പേരോ ബാങ്ക് അക്കൗണ്ട് നമ്പറോ ഐഎഫ്എസ്സി കോഡോ ഒന്നും വേണ്ട. വാട്‌സാപ്പില്‍ മെസേജ് അയയ്ക്കുന്ന ലാഘവത്തോടെ പണം അയയ്ക്കാം. അക്കൗണ്ടുകളില്‍ അധിഷ്ഠിതമായിരുന്ന ബാങ്കിംഗ് സംവിധാനം ഇനി വര്‍ച്വല്‍ ഐഡിയുടെ രൂപത്തിലേക്കു മാറുകയാണ്.
വര്‍ച്വല്‍ അഡ്രസിലൂടെ പണം കൈമാറ്റം ചെയ്യാനുള്ള എന്‍പിസിഐ (നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ)യുടെ പുതിയ സംവിധാനമാണ് യുപിഐ അഥവാ യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ). സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചുള്ള മൊബൈല്‍ ബാങ്കിംഗ് എളുപ്പമാക്കുന്നതിനാണ് എന്‍പിസിഐ യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് രൂപികരിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ പ്രത്യേക താല്പര്യപ്രകാരമാണ് എന്‍പിസിഐ ഈ പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് ബാങ്കുകള്‍ക്ക് നല്‍കിത്തുടങ്ങി. തുടര്‍ന്ന് വിജയകരമാണ് എന്നു മനസിലാക്കിയ ശേഷമായിരുന്നു യുപിഐ സേവനം പൊതുജനങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്.
നിലവില്‍ 21 ബാങ്കുകളാണ് യുപിഐ പേമെന്റ് സര്‍വീസിന്റെ കീഴില്‍ വരുന്നത്. ഇതില്‍ 17 ബാങ്കുകള്‍ ഇപ്പോള്‍ തന്നെ യുപിഐയുടെ ആപ്പുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ള ബാങ്കുകളും ഉടന്‍ തന്നെ ഈ സൗകര്യം ലഭ്യമാക്കും.
വര്‍ച്വല്‍ പേമെന്റ് അഡ്രസ്
വിപിഐ അഥവാ വര്‍ച്വല്‍ പേമെന്റ് അഡ്രസിനെയാണ് വര്‍ച്വല്‍ ഐഡി എന്നുപറയുന്നത്. യുപിഐയിലെ ഇടപാടുകള്‍ നടക്കുന്നത് ഈ വര്‍ച്വല്‍ ഐഡിയെ അടിസ്ഥാനമാക്കിയാണ്. നമ്മള്‍ നല്‍കുന്ന പേരോ നമ്പറോ എന്തും നമ്മുടെ വര്‍ച്വല്‍ ഐഡിയാക്കാം. ഇതും ബാങ്കിന്റെ പേരും ചേരുന്നതായിരിക്കും നമ്മുടെ വര്‍ച്വല്‍ ഐഡി. നമ്മള്‍ നല്‍കുന്ന ഐഡി മറ്റൊരാള്‍ക്ക് ഒരിക്കലും ഉണ്ടായിരിക്കില്ല എന്നു സാരം. നമ്മുടെ മെയില്‍ അഡ്രസ് പോലെയായിരിക്കും ഇത്. ഒരാള്‍ക്ക് ഒരു അക്കൗണ്ടിനു കീഴില്‍ തന്നെ വിവിധ ഐഡികള്‍ നിര്‍മിക്കാം. വിവിധ ആവശ്യങ്ങള്‍ക്കായി ഈ ഐഡികള്‍ ഉപയോഗിക്കുകയും ചെയ്യാം. ആവശ്യം കഴിഞ്ഞാല്‍ വേണമെങ്കില്‍ ഐഡികള്‍ ഡിലീറ്റ് ചെയ്യാനും കഴിയും. ഇടപാടുകള്‍ക്കായി തെറ്റായ ഐഡിയാണ് നല്കുന്നതെങ്കില്‍ ഇടപാട് പൂര്‍ത്തിയാകില്ല. ചുരുക്കി പറഞ്ഞാല്‍ പണം പോകില്ലെന്നു സാരം.
