മുംബൈ: ഒരു മാസംകൊണ്ട് 1.6 കോടി വരിക്കാരെ നേടിയെന്ന അവകാശവാദവുമായി റിലയന്‍സ് ജിയോ ഇന്‍ഫോകോം. സെപ്റ്റംബറിലെ മാത്രം കണക്കാണിതെന്നും ഇത്രയധികം വരിക്കാരെ നേടുന്നതില്‍ ഇത് ലോകറിക്കാര്‍ഡാണെന്നും കമ്പനി അവകാശപ്പെട്ടു.
ലോകത്തിലെ ഏതൊരു ടെലികോം കമ്പനിയുടെയോ സ്റ്റാര്‍ട്ടപ്പിന്റെയോ നേട്ടത്തേക്കാളും മികച്ച നേട്ടമാണ് ജിയോയ്ക്കുള്ളതെന്ന് കമ്പനി ഞായറാഴ്ച പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്, സ്‌കൈപ് തുടങ്ങിയവയെ മറികടന്നെന്നും കമ്പനി പറയുന്നു. സെപ്റ്റംബര്‍ അഞ്ചിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ നിക്ഷേപകരുടെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു ചെയര്‍മാന്‍ മുകേഷ് അംബാനി ജിയോ അവതരിപ്പിച്ചത്.
പത്തു കോടി വരിക്കാരെ ചുരുങ്ങിയ നാളുകൊണ്ട് നേടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഡാറ്റയ്ക്ക് പ്രാധാന്യം നല്കിയുള്ള ജിയോയുടെ തുടക്കം. ഓഗസ്റ്റിലെ കണക്കനുസരിച്ച് വോഡഫോണിന് 20 കോടി, ഐഡിയയ്ക്ക് 17.7 കോടി, എയര്‍സെല്ലിന് 8.97 കോടി, ടെലിനോറിന് 5.32 കോടി, എടിഎന്‍എലിന് 36 ലക്ഷം വരിക്കാരാണുള്ളത്.