
കോവിഡ് 19 ഭീതി കേരളത്തില്‍ വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് സര്‍ക്കാരും ജനങ്ങളും മുമ്പോട്ടു നീങ്ങുന്നനത്. പൊതുയിടങ്ങളില്‍ മാസ്കും സാനിറ്റൈസറുമൊക്കെ ഉപയോഗിക്കാന്‍ ജനം സൂക്ഷ്മത കാണിക്കുമ്പോള്‍ ചിലരുടെ പ്രവൃത്തികള്‍ കൊറോണ പ്രതിരോധത്തിന് കല്ലുകടിയാവുകയും ചെയ്യുന്നുണ്ട്. അത്തരമൊരു അനുഭവം വെളിപ്പെടുത്തുകയാണ് വനിതാ കണ്ടക്ടര്‍ വിനിതാ വിജയന്. ഫേസ്ബുക്കിലൂടെയാണ് വിനിത തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത്.
വിനിതാ വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…
പേഴ്സ് എടുത്തു, മടക്കി വച്ചിരിക്കുന്ന മൂന്നാല് നോട്ട് എടുത്തു. ‘ മാന്യമായി ‘ കൈ നാവിലേക്ക് നീട്ടി, തുപ്പല് തൊടീച്ച് കൂട്ടത്തില്‍ നിന്നും ഒരു നോട്ടിനെ എടുത്ത് എനിക്ക് നേരെ നീട്ടി. സത്യം പറയാമല്ലോ, വളരെ അധികം സങ്കടം തോന്നി.
കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വിനീത വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്.തത്കാലം നമുക്കവരെ എക്സ് എന്നും വൈ എന്നും വിളിക്കാം. മാന്യമായി വസ്ത്രം ഒക്കെ ധരിച്ച്, അധികം പ്രായമൊന്നുമില്ലാത്ത രണ്ട് പേര്. ചുമച്ചു കൊണ്ടാണ് കയറിയത്. അതുകൊണ്ട് തന്നെ ആവണം അവരെ ശ്രദ്ധിച്ചതും.
ഇടയ്ക്ക് ഒന്ന് രണ്ട് വട്ടം തുമ്മിയിരുന്നു. കയ്യില്‍ ഒരു കര്‍ച്ചീഫ് പോലും കരുതിയിട്ടില്ല. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മുഖം ഒന്ന് മറയ്ക്കുന്നുമില്ല… സത്യമായും ഒരു അരോചകത്വം തോന്നി. തിരിഞ്ഞ് നോക്കുന്ന യാത്രക്കാര്‍ക്കും തോന്നി എന്ന് കരുതാം…
‘രണ്ട് കോഴിക്കോട്…’ ടിക്കറ്റ് കീറി ഞാന്‍ അവര്‍ക്ക് നേരെ നീട്ടി.
പേഴ്സ് എടുത്തു, മടക്കി വച്ചിരിക്കുന്ന മൂന്നാല് നോട്ട് എടുത്തു.
‘ മാന്യമായി ‘ കൈ നാവിലേക്ക് നീട്ടി, തുപ്പല് തൊടീച്ച് കൂട്ടത്തില്‍ നിന്നും ഒരു നോട്ടിനെ എടുത്ത് എനിക്ക് നേരെ നീട്ടി.
സത്യം പറയാമല്ലോ, വളരെ അധികം സങ്കടം തോന്നി. ഒന്നും മിണ്ടാതെ, അത് വാങ്ങി ബാഗിലിട്ട്, ബാക്കിയും കൊടുത്ത് ഞാന്‍ സീറ്റിലേക്ക് നടന്നു. ഇവരൊക്കെ എന്താവോ ഇങ്ങനെ എന്ന് ചിന്തിക്കാതെ ഇരുന്നില്ല.
കുറച്ചു നേരം കഴിഞ്ഞ്, അവരുടെ സീറ്റിന് അരികിലൂടെ പോകുമ്പോള്‍ അവര്‍ ഫോണിലാണ്. അവധിക്കെത്തിയ ഇറ്റലിക്കാര്‍ കേരളത്തെ മൊത്തം അവധിയിലാഴ്ത്തി എന്ന ട്രോള്‍ ഒക്കെ പറഞ്ഞു ചിരിക്കുന്നുണ്ട്.
ഒപ്പം അവരുടെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് വാചാലം ആകുന്നുമുണ്ട്. ഇത് പറയാന്‍ അവര്‍ക്ക് ഒരു തരി പോലും അവകാശമുണ്ടോ എന്ന് ചുമ്മാ ചിന്തിച്ച് പോയതില്‍ തെറ്റ് പറയാന്‍ കഴിയില്ല.
കൂട്ടുകാരെ, നിങ്ങളുടെ യാത്രാവകാശങ്ങളെ ഏതും ഹനിക്കാതെ, ഈ ജാഗൃതാവസ്ഥയിലും നിങ്ങളോടൊപ്പം നില്ക്കുന്ന ഞങ്ങള്‍, ഉറപ്പായും കുറച്ചു കൂടെ കരുണ അര്‍ഹിക്കുന്നുണ്ട്. റാക്കും മെഷീനും വാങ്ങി വണ്ടിയില്‍ കയറി ആദ്യ ഡബിള്‍ ബെല്‍ കൊടുക്കുന്നത് മുതല്‍ എത്രയോ ആളുകളോടാണ് ഇടപഴകേണ്ടി വരുന്നതെന്ന് വെറുതെ ഒന്ന് ചിന്തിച്ച് നോക്കൂ.
