വിപണി വിശേഷം / കെ.ബി. ഉദയഭാനു
കൊച്ചി: പച്ചത്തേങ്ങയുടെ താങ്ങുവില സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയതു കാര്‍ഷിക കുടുംബങ്ങള്‍ക്ക് ആശ്വാസമാവും. ടോക്കോമില്‍ റബര്‍ സാങ്കേതികമായി തളര്‍ന്നു, ചൈനീസ് നാണയമായ യുവാന്റെ മൂല്യത്തകര്‍ച്ച ഇറക്കുമതികളെ കാര്യമായി ബാധിക്കുമെന്നത് റബറിനും തിരിച്ചടിയാവാം. ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക വരവു ചുരുങ്ങി. ആഭ്യന്തര ഓര്‍ഡറുകളുടെ അഭാവം മൂലം കുരുമുളക് സ്റ്റെഡിയായി നീങ്ങി. ചാഞ്ചാട്ടത്തിനിടയിലും ആഭ്യന്തര-വിദേശ സ്വര്‍ണവിപണികള്‍ തിളങ്ങി.
നാളികേരം
സംസ്ഥാന ബജറ്റില്‍ പച്ചത്തേങ്ങയുടെ സംഭരണവില ഉയര്‍ത്തിയത് കേരളത്തിലെ നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമാവും. കിലോഗ്രാമിന് 27 രൂപയ്ക്കാണ് സര്‍ക്കാര്‍ ഏജന്‍സി ഉത്പാദകരില്‍നിന്നു ചരക്ക് സംഭരിക്കുന്നത്. ബജറ്റില്‍ പച്ചത്തേങ്ങയുടെ സംഭരണവിലയില്‍ വരുത്തിയ വര്‍ധന കണക്കിലെടുത്താല്‍ വരുംദിനങ്ങളില്‍ കൊപ്രവിലയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം.
പ്രതികൂല കാലാവസ്ഥ മൂലം മില്ലുകാരുടെ പ്രതീക്ഷയ്ക്കൊത്ത് കാര്‍ഷികമേഖലകളില്‍നിന്ന് കൊപ്ര വില്പനയ്ക്കെത്തുന്നില്ല. ബജറ്റ് പ്രഖ്യാപനം പുറത്തുവന്നതോടെ കൊപ്ര വില 5,105-5,200ല്‍നിന്ന് 5,165-5,250ലേക്ക് കയറി. വെളിച്ചെണ്ണ വാരാന്ത്യം 7,550 രൂപയിലാണ്. പ്രാദേശികതലത്തില്‍ എണ്ണയ്ക്ക് മാസാരംഭ ഡിമാന്‍ഡും പെരുന്നാളിന്റെ ഭാഗമായുള്ള വില്പനയും വാരത്തിന്റെ ആദ്യപകുതിയില്‍ നടന്നിട്ടും വിപണി തളര്‍ച്ചയിലായിരുന്നു. വാരാന്ത്യത്തിലെ വിലക്കയറ്റം വിപണിക്കു കൂടുതല്‍ കരുത്തു പകരാം. ഒപ്പം, പച്ചത്തേങ്ങ സംഭരണം കാര്യക്ഷമമായാല്‍ ഗ്രാമീണ മേഖലകളിലെ ചരക്കുസംഭരണ കേന്ദ്രങ്ങളിലേക്ക് കുടുതല്‍ ചരക്ക് പ്രവഹിക്കാം.
റബര്‍
ആഗോള റബര്‍ വിപണിയില്‍ ഷീറ്റിന് വീണ്ടും കാലിടറി. ഫോറെക്സ് മാര്‍ക്കറ്റില്‍ ബ്രിട്ടീഷ് പൗണ്ടിനു മുന്നില്‍ ജാപ്പനീസ് യെന്‍ മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച നിലവാരം ദര്‍ശിച്ചത് നിക്ഷേപകരെ റബറില്‍ വില്പനക്കാരാക്കി. ബുള്ളിഷ് ട്രന്‍ഡില്‍ ഏതാനും ആഴ്ചകളായി റബര്‍ നീങ്ങിയതിനിടയിലാണ് വിനിമയവിപണിയില്നിന്നുള്ള പ്രതികൂല വാര്‍ത്തകള്‍. ഇതിനിടെ സാങ്കേതികമായി ടോക്കോമില്‍ റബര്‍ ദുര്‍ബലമായതോടെ ചൈനീസ് വിപണിയായ ഷാങ്ഹായും തളര്‍ന്നു. ചൈനയില്‍ യുവാന്റെ മൂല്യശോഷണം അവരുടെ റബര്‍ ഇറക്കുമതിച്ചെലവ് ഉയര്‍ത്തും. ഇത് ആഗോള റബര്‍ മാര്‍ക്കറ്റിനു തിരിച്ചടിയാവാം. ചൈനീസ് നാണയം അഞ്ചര വര്‍ഷത്തെ ഏറ്റവും താഴ്ന്ന റേഞ്ചിലാണ്.
