മുംബൈ: ഭവന-വാഹന വായ്പകള്‍ അടക്കം എല്ലാ വായ്പകള്‍ക്കും പലിശ കുറയാന്‍ വഴിതെളിച്ച് റിസര്‍വ് ബാങ്ക് റീപോ നിരക്ക് കുറച്ചു. വാണിജ്യബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്കുന്ന അടിയന്തര ഹ്രസ്വകാല വായ്പയുടെ പലിശയായ റീപോ നിരക്ക് കാല്‍ ശതമാനമാണു കുറഞ്ഞത്. 6.75 ശതമാനത്തില്‍നിന്ന് 6.5 ശതമാനത്തിലേക്ക്.റീപോയും റിവേഴ്‌സ് റീപോയും തമ്മിലും റീപോയും ബാങ്ക് റേറ്റും തമ്മിലുമുള്ള അകലം ഒരു ശതമാനമായിരുന്നത് അര ശതമാനമായി കുറച്ചു. ഇതിനായി റിവേഴ്‌സ് റീപോ കാല്‍ ശതമാനം കൂട്ടി ആറു ശതമാനമാക്കി. ബാങ്ക് റേറ്റ് മുക്കാല്‍ ശതമാനം കുറച്ച് ഏഴു ശതമാനമാക്കി.
പുതിയ സാമ്പത്തികവര്‍ഷത്തിലെ ആദ്യ പണനയ അവലോകനത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജനാണ് ഇവ അറിയിച്ചത്. ബാങ്കുകളുടെ പണലഭ്യത വര്‍ധിപ്പിക്കാന്‍ പല നടപടികളും ഗവര്‍ണര്‍ പ്രഖ്യാപിച്ചു.ഈ സാമ്പത്തികവര്‍ഷം സാമ്പത്തിക (ജിഡിപി) വളര്‍ച്ച 7.6 ശതമാനം എന്ന മുന്‍ പ്രവചനത്തില്‍ ഗവര്‍ണര്‍ ഉറച്ചുനിന്നു. ഈ വര്‍ഷം നാണ്യപ്പെരുപ്പം (ചില്ലറവില) അഞ്ചു ശതമാനമാകും എന്നാണു വിലയിരുത്തല്‍. എന്നാല്‍, കാലവര്‍ഷം എങ്ങനെയാകും എന്നതു ഭക്ഷ്യവിലയെ ബാധിക്കും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവര്‍ധന രണ്ടുവര്‍ഷത്തേക്കു വിലക്കയറ്റത്തോത് ഒന്ന്-ഒന്നര ശതമാനം വര്‍ധിപ്പിക്കും. എന്നാല്‍, ശമ്പളവര്‍ധന ജിഡിപിയില്‍ 0.4 ശതമാനം വളര്‍ച്ചയ്ക്കും വഴിതെളിക്കും.
വാണിജ്യബാങ്കുകള്‍ പലിശ താഴ്ത്താന്‍ വേണ്ടത്ര ഉത്സാഹിക്കുന്നില്ലെന്നു ഗവര്‍ണര്‍ ഇന്നലെയും കുറ്റപ്പെടുത്തി.
ബാങ്കുകളിലെ വലിയ വായ്പാ കുടിശികക്കാരുടെ പേരു പരസ്യപ്പെടുത്തുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്നു ഡോ. രാജന്‍ പറഞ്ഞു. ബിസിനസുകളെ മരവിപ്പിക്കുന്ന നടപടിയാകും അത്. ഓരോ കുടിശികയുടെയും പശ്ചാത്തലം മനസിലാക്കാതെ പേരുകള്‍ പരസ്യപ്പെടുത്തുന്നതു ബിസിനസ് നടത്തിപ്പിനു ദോഷകരമാകും.
റിവേഴ്‌സ് റീപോ നിരക്കു കൂട്ടിയതു മിച്ച പണം റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കും. അതു പണവിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കും.
കാലവര്‍ഷം ചതിച്ചില്ലെങ്കില്‍ ഒരു തവണകൂടി റീപോ കുറയ്ക്കാന്‍ സാധ്യതയുള്ളതായി ആക്‌സിസ് ബാങ്ക് സീനിയര്‍ ഇക്കണോമിസ്റ്റ് സൗഗത ഭട്ടാചാര്യ പറഞ്ഞു.
