വില കുറയ്ക്കുമെന്ന് ഊഹം; രൂപ താണു

ruppesമുംബൈ: രൂപയുടെ വിനിമയനിരക്ക് കുറയ്ക്കാന്‍ വാണിജ്യമന്ത്രാലയം നിര്‍ബന്ധിക്കുന്നു എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നു രൂപയ്ക്കു വില താണു. ഡോളറിന് 13 പൈസ കയറി 67.02 രൂപയായി. രാവിലെ 66.82 രൂപയായിരുന്നു ഡോളറിന്. അതിനു ശേഷമാണു രൂപയുടെ വിനിമയ നിരക്കു താഴ്ത്താനാവശ്യപ്പെട്ടു വാണിജ്യമന്ത്രാലയം കാബിനറ്റ് നോട്ട് തയാറാക്കി എന്ന റിപ്പോര്‍ട്ട് വന്നത്. ഇതോടെ 67.07 രൂപയിലേക്കു ഡോളര്‍ കയറി. ബുധനാഴ്ച 66.89 രൂപയായിരുന്നു ഡോളറിന്. കഴിഞ്ഞയാഴ്ചതന്നെ രൂപ സാവധാനം താഴോട്ടു പോരുകയായിരുന്നു.

വാണിജ്യമന്ത്രാലയത്തിന്റെ കുറിപ്പു സംബന്ധിച്ച വാര്‍ത്ത വന്നു താമസിയാതെ സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് രൂപയുടെ മൂല്യം കുറയ്ക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കി. രൂപയുടെ വിനിമയനിരക്ക് പൂര്‍ണമായും കമ്പോളത്തിനു വിട്ടിരിക്കുകയാണ്. ആ നയം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല- ദാസ് പറഞ്ഞു. പിന്നീടാണു രൂപ അല്പം മെച്ചപ്പെട്ടത്.

ധനമന്ത്രാലയത്തിലെ സെക്രട്ടറി നിഷേധിച്ചെങ്കിലും കമ്പോളം രൂപയെപ്പറ്റി നല്ല അഭിപ്രായത്തിലല്ല. രൂപ കുറേക്കൂടി താഴോട്ടു പോകുമെന്നാണു പ്രചാരണം. അടുത്ത മൂന്നുമാസംകൊണ്ടു വിദേശ ഇന്ത്യക്കാരുടെ 2500 കോടി ഡോളര്‍ നിക്ഷേപം തിരിച്ചുകൊടുക്കേണ്ടതുണ്ട്. അതു രൂപയെ ചെറിയ തോതില്‍ ബാധിക്കുമെന്നാണു പ്രചാരം.

റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുകയും അമേരിക്ക പലിശ കൂട്ടുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യയില്‍നിന്നു വിദേശനിക്ഷേപം പിന്‍വലിക്കല്‍ വര്‍ധിക്കുമെന്നു ഭീതിയുണ്ട്. അതും രൂപയ്ക്കു ക്ഷീണമാകും.

കയറ്റുമതി വര്‍ധിപ്പിക്കാന്‍ രൂപയുടെ വിനിമയനിരക്കു താഴ്ത്തി നിര്‍ത്തണം എന്നാണു വാണിജ്യമന്ത്രാലയം ആവശ്യപ്പെട്ടത്. വാണിജ്യം മാനദണ്ഡമാക്കിയാല്‍ രൂപയ്ക്ക് ഇപ്പോള്‍ നിരക്കു കൂടുതലാണെന്നു മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. മറ്റു വികസ്വര രാജ്യങ്ങള്‍ അവരുടെ കറന്‍സികള്‍ താഴ്ത്തിനിര്‍ത്തുകയാണ്. ഇന്ത്യന്‍ രൂപ കയറിനില്‍ക്കുന്നതുമൂലം കയറ്റുമതി വര്‍ധിക്കുന്നില്ല. ചൈന, ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ കറന്‍സിനിരക്കു താഴ്ത്തി കയറ്റുമതി വിപണിയില്‍ നേട്ടമുണ്ടാക്കുന്നു.

കയറ്റുമതി വ്യവസായികളുടെ സംഘടനയും രൂപയുടെ നിരക്കു കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രൂപയുടെ മൂല്യം കുറച്ചാല്‍ വിലക്കയറ്റം കൂടും എന്നതു ഗവണ്‍മെന്റിനെ അലട്ടുന്ന പ്രശ്‌നമാണ്. ഐടി മേഖലയിലടക്കം ഹ്രസ്വ-മധ്യകാല കരാറുകള്‍ ഉണ്ടാക്കിയിട്ടുള്ള കമ്പനികള്‍ക്കും മൂല്യശോഷണം തിരിച്ചടിയാകും. കമ്പോളം നിരക്കു നിശ്ചയിക്കുന്നതിനു പകരം സര്‍ക്കാര്‍ നിരക്കു തീരുമാനിക്കുന്നതു വിദേശ നിക്ഷേപകരെയും അലോസരപ്പെടുത്തും.

Related posts