ആപ്ലിക്കേഷന്‍ എവിടെ നിന്ന്
നിലവില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കായാണ് യുപിഐ ആപ്ലിക്കേഷനുകള്‍ നല്‍കിയിരിക്കുന്നത്. ഓരോ ബാങ്കിന്റെയും സൈറ്റുകളില്‍ നിന്നോ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നു നേരിട്ടോ യുപിഐയില്‍ ചേര്‍ന്ന വിവിധ ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. 17 ബാങ്കുകളുടെ യുപിഐ ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്. ഈ ബാങ്കുകളില്‍ ഏതിന്റെയെങ്കിലും യുപിഐ ആപ് ഡൗണ്‍ലോഡ് ചെയ്ത് യുപിഐ സേവനം നല്‍കുന്ന ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് ഇതിനെ ഉപയോഗിക്കാം.
ആപ്പ് ഏതു ബാങ്കിന്റെയാണെങ്കിലും പ്രശ്‌നമില്ല
ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെയും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതുപോലെ തന്നെയാണ് യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകളും. ഏതെങ്കിലും ബാങ്കിന്റെ യുപിഐ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഇടപാടുകള്‍ നടത്താം.
യുപിഐ സേവനത്തിന്റെ പരിധിയില്‍ വരുന്ന ബാങ്ക് അക്കൗണ്ട് ഉണ്ടാകണമെന്നു മാത്രം. ഉദാഹരണമായി നിങ്ങളുടെ അക്കൗണ്ട് ഓറിയന്റല്‍ ബാങ്കിലാണെന്നു കരുതുക. ഫെഡറല്‍ ബാങ്കിന്റെ യുപിഐ ആപ്പാണ് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയതത്. ഈ ആപ്പിലൂടെ തന്നെ നിങ്ങള്‍ക്ക് ഓറിയന്റല്‍ ബാങ്ക് അക്കൗണ്ടിനെ ബന്ധപ്പെടുത്തി വര്‍ച്വല്‍ ഐഡി ഉണ്ടാക്കി ഇടപാടുകള്‍ നടത്താം. ആപ്പ് ഫെഡറല്‍ ബാങ്കിന്റെയാണെങ്കിലും ഇടപാടുകള്‍ നടക്കുന്നത് നിങ്ങളുടെ ഓറിയന്റല്‍ ബാങ്ക് അക്കൗണ്ടിലായിരിക്കും.
യുപിഐയുടെ പ്രത്യേകത
വര്‍ച്വല്‍ ഐഡന്റിറ്റി കോഡ് അല്ലാതെ മറ്റൊന്നും ഇടപാടുകള്‍ക്കായി വേണ്ട എന്നതാണ് യുപിഐയുടെ ഏറ്റവും വലിയ പ്രത്യേകത. അതായത് കാര്യമായ വള്ളിക്കെട്ടുകളൊന്നുമില്ലാതെ വാട്‌സാപ്പില്‍ മെസേജ് അയക്കുന്നതുപോലെ പണമയയ്ക്കാം.
ബാങ്ക് അക്കൗണ്ടും മറ്റു വിവരങ്ങളും വര്‍ച്വല്‍ കോഡിന്റെ രൂപത്തിലേക്കു മാറുകയാണ് ഈ യുപിഐ പേമെന്റ് സിസ്റ്റത്തിലൂടെ. നിലവില്‍ എന്‍ഇഎഫ്ടി (നാഷനല്‍ ഇലകട്രോണിക്‌സ് ഫണ്ട് ട്രാന്‍സ്ഫര്‍) ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ്) രീതികളിലാണ് മൊബൈല്‍ ബാങ്കിംഗ് മേഖലയില്‍ നടന്നുകൊണ്ടിരുന്നത്. യുപിഐയില്‍ ഈ കാര്യങ്ങള്‍ ലഘൂകരിച്ച് കൂടുതല്‍ കാര്യക്ഷമതയോടെ നമുക്ക് ഇടപാടുകള്‍ നടത്താം.
പ്രതിദിനം ഒരു ലക്ഷം രൂപയുടെ ഇടപാടുകള്‍ വരെ നടത്താനാണ് യുപിഐ സംവിധാനം അനുവദിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും യുപിഐയുടെ സേവനം ലഭ്യമാണ്. പൊതു അവധി ദിവസമാണെങ്കിലും യുപിഐ പണിമുടക്കില്ല. ഇടപാടുകള്‍ സുഗമമായി നടത്താം.