പലിശ കുറച്ച് പണനയ അവലോകനം
ഇന്നലെ ചെയ്തത്
1. റീപോ നിരക്ക് കാല്‍ശതമാനം കുറച്ച് 6.5 ശതമാനമാക്കി.
2. റീപോയും മറ്റു നിരക്കുകളുമായുള്ള അകലം ഒരുശതമാനമായിരുന്നത് അരശതമാനമായി കുറച്ചു.
ഇതിനായി റിവേഴ്‌സ് റീപോ കാല്‍ശതമാനം കൂട്ടി ആറുശതമാനമാക്കി. ബാങ്ക്‌റേറ്റും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി (എംഎസ്എഫ്) നിരക്കും മുക്കാല്‍ ശതമാനം വീതം കുറച്ച് ഏഴു ശതമാനമാക്കി.
3. കരുതല്‍ പണ അനുപാതം നാലു ശതമാനത്തില്‍ തുടരും. എന്നാല്‍, പ്രതിദിനം ഇതിന്റെ 95 ശതമാനം സൂക്ഷിക്കണം എന്നതു 90 ശതമാനമാക്കി.
പലിശ കുറഞ്ഞാല്‍
റീപോ നിരക്കിലെ കാല്‍ശതമാനം കുറവ് ബാങ്കുകള്‍ ഭവന വായ്പാ പലിശയില്‍ വരുത്തിയാല്‍
എ: 10 ലക്ഷം രൂപയുടെ, 20 വര്‍ഷകാലാവധിയില്‍ 10.5 ശതമാനം പലിശയുള്ള ഭവന വായ്പയ്ക്കു കാല്‍ശതമാനം കുറയുകയും ഇഎംഐ കുറയ്ക്കാതിരിക്കുകയും ചെയ്താല്‍ 13 മാസം മുമ്പേ ബാധ്യത തീരും.
ബി. 40 ലക്ഷം രൂപയുടെ ഭവനവായ്പ. കാലാവധി 15 വര്‍ഷം. പലിശ 9.5 ശതമാനം. ഇഎംഐ 41,769 രൂപ. പലിശ കാല്‍ശതമാനം കുറഞ്ഞാല്‍ ഇഎംഎ 41168 രൂപ. ലാഭം പ്രതിമാസം 601 രൂപ.
സി. 40 ലക്ഷം രൂപ വായ്പ. കാലാവധി 15 വര്‍ഷം. പലിശ 9.5 ശതമാനം. കാല്‍ശതമാനം പലിശകുറഞ്ഞാല്‍ അടയ്‌ക്കേണ്ട തുകയില്‍ ലാഭം 1,08,180 രൂപ.
ഡി. 50 ലക്ഷം രൂപ വായ്പ. കാലാവധി 20 വര്‍ഷം. പലിശ 9.5 ശതമാനം. ഇഎംഐ 46,606 രൂപ. കാല്‍ശതമാനം കുറഞ്ഞാല്‍ ഇഎംഐ 45793 രൂപ. അടയ്‌ക്കേണ്ട തുകയിലെ കുറവ് 1,94,880 രൂപ.
റീപോ നിരക്ക്
ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍നിന്ന് അടിയന്തര ഹ്രസ്വകാല വായ്പ എടുക്കുമ്പോള്‍ ഈടാക്കുന്ന പലിശ
റിവേഴ്‌സ് റീപോ
ബാങ്കുകള്‍ മിച്ചം പണം റിസര്‍വ് ബാങ്കില്‍ സൂക്ഷിച്ചാല്‍ നല്കുന്ന പലിശ
ബാങ്ക് റേറ്റ്
റിസര്‍വ് ബാങ്കില്‍നിന്നു ഹ്രസ്വകാല വായ്പയെടുക്കുമ്പോള്‍ ഈടാക്കുന്ന പലിശ
കരുതല്‍ പണ അനുപാതം
ബാങ്കുകളിലെ നിക്ഷേപത്തിന്റെ ഒരു നിശ്ചിതഭാഗം റിസര്‍വ് ബാങ്കിലോ മറ്റു ബാങ്കുകളിലോ സൂക്ഷിച്ചിരിക്കണം എന്നുണ്ട്. ഇത് എത്രയാണെന്ന് ഈ അനുപാതം (സിആര്‍ആര്‍) നിര്‍ദേശിക്കുന്നു.