയും.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു മാറാന്‍ തീരുമാനിച്ചാല്‍ ധനകാര്യ വിപണികള്‍ക്കു വലിയ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡിന്റെ മേധാവി ജാനറ്റ് എലന്‍ ഇന്നലെ യുഎസ് കോണ്‍ഗ്രസില്‍ മൊഴി നല്കി.