തായ്ലന്ഡ്, ഇന്തോനേഷ്യ, മലേഷ്യന്‍ റബര്‍ മാര്‍ക്കറ്റുകള്‍ക്കും തളര്‍ച്ച നേരിട്ടു. വാരത്തിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റും സമ്മര്‍ദത്തിലായി. വിലക്കയറ്റ പ്രതീക്ഷയില്‍ സംസ്ഥാനത്തെ കര്‍ഷകരില്‍ ഒരു വിഭാഗം കര്ക്കിടകത്തിനുമുമ്പായി ടാപ്പിംഗ് സജീവമാക്കാനുള്ള തയാറെടുപ്പിലാണ്. കൊച്ചിയിലേക്കും കോട്ടയത്തേക്കുമുള്ള ചരക്കുവരവില്‍ കാര്യമായ വര്‍ധനയില്ലെങ്കിലും വ്യാവസായിക ഡിമാന്‍ഡ് മങ്ങിയതിനാല്‍ നാലാം ഗ്രേഡ് 14,100ല്‍നിന്ന് 13,900 രൂപയായി. അഞ്ചാം ഗ്രേഡിന് 300 രൂപ കുറഞ്ഞ് 13,500 രൂപയായി.
ഏലക്ക
ഏലക്കയുടെ ലഭ്യത ചുരുങ്ങിയത് വാങ്ങലുകാരെ വിലയുയര്ത്താന് പ്രേരിപ്പിച്ചു. ഓഫ് സീസണായതിനാല്‍ ഉത്പാദന മേഖലയില്‍ കാര്യമായി ഏലക്കയില്ല. നടപ്പ് സീസണില്‍ ജൂണ്‍ അവസാനം വരെയുള്ള കാലയളവില്‍ 32,000 ടണ്‍ ഏലക്കയുടെ ഇടപാടു നടന്നു. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ലേലത്തില്‍ സജീവമാണ്. പ്രമുഖ ലേലകേന്ദ്രങ്ങളില്‍ ലഭ്യത കുറഞ്ഞത് വിലയിരുത്തിയാല്‍ ഉത്പാദകരുടെ കൈവശം കാര്യമായി ചരക്കില്ല. മികച്ചയിനം ഏലക്ക കിലോ 1,100 രൂപയ്ക്കു മുകളിലാണ്.
കുരുമുളക്
ആഭ്യന്തര ആവശ്യം കുറഞ്ഞതിനാല്‍ കുരുമുളകുവില തുടര്‍ച്ചയായ രണ്ടാം വാരത്തിലും മാറ്റമില്ല. അന്തര്‍സംസ്ഥാന വ്യാപാരികള്‍ ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ സജീവമല്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള അന്വേഷണങ്ങള്‍ നിലച്ചതിനാല്‍ വില ഉയര്‍ത്താന്‍ കയറ്റുമതിക്കാരും തയാറായില്ല. അതേസമയം, വരും മാസങ്ങളിലെ ഉത്സവ ആഘോഷവേളയിലെ ആവശ്യങ്ങള്‍ക്കുള്ള ചരക്കിനായി അവര്‍ വൈകാതെ രംഗത്തിറങ്ങാം. ഹൈറേഞ്ച് കുരുമുളകിന്റെ വരവു കുറഞ്ഞതിനാല്‍ ആഭ്യന്തര ഓര്‍ഡറുകള്‍ വിലക്കയറ്റം സൃഷ്ടിക്കാം. അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് 69,000 രൂപയിലും ഗാര്‍ബിള്‍ഡ് മുളക് 72,000 രൂപയിലുമാണ്.
സ്വര്‍ണം
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ആഭരണകേന്ദ്രങ്ങളില്‍ പവന് 22,440 രൂപയില്‍നിന്ന് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 22,720ല്‍ വ്യാപാരം നടന്ന ശേഷം പവന് 22,640ലാണ്. ഒരു ഗ്രാമിന്റെ വില 2,820 രൂപ. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1345 ഡോളറില്‍നിന്ന് വാരാന്ത്യം 1376 ഡോളര്‍ വരെ കയറിയ ശേഷം ക്ലോസിംഗില്‍ 1,365 ഡോളറിലാണ്.