ഏതെങ്കിലും സംഘടന ഭീകരാക്രമണം നടത്തിയതിന് പാകിസ്ഥാന്‍ എന്തു പിഴച്ചു ! വിവാദ പ്രസ്താവനയുമായി വീണ്ടും പുലിവാലു പിടിച്ച് നവ്‌ജ്യോത് സിംഗ് സിദ്ധു…

40ലധികം ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തതിനെതിരേ മുന്‍ ക്രിക്കറ്റ് താരവും നിലവില്‍ പഞ്ചാബ് മന്ത്രിയുമായ നവ് ജ്യോത് സിംഗ് സിദ്ധു.ഏതെങ്കിലൂം ഒരു ഭീകരസംഘടന നടത്തുന്ന ഭീരുത്വമായ പ്രവര്‍ത്തിക്ക് ഒരു രാജ്യത്തെ മുഴുവനും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് സിദ്ധു പറയുന്നത്.ഭീകരാക്രമണത്തെ രൂക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായി. ഇത് ഭീരുത്വപൂര്‍ണമായ ക്രൂരകൃത്യമാണ്. ഇതിനെ ശക്തമായി ഞാന്‍ അപലപിക്കുന്നു. ഇതിന് പിന്നില്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു രാജ്യത്തെ മുഴുവനായോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു വ്യക്തിയേയോ കുറ്റപ്പെടുത്താനാകുമോ സിദ്ധു ചോദിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണ് എന്നാണ് ഇന്നലത്തെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചത്. വലിയ തെറ്റാണ് പാകിസ്താന്‍ ചെയ്തിരിക്കുന്നതെന്നും അവര്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും മോദി പറഞ്ഞിരുന്നു. അതേസമയം പുല്‍വാമ ഭീകരാക്രണത്തെ അപലപിച്ചും തങ്ങള്‍ ഒരു പങ്കുമില്ലെന്ന് പറഞ്ഞും പാകിസ്താന്‍ രംഗത്തെത്തിയിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ്താരവുമായ ഇമ്രാന്‍ഖാനും സിദ്ധുവും നല്ല സുഹൃത്തുക്കളാണ്.

ഒരേ കാലത്ത് രണ്ടു രാജ്യത്തിനായി ക്രിക്കറ്റ് കളിച്ചിരുന്ന ഇരുവരും അതേ സൗഹൃദം ഇപ്പോഴും നില നിര്‍ത്തുന്നു. കഴിഞ്ഞ വര്‍ഷം ഇമ്രാന്‍ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത ചടങ്ങില്‍ സിദ്ധുവിനെ ക്ഷണിക്കുകയും അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കര്‍താപൂര്‍ സാഹിബ് കോറിഡോറുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കും ഉദ്ഘോടാനത്തിനുമെല്ലാം സിദ്ധു പാകിസ്താനില്‍ പോയി.

പുതിയ പ്രസ്താവനയൂടെ പേരില്‍ സിദ്ധുവിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സിദ്ധു പങ്കെടുക്കുന്ന, കൊമേഡിയന്‍ കപില്‍ ശര്‍മയുടെ ടിവി ഷോയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നു വരെയാണ് ആവശ്യം. നേരത്തേ പാക് കരസേന മേധാവി ഖമര്‍ ജാവേദ് ബജ്വയെ സിദ്ധു ആലിംഗനം ചെയ്തത് ബിജെപി വിവാദമാക്കിയിരുന്നു. അന്ന് സിദ്ധുവിനെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു

Related posts