ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ഇനി ഇറച്ചിയും ഉണക്കമീനും

bis-consumerകൊച്ചി: ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് വഴിയുള്ള വില്പന കൂട്ടുന്നതിന്റെ ഭാഗമായി ഇറച്ചി, ഉണക്കമീന്‍, പാല്‍, പച്ചക്കറി എന്നിവ ലഭ്യമാക്കാന്‍ നടപടിയായതായി കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ (കണ്‍സ്യൂമര്‍ ഫെഡ്) എംഡി ഡോ. എസ്. രത്‌നകുമാരന്‍ അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ജനപ്രിയ ഉത്പന്നങ്ങള്‍ കൂടി വിതരണം ചെയ്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി.

മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുടെ വിവിധയിനം ഇറിച്ചി ഉത്പന്നങ്ങളും ഹോര്‍ട്ടികോര്‍പ്പിന്റെ വിഷവിമുക്ത പച്ചക്കറികളും തീരദേശ വികസന കോര്‍പറേഷന്‍ നൂതന പാക്കിംഗില്‍ സൗരോര്‍ജ പാനലുകള്‍ ഉപയോഗിച്ച് ഉണക്കിയ മത്സ്യവും ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വില്പന ആരംഭിച്ചു.നീണ്ടകര, കരിക്കാട് ചെമ്മീന്‍, അഷ്ടമുടി ചെമ്മീന്‍, മലബാര്‍ നത്തോലി എന്നിവ ആദായവിലയ്ക്കു ലഭ്യമാകും. ഇവയുടെ വില്പന കൂടുതല്‍ ത്രിവേണികളിലേക്കു വ്യാപിപ്പിക്കുന്നതിനും പദ്ധതിയുണെ്ടന്നു ഡോ.എസ്. രത്‌നകുമാരന്‍ അറിയിച്ചു.

കൂടാതെ എലൈറ്റ് ഗ്രൂപ്പിന്റെ 20 ഇനം ഉത്പന്നങ്ങളും മില്‍മയുടെ ഉത്പന്നങ്ങളും വില്‍ക്കുന്നതിനു ധാരണയായിട്ടുണ്ട്. കാപെക്‌സിന്റെ കശുവണ്ടി പരിപ്പ് വില്പന നടത്തുന്നതിനു ചര്‍ച്ചകള്‍ നടക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ത്രിവേണികള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങല്‍ നടത്താനായി പിഒഎസ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുഖേന ഫെഡറേഷന്റെ നീതി ഗ്യാസ് ബുക്ക് ചെയ്യാനും വിതരണം ചെയ്യാനും കഴിയും. ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസിയില്‍ ബിഫാം കോഴ്‌സ് തുടങ്ങും. 10 ഇ-ത്രിവേണി സ്റ്റേഷനറി സെന്ററുകള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Related posts