ടിക്കറ്റിന്റെ പൈസ വാങ്ങുന്നത് മുതല്‍, നിങ്ങള്‍ക്കിടയിലൂടെ എത്ര തവണയാണ് ഞങ്ങള്‍ നടന്നു നീങ്ങുന്നത്. ഒരു ബസ് സ്റ്റേഷനില്‍ എത്തിയാല്‍ ആവട്ടെ, ഇറങ്ങി സമയം വയ്ക്കാന്‍ പോകുമ്പോള്‍ കണ്ട്രോള് ഷീറ്റിലും പേനയിലും എന്തിന് ആ മേശയില്‍ വരെ എത്ര എത്ര ആളുകള്‍ തൊട്ട് പോയിട്ടുണ്ടാകും. അവര്‍ പിന്നെയും എത്ര എത്ര യാത്രക്കാരുമായി ഇടപഴകേണ്ടിയും വരുന്നുണ്ടാകും.
ഒരിക്കലും, കയറുന്ന എല്ലാവരും രോഗ ബാധിതര്‍ ആണെന്നല്ല. പക്ഷേ, കരുതല്‍ എടുക്കേണ്ടത് നമ്മള് തന്നെയല്ലേ. ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്ന് തന്നെയാണ് ഞാനടക്കമുള്ള പല കെ എസ് ആര് ട്ടി സി ജോലിക്കാരും അവധി പോലുമെടുക്കാതെ ഈ സമയത്തും ജോലിക്ക് എത്തുന്നത്. വീട്ടിലിരിക്കുന്നവരുടെ ടെന്‍ഷനും പേടിയും മറന്നു ഞങ്ങളിറങ്ങി തിരിക്കുന്നത് തീര്‍ച്ചയായും നിങ്ങളെ കൂടി ഓര്‍ത്തിട്ട് തന്നെയാണ്.
സാനിറ്റൈസറോ മാസ്ക്കോ കിട്ടാനില്ല, ഉള്ളതിന് നല്ല വിലയുമുണ്ട്. ആ വില കൊടുത്ത് അത് വാങ്ങി ഉപയോഗിക്കാന്‍ കഴിയാത്തവര്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെന്ന സത്യവും നിങ്ങള്‍ അംഗീകരിക്കണം. ഇനി കിട്ടുന്നവര്‍ക്ക് ആകട്ടെ, ഈ ചൂടത്ത് ആറേഴ് മണിക്കൂര്‍ കണ്ടിന്യൂസ് ആയി ഇതിടുക ശ്രമകരമായ ഒരു ജോലിയുമാണ് (ശീലം ഇല്ലാത്തതുകൊണ്ടാവും).
ഇത്രയുമേറെ പരിമിതികള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയില്‍ നിന്ന് ഞങ്ങള്‍ ചെയ്യുന്ന ജോലിയെ നിങ്ങള്‍ മഹത്വവത്ക്കരിക്കുകയൊന്നും വേണ്ട. പക്ഷേ, കുറച്ചു കൂടെ കരുണ കാണിക്കണം.
ഒരു തൂവാല വച്ചെങ്കിലും മറച്ച് പിടിച്ച് ചുമയ്ക്കണം. ഈ ‘തുപ്പല്’ തേച്ചുള്ള പൈസ കൊടുപ്പ് ദയവ് ചെയ്ത് നിര്‍ത്തണം.നിങ്ങളെ പോലെ ഞങ്ങള്‍ക്കുമുണ്ട് വീട്ടില്‍, കാത്തിരിപ്പും നിറച്ച് കൊണ്ട് നോക്കി ഇരിക്കുന്ന കുഞ്ഞി കണ്ണുകള്‍… ഒന്നും വരുത്തല്ലെ ദൈവെ എന്ന് പ്രാര്‍ത്ഥിച്ചു മിടിക്കുന്ന അമ്മ/അച്ഛന് ഹൃദയങ്ങളും എല്ലാം… അതിലുപരി, നമ്മളിലൂടെ ആര്‍ക്കും ഒന്നും വരാതെ ഇരിക്കട്ടെ!
ഇനി പറയുന്നത് അധികൃതരോടാണ്…ഇത്രയും സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് കൂടി അറിവുള്ളതാണല്ലോ. ദയവ് ചെയ്ത് ജീവനക്കാര്‍ക്ക് കയ്യുറകളും മാസ്ക്കുമടക്കമുള്ള അത്യാവശ്യ പ്രതിരോധ സാധനങ്ങള്‍ നല്‍കുക. ഞങ്ങളിലൂടെ ആര്‍ക്കും ഒന്നും വരാതിരിക്കട്ടെ.. ഞങ്ങള്‍ക്ക് ആരും ഒന്നും തരാതെയുമിരിക്കട്ടെ!