ഉയര്‍ന്ന രീതിയിലുള്ള എന്‍ക്രിപ്റ്റഡ് ഫോര്‍മാറ്റിലാണ് യുപിഐ തയാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ എറ്റവും മികച്ച സുരക്ഷയാണ് ഓരോ ഇടപാടുകള്‍ക്കും ലഭിക്കുകയെന്ന് എന്‍പിസിഐ ഉറപ്പുനല്‍കുന്നു.
നിലവില്‍ പ്രത്യേക ചാര്‍ജുകളൊന്നും തന്നെ യുപിഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്നില്ല.
യുപിഐ സേവനം തുടങ്ങിക്കഴിഞ്ഞ ബാങ്കുകളും ആപ്ലിക്കേഷനും
* സൗത്ത് ഇന്ത്യന്‍ ബാങ്ക്
എസ്‌ഐബി എം പേ (യുപിഐ പേ)
* ഫെഡറല്‍ ബാങ്ക്
ലോട്‌സ യുപിഐ
* യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ–
യൂണിയന്‍ ബാങ്ക് യുപിഐ ആപ്പ്
* കാത്തലിക് സിറിയന്‍ ബാങ്ക്
സിഎസ്ബി യുപിഐ
* കാനറാ ബാങ്ക്
കാനറാ ബാങ്ക് യുപിഐ എംപവര്‍
* പഞ്ചാബ് നാഷ്ണല്‍ ബാങ്ക്
പിഎന്‍ബി യുപിഐ
* ഐസിഐസിഐ ബാങ്ക്–പോക്കറ്റ്‌സ്
* വിജയ ബാങ്ക്–വിജയ യുപിഐ
* ആന്ധ്രാ ബാങ്ക്
ആന്ധ്ര ബാങ്ക് വണ്‍ യുപിഐ
* ആക്‌സിസ് ബാങ്ക് – ആക്‌സിസ് പേ
* ബാങ്ക് ഓഫ് മഹാരാഷ്ര്ട
മഹാ യുപിഐ
* ഡിസിബി ബാങ്ക്
ഡിസിബി ബാങ്ക് യുപിഐ ആപ്പ്
* കര്‍ണാടക ബാങ്ക്
കെബിഎല്‍ സ്മാര്‍ട്ട്‌സ് (യുപിഐ)
* യുക്കോ ബാങ്ക്– യൂക്കോ യുപിഐ
* യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
യുണൈറ്റഡ് യുപിഐ
* ടിജെഎസ്ബി സഹകാരി ബാങ്ക് ലിമിറ്റഡ്
ട്രാന്‍സാപ്പ് യുപിഐ
* ഭാരതീയ മഹിള ബാങ്ക്
* ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്
* യെസ് ബാങ്ക്
എങ്ങനെ ഉപയോഗിക്കാം
1. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക
നിലവില്‍ യുപിഐ ആപ്പ് സേവനം നല്‍കുന്ന ഏതെങ്കിലും ബാങ്കിന്റെ ആപ്പ് സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്ക് യുപിഐ സേവനം നല്‍കുന്നുണ്ടോ എന്നു നോക്കുക. യുപിഐ സേവനം ലഭ്യമായ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഏതു ബാങ്കിന്റെയും യുപിഐ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ഗൂഗിളില്‍ പ്ലേസ്‌റ്റോറില്‍ നിന്നോ ഓരോ ബാങ്കുകളുടെയും സൈറ്റില്‍ നിന്ന് നേരിട്ടോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
2. ആപ്പ് ലോഗിന്‍
യുപിഐ ആപ്പ് തുറക്കുമ്പോള്‍ തന്നെ ഓട്ടോമാറ്റിക്കായി നിങ്ങളുടെ മൊബൈലില്‍ നിന്നും വെരിഫിക്കേഷന്‍ എസ്എംസ് പോകും. അതുവഴി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ തിരിച്ചറിയും. ഇങ്ങനെ ആപ്ലിക്കേഷന്‍ തുറക്കും.
3. വര്‍ച്വല്‍ ഐഡി ഉണ്ടാക്കാം
അടുത്തതായി വരുന്ന സ്ക്രീനില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഒരു വര്‍ച്വല്‍ ഐഡി ഉണ്ടാക്കുക എന്നതാണ്. നിങ്ങളുടെ പേരോ മറ്റെന്തെങ്കിലുമോ ഇതിനു ഐഡിയായി നല്‍കാം. ഇ–മെയില്‍ വിലാസത്തിനു സമാനമായ ഒരു ഐഡിയാണിത്.
അതായത് നിങ്ങള്‍ ക്രിയേറ്റ് ചെയ്യുന്ന ഐഡി മറ്റൊരാള്‍ക്കും ഉണ്ടായിരിക്കില്ല. ഉദാഹരണമായി കസ്റ്റമറുടെ പേര് ലിന്‍ഡ എന്നും സേവനം നല്‍കുന്ന ബാങ്കിന്റെ പേര് ഫെഡറല്‍ ബാങ്കും ആണെന്നു കരുതുക. നിങ്ങള്‍ വര്‍ച്വല്‍ ഐഡിക്കായി നല്‍കിയ പേരും ലിന്‍ഡ എന്നാണെങ്കില്‍ ലിന്‍ഡ*ഫെഡറല്‍ എന്നായിരിക്കും വര്‍ച്വല്‍ ഐഡി (ഐഡി ഇഷ്ടമുള്ള രീതിയിലേക്കു മാറ്റാം). ഒരാള്‍ക്ക് ഒരു അക്കൗണ്ടിനു കീഴില്‍ തന്നെ വിവിധ ഐഡികള്‍ നിര്‍മിക്കാം. വിവിധ ആവശ്യങ്ങള്‍ക്കായി ഈ ഐഡികള്‍ ഉപയോഗിക്കുകയും ചെയ്യാം. ആവശ്യം കഴിഞ്ഞാല്‍ വേണമെങ്കില്‍ ഐഡികള്‍ ഡിലീറ്റ് ചെയ്യാനും കഴിയും.
4. പാസ്വേര്‍ഡ് നിര്‍മിക്കുക
യുപിഐ ആപ്ലിക്കേഷന് ഒരു പാസ്വേര്‍ഡ് നിര്‍മിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. രണ്ട് അക്കങ്ങളും ഒരു ഇംഗ്ലീഷ് ക്യാപിറ്റല്‍ ലെറ്ററും നമ്പര്‍ സൈനും ചേരുന്നതായിരിക്കണം പാസ്വേര്‍ഡ്.
5. ബാങ്ക് അക്കൗണ്ട് ചേര്‍ക്കുക
യുപിഐ സംവിധാനം ആക്ടീവ് ആയാല്‍ ബാങ്കുകളുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാം. ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ചേര്‍ക്കാന്‍ കഴിയുന്നതിലൂടെ ഇവ ഒരേ സമയം ഒരു ആപ്പ് വഴി ഉപയോഗിക്കാന്‍ കഴിയും. അക്കൗണ്ട് വിവരങ്ങള്‍ ഒരിക്കല്‍ മാത്രം നല്‍കിയാല്‍ മതിയാകും.
6. എംപിന്‍
ആപ്പ് ലോഗിന്‍ ചെയ്യാനുള്ള പാസ്വേഡിനു പുറമേ ഇടപാടുകള്‍ നടത്തുമ്പോള്‍ സുരക്ഷയ്ക്കായി നല്‍കുന്ന മറ്റൊരു പാസ്വേര്‍
ഡിനെയാണ് എംപിന്‍ (മൊബൈല്‍ പിന്‍) എന്നുപറയുന്നത്. ഇത്തരത്തില്‍ ഒരു പാസ്വേര്‍ഡ് കൂടി നിര്‍മിക്കുക. ഓരോ ട്രാന്‍സാക്ഷനും ഈ എംപിഎന്‍ നല്‍കിയാല്‍ മാത്രമേ പൂര്‍ത്തിയാവുകയുള്ളു. ഇത്രയും നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ആരുടെയും ഐഡിയിലേക്കു പണമയയ്ക്കാനും വാങ്ങാനും കഴിയും.
–മനീഷ് മാത്യു